16 April 2025 9:56 AM IST
Summary
- യുഎസിലേക്ക് കയറ്റി അയച്ചത് 600 ടണ്‍ ഐഫോണുകള്‍ എന്ന് കണക്കുകള്‍
- ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിച്ചു
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ മറികടക്കാന്‍ ആപ്പിള്‍ ഇന്ത്യയില്‍നിന്ന് എയര്‍ലിഫ്റ്റ് ചെയ്തത് ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍. ഇന്ത്യയിലെ പ്രധാന വിതരണക്കാരായ ഫോക്സ്‌കോണിന്റെയും ടാറ്റയുടെയും പക്കല്‍ നിന്നാണ് ഫോണുകള്‍ കയറ്റി അയച്ചതെന്ന് കസ്റ്റംസ് ഡാറ്റ കാണിക്കുന്നു.
ട്രംപിന്റെ താരിഫുകള്‍ ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്ക കണക്കിലെടുത്ത്, തങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നില്‍ മതിയായ ഇന്‍വെന്ററി ഉറപ്പാക്കാന്‍, ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിച്ചു. കൂടാതെ ചാര്‍ട്ടേഡ് കാര്‍ഗോ വിമാനങ്ങളിലൂടെ 600 ടണ്‍ ഐഫോണുകള്‍ അമേരിക്കയിലേക്ക് എത്തിച്ചു.
ഏപ്രിലില്‍ യുഎസ് ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം തീരുവ ചുമത്തിയിരുന്നു.അതിനുശേഷം ട്രംപ് ചൈന ഒഴികെയുള്ള മിക്ക തീരുവകളും മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന വിതരണക്കാരായ ഫോക്സ്‌കോണ്‍ മാര്‍ച്ചില്‍ 1.31 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്തു. ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കും ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മൊത്തം കയറ്റുമതിക്ക് തുല്യവുമാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതില്‍ ആപ്പിള്‍ ഐഫോണ്‍ 13, 14, 16, 16ല മോഡലുകളും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഫോക്സ്‌കോണിന്റെ മൊത്തം കയറ്റുമതി 5.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ടാറ്റ ഇലക്ട്രോണിക്സിന്റെ കയറ്റുമതി മാര്‍ച്ചില്‍ 612 മില്യണ്‍ ഡോളറായിരുന്നു.മുന്‍ മാസത്തേക്കാള്‍ ഏകദേശം 63 ശതമാനം കൂടുതലാണിത്. ഇതില്‍ ഐഫോണ്‍ 15, 16 മോഡലുകളും ഉള്‍പ്പെടുന്നു.
ചൈനയില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കും മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഉയര്‍ന്ന തീരുവയില്‍ നിന്ന് ഒഴിവാക്കലുകള്‍ ട്രംപ് പിന്നീട് അനുവദിച്ചു. എന്നാല്‍ പിന്നീട് ആ ഇളവുകള്‍ ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.