13 July 2023 3:00 PM GMT
ആമസോണിൽ 50900 രൂപയുടെ ആപ്പിൾ വാച്ച് ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് 2000 രൂപയുടെ വ്യാജ വാച്ച്
MyFin Desk
Summary
- സനയ എന്ന യുവതിയാണ് ട്വിറ്ററിൽ അനുഭവം പങ്കു വെച്ചത്
- യുവതിയെ വിളിച്ച് അന്വേഷണത്തിന് സമയം ചോദിച്ച് ആമസോൺ
- ഇ കോമേഴ്‌സ് മേഖലയിൽ സമാനമായ ഒട്ടേറെ സംഭവങ്ങൾ
ഇ കോമേഴ്‌സ് മേഖലയിൽ ഡെലിവറി തട്ടിപ്പുകൾ തുടർക്കഥയാവുന്നു. ആമസോണിൽ നിന്ന് 50,900 രൂപ വിലയുള്ള ആപ്പിൾ വാച്ച് ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് വെറും 2000 രൂപയുടെ വ്യാജ വാച്ച്.
സനയ എന്ന് പേരുള്ള യുവതി ട്വിറ്ററിലൂടെയാണ് സംഭവം വിവരിക്കുന്നത് . ജൂലൈ 8 ന് ആമസോൺ ഇന്ത്യയിൽ നിന്ന് ആപ്പിൾ വാച്ച് സീരീസ് 8 ഓർഡർ ചെയ്തതായി യുവതി പറയുന്നു. എന്നാൽ അടുത്ത ദിവസംവെറും 2000 രൂപ വിലയുള്ള വ്യാജ' ഫിറ്റ് ലൈഫ് ' വാച്ച് യുവതിക്ക് ലഭിച്ചു.
സനയയുടെ പോസ്റ്റിനോട് പ്രതികരിച്ച ആമസോൺ ഹെൽപ്പ് ട്വിറ്റർ അക്കൗണ്ട് അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ഓർഡർ വിശദാംശങ്ങൾ ഡിഎം വഴി അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ജൂലൈ 11 ന് ആണ് സനയ ട്വീറ്റ് ആദ്യമായി പങ്കുവെച്ചത്. മറ്റൊരു പോസ്റ്റിൽ, സനയ പുതിയ അപ്‌ഡേറ്റ് പങ്കിടുന്നു, “ട്വീറ്റ് വന്നിട്ട് 24 മണിക്കൂറിലധികം കഴിഞ്ഞു, എനിക്ക് വ്യാജ വാച്ച് ലഭിച്ചിട്ട് മൂന്ന് ദിവസമായി. സഹായത്തിനായി ഞാൻ @AmazonHelp-നെ സമീപിച്ചു, പക്ഷേ നിർഭാഗ്യവശാൽ, അവർ സഹായിച്ചില്ല, ഒരു പിന്തുണയും നൽകാൻ അവർ തയ്യാറല്ല."
എന്നാൽ പിന്നീട് ആമസോണിൽ നിന്ന് യുവതിയെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷണത്തിനായി 5 ദിവസത്തെ സമയം ചോദിച്ചെന്നും യുവതി ട്വിറ്റർ പോസ്റ്റിൽ അപ്ഡേറ്റ് പങ്കിട്ടിട്ടുണ്ട്
ഓൺലൈൻ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡെലിവറി തട്ടിപ്പുകളിൽ ഇതാദ്യത്തെ സംഭവമല്ല. സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സനയയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ ഒന്നിലധികം ഉപയോക്താക്കൾ സമാന അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്
ആമസോണിന്റെ വാർഷിക പ്രൈം ഡേ വിൽപ്പന ജൂലൈ 15-ന് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കർശനമായ സൂക്ഷ്മപരിശോധനയുടെയും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെയും ആവശ്യമുണ്ട്