20 Dec 2022 6:15 AM GMT
Summary
- കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ് പുരസ്‌കാരം സമ്മാനിച്ചു
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാന്റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെ ആദ്യപതിപ്പില്‍ പ്രൊഫേസ് ടെക്‌നോളജീസ് വിജയികളായി. കൊച്ചി ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ് പുരസ്‌കാരം സമ്മാനിച്ചു.
സംസ്ഥാന ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഡയറക്ടര്‍ ശിവരാജ് രാമനാഥന്‍, കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജര്‍ സൂര്യ തങ്കം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇരുപത് കോടി രൂപയില്‍ താഴെ ബിസിനസ്സ് മൂല്യമുള്ള പുതിയ ബിസിനസ്സ് സംരംഭങ്ങളാണ് മത്സരത്തില്‍ പങ്കാളികളായത്. രാജീവന്‍ തോപ്പില്‍ വൈശാഖും ലക്ഷ്മി ദാസും ചേര്‍ന്ന് 2019 ലാണ് സ്റ്റാര്‍ട്ടപ്പിനു തുടക്കമിട്ടത്. 'പ്രൊഫേസ്' ഹാക്കിംഗില്‍ നിന്ന് വെബ് സുരക്ഷ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുക്കളില്‍ ഒന്നാണിത്.
എന്‍വൈ ക്വസ്റ്റ് ഇന്നവേഷന്‍ ലാബ്‌സ് 25 ലക്ഷം രൂപയുടെ സീഡ് ലോണിന്റെ രണ്ടാം സമ്മാനം നേടി. വിനോദ് ഗോപാലും ഹര്‍ഷ് മോഹനും ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. ഏത് യുപിഎസിനെയും സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കുകയും അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമമായ ഊര്‍ജ്ജ മാനേജ്‌മെന്റിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 'ഐക്കണ്‍' ആണ് ഇവരുടെ ഉത്പന്നം.
ആദ്യ ഘട്ട മത്സരത്തിനായി 21 അപേക്ഷകളാണ് കെഎസ് യുഎമ്മിന് ലഭിച്ചത്. ഇതില്‍ ഏഴ് പേരാണ് 'ഹഡില്‍ ഗ്ലോബല്‍ 2022' ന്റെ അവസാന ദിനത്തില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചത്. എന്‍വൈ ക്വസ്റ്റ് ഇന്നവേഷന്‍ ലാബ്‌സ്, പ്രൊഫേസ് ടെക്‌നോളജീസ്, ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്‌സ്, വെല്‍ബീയിംഗ് സ്റ്റുഡിയോസ്, അസ്‌ട്രെക് ഇന്നവേഷന്‍സ്, എഫ്ടിഎല്‍ ടെക്‌നോളജി സിസ്റ്റംസ്, ബാഗ്മോ എന്നിവയാണ് പങ്കെടുത്ത ടീമുകള്‍.
സര്‍ക്കാരിന്റെ ഇന്നവേഷന്‍ ഗ്രാന്റ് സ്‌കീമിന് കീഴില്‍ 23 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായവും കെഎസ് യുഎം പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും നൂതന ആശയങ്ങള്‍ സമ്പൂര്‍ണ സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന 2022-23 ലെ ഇന്നൊവേഷന്‍ ഗ്രാന്റിനായി കെഎസ് യുഎമ്മിന് 859 അപേക്ഷകള്‍ ലഭിച്ചിരുന്നു.
ഐഡിയ ഗ്രാന്റ് (3 ലക്ഷം രൂപ വരെ), പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ് (7 ലക്ഷം രൂപ), സ്ത്രീകള്‍ക്കുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ് (12 ലക്ഷം രൂപ), മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ് (10 ലക്ഷം രൂപ), സ്‌കെയില്‍-അപ്പ് ഗ്രാന്റ് (15 ലക്ഷം രൂപ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഇന്നൊവേഷന്‍ ഗ്രാന്റ് നല്‍കിയത്.