image

21 Sep 2022 10:21 PM GMT

Stock Market Updates

പവലിന്റെ നിലപാടിൽ വിപണികൾ വീഴുന്നു

Suresh Varghese

പവലിന്റെ നിലപാടിൽ വിപണികൾ വീഴുന്നു
X

Summary

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ വിപണി പ്രതീക്ഷിച്ചതു പോലെ 75 ബേസിസ് പോയിന്റില്‍ അവസാനിച്ചുവെങ്കിലും കൂടുതല്‍ നിരക്കു വര്‍ധന ആസന്നമാണെന്ന ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന വിപണികളില്‍ തകര്‍ച്ചയ്ക്ക് കാരണമായി. ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് രാവിലെ വന്‍ ഇടിവാണ് കാണിയ്ക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.16ന് 0.84 ശതമാനം താഴ്ച്ചയിലാണ്. അമേരിക്കന്‍ വിപണി അമേരിക്കന്‍ വിപണികളും ഇന്ന് വെളുപ്പിനെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 125 ബേസിസ് പോയിന്റ് കൂടി ഉയര്‍ത്താന്‍ […]


അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ വിപണി പ്രതീക്ഷിച്ചതു പോലെ 75 ബേസിസ് പോയിന്റില്‍ അവസാനിച്ചുവെങ്കിലും കൂടുതല്‍ നിരക്കു വര്‍ധന ആസന്നമാണെന്ന ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന വിപണികളില്‍ തകര്‍ച്ചയ്ക്ക് കാരണമായി. ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് രാവിലെ വന്‍ ഇടിവാണ് കാണിയ്ക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.16ന് 0.84 ശതമാനം താഴ്ച്ചയിലാണ്.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ വിപണികളും ഇന്ന് വെളുപ്പിനെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 125 ബേസിസ് പോയിന്റ് കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന പവലിന്റെ അഭിപ്രായം വിപണികളുടെ പ്രതീക്ഷകള്‍ കെടുത്തിക്കളഞ്ഞു. ഇന്നലത്തെ വര്‍ധനയോടു കൂടി ഫെഡറല്‍ ഫണ്ട് റേറ്റ് ഇപ്പോള്‍ 3.25 ശതമാനമായി. ഫെബ്രുവരിയില്‍ ഇത് വെറും 0.25 ശതമാനം മാത്രമായിരുന്നു. അതിവേഗത്തിലുള്ള ഈ നിരക്കുയര്‍ത്തല്‍ ഓഹരി വിപണികളുടെ നടുവൊടിയ്ക്കുകയാണ്. ഡോളര്‍ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പോയി. ഡോളര്‍ ഇന്‍ഡക്‌സ് ഒരു ശതമാനം വര്‍ധിച്ച് 111.47 ആയി ഉയര്‍ന്നു. 10 വര്‍ഷം കാലാവധിയുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ യീല്‍ഡ് 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ഏഷ്യന്‍ ഓഹരി വിപണികളില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം അമേരിക്കന്‍ ഡോളറിലേക്കും ബോണ്ടുകളിലേക്കും തിരിച്ചൊഴുകാന്‍ ഇത് കാരണമാകും.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്ന് രാവിലെ 90 ഡോളറിന് താഴേയ്ക്ക് പോയി. ഉയരുന്ന ഫെഡ് റേറ്റ് ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും ഇത് ക്രൂഡ് ഓയില്‍ ഡിമാന്‍ഡിനെ സാരമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് എണ്ണവില ഇടിയുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഇതും ഊര്‍ജ്ജ ഉപഭോഗത്തിന് തിരിച്ചടിയാകും. വരാനിരിക്കുന്ന ദിവസങ്ങളിലും വായ്പകള്‍ക്ക് ചെലവേറുമെന്നതിനാല്‍ ഉപഭോക്തൃ ചെലവഴിക്കലില്‍, പ്രത്യേകിച്ച് ട്രാവല്‍ മേഖലയില്‍, വന്‍ കുറവുണ്ടാകും. അതിനാലാണ് യുഎസിലെ ഗാസോലിന്‍, ക്രൂഡ് ശേഖരം ഉയര്‍ന്ന് നില്‍ക്കുന്നത്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 461 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 538 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഇന്ന് വിദേശ നിക്ഷേപത്തിന്റെ വലിയൊരു തിരിച്ച് പോക്കിന് വിപണി സാക്ഷ്യം വഹിച്ചേക്കാം. ഏഷ്യന്‍ വിപണികളിലെല്ലാം പടരുന്ന നിരാശ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കാം. വരും മാസങ്ങളില്‍ കൂടുതല്‍ നിരക്കുയര്‍ത്തലുണ്ടാകും എന്ന പവ്വലിന്റെ പ്രസ്താവനയാണ് വിപണികളെ ഏറെ ആശങ്കാകുലരാക്കുന്നത്.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണിയില്‍ പ്രതീക്ഷ ജനിപ്പിക്കുന്ന വാര്‍ത്തകളൊന്നും ഇന്ന് വരാനില്ല. ബാങ്ക് നിക്ഷേപ-വായ്പാ വളര്‍ച്ചാ കണക്കുകള്‍ നാളെ പുറത്ത് വരും. ഇത് ഏറെക്കുറെ അനുകൂലമാകാനാണ് സാധ്യത. പൊതുമേഖലാ ബാങ്കുകളുടേയും സ്വകാര്യ ബാങ്കുകളുടേയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേയും ഓഹരികള്‍ക്ക് ഇപ്പോള്‍ നല്ല പ്രിയമാണ്. പുതിയ കണക്കുകള്‍ ഈ ട്രെന്‍ഡിന് കൂടുതല്‍ സഹായകരമാകുമെന്ന് കരുതാം.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,580 രൂപ (സെപ്റ്റംബര്‍ 22)
ഒരു ഡോളറിന് 80.40 രൂപ (സെപ്റ്റംബര്‍ 22, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 90.40 ഡോളര്‍ (സെപ്റ്റംബര്‍ 22, 09.00 am)
ഒരു ബിറ്റ്‌കൊയ്ന്റെ വില 18,729.54 ഡോളര്‍ (സെപ്റ്റംബര്‍ 22, 09.00 am കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)