30 May 2023 12:03 PM GMT
Summary
- വെറും 9മാസങ്ങൾ കൊണ്ട് 100 നോവലുകൾ
- ചാറ്റ്ജിപിടി, ആന്ത്രോപിക്സ് ക്ലോഡ് തുടങ്ങിയ എ ഐ ടൂളുകൾ ഉപയോഗിച്ചു
- 500 കോപ്പികൾ വിറ്റഴിച്ച് 2000 ഡോളർ വരുമാനം
ഒരു പുസ്തകം എഴുതുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?പക്ഷെ എഴുതാൻ ഉള്ള കഴിവുണ്ടെങ്കിലും തിരക്ക് പിടിച്ച ലോകത്ത് സമയമാണ് ഭൂരിഭാഗം പേരുടെയും പ്രശ്നം. എന്നാൽ ചാറ്റ് ജിപിടി വന്നതോട്കൂടി സമയവും ഒരു പ്രശ്നമല്ലാതായിരിക്കുന്നു.ക്രിയാത്മകതയും ഉല്പാദനക്ഷമതയും ഉപയോഗപ്പെടുത്തി പുസ്തകങ്ങൾ ഉണ്ടാക്കി വളരെ കുറഞ്ഞ സമയം കൊണ്ട് വലിയ വരുമാനം ഉണ്ടാക്കിയ എഴുത്തുകാരൻ.
9 മാസം,100 കഥകൾ
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെറും 9മാസങ്ങൾ കൊണ്ട് 100 നോവലുകൾ എഴുതി അമേരിക്കക്കാരനായ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ ടിം ബൗച്ചർ പുതിയ സാദ്ധ്യതകൾ തുറക്കുന്നു.ചാറ്റ്ജിപിടി, ആന്ത്രോപിക്സ് ക്ലോഡ് തുടങ്ങിയ എ ഐ ടൂളുകളുടെ സഹായത്തോടെ, ടിം ബൗച്ചർ ചിത്രങ്ങൾ സഹിതം 100 ഓളം നോവലുകൾ സൃഷ്ടിച്ചിരിക്കുന്നു.ബൗച്ചർ ഈ പുസ്‌തകങ്ങളെ "AI ലോർ സീരീസ്" എന്ന് വിളിക്കുകയും മനുഷ്യന്റെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് തെളിയിക്കുകയും ചെയ്തു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങളും നീണ്ട വാചകങ്ങളും സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞു.അദ്ദേഹത്തിന്റെ ഓരോപുസ്തകങ്ങളും 5000 വാക്കുകളും ഡസൻ കണക്കിന് ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ്.ബ്രെയിൻ സ്റ്റോമിങ്ങിനും എഴുത്തിനും വേണ്ടി ചാറ്റ് ജി പി ടി - 4 സാങ്കേതിക വിദ്യയും ചിത്രങ്ങൾ ഉണ്ടാക്കാൻ വേണ്ടി 'മിഡ് ജേർണിയും 'ആണ് ഉപയോഗിച്ചത്.
കുറഞ്ഞ സമയം കൊണ്ട് 2000 ഡോളർ വരുമാനം
രാത്രിയും പകലുമില്ലാതെ മാസങ്ങളോളം ചെലവഴിച്ചാണ് മുൻപ് എഴുത്തുകാർ പുസ്തകങ്ങലും മറ്റും എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യ ഇതിനെയെല്ലാം എളുപ്പമാക്കി.
2022 ഓഗസ്റ്റിലാണ് കഥകൾ ഉണ്ടാക്കാനുള്ള ശ്രമം ടിം ആരംഭിച്ചത്.മണിക്കൂറുകൾ കൊണ്ട് ഓരോ പുസ്തകത്തിന്റെയും എഴുത്തുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വെറും 3 മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കിയ പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ട്.ഈ വർഷം മെയ് ആവുമ്പോഴേക്കും 500 കോപ്പികൾ വിറ്റഴിച്ച് 2000 ഡോളർ വരുമാനം നേടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മനുഷ്യനെ പല മേഖലകളിൽ നിന്നും ഇല്ലാതാക്കാൻ കഴിയുമെന്ന വാദം നിലനിൽക്കുമ്പോൾ ഇതിനെ മനുഷ്യന്റെ ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ശക്തമായ ഒരു ഉപകരണമായി പ്രവർത്തിക്കുമെന്ന് ടിം ബൗച്ചർ പറയുന്നു.