30 Jun 2023 9:21 AM
Summary
- തുടര്‍ച്ചയായ രണ്ടാം മാസമാണ് 10 ദശലക്ഷം പിന്നിടുന്നത്
- 2021 ഒക്ടോബറിലാണ് ഈ സംവിധാനം ലോഞ്ച് ചെയ്തത്
- ഇപ്പോള്‍ 47 സ്ഥാപനങ്ങള്‍ ഉപയോഗിച്ചു വരുന്നു
സര്‍വീസുകള്‍ ഡെലിവറി ചെയ്യുന്നിനായി അഥവാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധാര്‍ അടിസ്ഥാനമാക്കിയ ഫേസ് റെക്കഗ്‌നിഷന് വന്‍ സ്വീകാര്യത ലഭിക്കുന്നു. മെയ് മാസത്തിലെ പ്രതിമാസ ഇടപാടുകള്‍ എക്കാലത്തെയും ഉയര്‍ന്ന 10.6 ദശലക്ഷത്തിലെത്തി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാഫ് അറ്റന്‍ഡന്‍സ്, ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിനൊക്കെ ഈ സംവിധാനം ഇപ്പോള്‍ ഉപയോഗിച്ചു വരികയാണ്.
ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് ഫേസ് റെക്കഗ്‌നിഷന്‍ അടിസ്ഥാനമാക്കിയ സര്‍വീസ് ഡെലിവറി 10 ദശലക്ഷം പിന്നിടുന്നത്.
ഫേസ് റെക്കഗ്‌നിഷന്‍ ഇടപാടുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 2023 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇത്തരത്തിലുള്ള ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ് മാസത്തില്‍ 38 ശതമാനം വര്‍ധിച്ചു. ഈ കണക്കുകള്‍ ആധാര്‍ അധിഷ്ഠിത ഫേസ് റെക്കഗ്‌നിഷന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെയാണു സൂചിപ്പിക്കുന്നത്. ഈ സംവിധാനം 2021 ഒക്ടോബറിലാണ് ലോഞ്ച് ചെയ്തത്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയ ഫേസ് റെക്കഗ്‌നിഷന്‍ ഇപ്പോള്‍ 47 സ്ഥാപനങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും ചില ബാങ്കുകളും ഉള്‍പ്പെടുന്നു.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ സംവിധാനം ഉപയോഗിച്ചുവരുന്നു.
പിഎം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ആധികാരികത ഉറപ്പാക്കുന്നതിനും പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്ന് സ്വന്തമായി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.