image

20 Sep 2022 10:31 PM GMT

Stock Market Updates

ആഗോള വിപണികളില്‍ ഇടിവ്; ഫെഡ് തീരുമാനം നിര്‍ണായകം

Suresh Varghese

bombay stock exchange
X

Bombay Stock Exchange 

Summary

രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകളെല്ലാം നഷ്ടത്തിന്റെതാണ്. അമേരിക്കന്‍ വിപണികള്‍ ഇന്ന് വെളുപ്പിനെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളെല്ലാം വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ്‌സെങ് സൂചിക രാവിലെ 8.45ന് ഒന്നര ശതമാനത്തിലേറെ നഷ്ടത്തിലാണ്. എല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിനോടടുത്ത് നഷ്ടം കാണിയ്ക്കുന്നു. യുഎസ് വിപണി യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായകമായ നിരക്ക് വര്‍ധന ഇന്നുണ്ടാവും. ഇന്ത്യയിൽ ഇന്ന് രാത്രിയോടെ ലഭ്യമാവുന്ന ഫലം നാളെ […]


രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകളെല്ലാം നഷ്ടത്തിന്റെതാണ്. അമേരിക്കന്‍ വിപണികള്‍ ഇന്ന് വെളുപ്പിനെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളെല്ലാം വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ്‌സെങ് സൂചിക രാവിലെ 8.45ന് ഒന്നര ശതമാനത്തിലേറെ നഷ്ടത്തിലാണ്. എല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിനോടടുത്ത് നഷ്ടം കാണിയ്ക്കുന്നു.

യുഎസ് വിപണി

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായകമായ നിരക്ക് വര്‍ധന ഇന്നുണ്ടാവും. ഇന്ത്യയിൽ ഇന്ന് രാത്രിയോടെ ലഭ്യമാവുന്ന ഫലം നാളെ മാത്രമേ ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിക്കുകയുള്ളൂ. 75 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് വിപണി കണക്കിലെടുത്തിട്ടുണ്ട്. എന്നാല്‍ 100 ബിപിഎസ് വരെ നിരക്ക് വര്‍ധനവ് ഉയര്‍ന്നേക്കാമെന്ന് ചില അനലിസ്റ്റുകള്‍ പ്രവചിക്കുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ വിപണികളില്‍ വന്‍ തകര്‍ച്ചയുണ്ടാകും. ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും, ബോണ്ട് യീല്‍ഡ് ഉയരുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഏഷ്യന്‍ ഓഹരികള്‍ ആകര്‍ഷകമല്ലാതെയാകും. ഇന്ത്യയുൾപ്പടെയുള്ള ഏഷ്യന്‍ വിപണികളിലെ നിക്ഷേപം കയ്യൊഴിഞ്ഞ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അമേരിക്കന്‍ വിപണിയിലേക്ക് ചേക്കേറും. ഇതിന്റെ തുടര്‍ച്ചയായി ആഗോള സാമ്പത്തിക വളര്‍ച്ചയിലും മാന്ദ്യമുണ്ടാകും.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണികളില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബാരലിന് 91 ഡോളറിനടുത്താണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ആഗോള വളര്‍ച്ച കുറയുമെന്ന ഭീതിയും അമേരിക്കയില്‍ ഉയരുന്ന ഗാസോലിന്‍ ശേഖരവും എണ്ണവിലയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ അമേരിക്കയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിന്റെ ലക്ഷണമാണ് ക്രൂഡ് - ഗാസോലിന്‍ ശേഖരം ഉയര്‍ന്ന് നില്‍ക്കുന്നതിന് കാരണം. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ പുറത്ത് വന്ന ഗാസോലിന്‍ കണക്കുകളില്‍ വലിയ കുറവ് കാണിയ്ക്കുന്നില്ല. ഇത് വിപണിയില്‍ നെഗറ്റീവ് ഫലമാണ് സൃഷ്ടിക്കുന്നത്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,196 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 132 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങല്‍ രീതിയ്ക്ക് മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ മാസം ഇതുവരെ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ ഒഴുക്ക്, ഓഗസ്റ്റിനെ അപേക്ഷിച്ച്, വളരെ കുറവാണ്. ഫെഡ് നിരക്കില്‍ വ്യക്തത വരുമ്പോള്‍ ഈ ട്രെന്‍ഡ് തുടരുമോ എന്നു കാണാം.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണിയില്‍ സ്വാധീനം ചെലുത്തത്തക്ക സുപ്രധാന വാര്‍ത്തകളൊന്നും ഇന്നു പുറത്തു വരാനില്ല. അതിനാല്‍ ആഗോള ട്രെന്‍ഡിന് അനുസരിച്ചാകും വിപണിയുടെ ചലനങ്ങള്‍. ഐടി ഒഴികെയുള്ള ആഭ്യന്തര ഓഹരികളില്‍ വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ കാണപ്പെടുന്നത്. പ്രത്യേകിച്ച് ബാങ്കിംഗ്, മെറ്റല്‍, ഓട്ടോമൊബൈല്‍, റിയല്‍റ്റി ഓഹരികളില്‍. ഈ ആന്തരിക ശക്തി തുടര്‍ന്നും ഓഹരി വിപണിയ്ക്ക് തുണയായേക്കും.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,595 രൂപ (സെപ്റ്റംബര്‍ 21)
ഒരു ഡോളറിന് 79.74 രൂപ (സെപ്റ്റംബര്‍ 21, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 90.81 ഡോളര്‍ (സെപ്റ്റംബര്‍ 21, 09.00 am)
ഒരു ബിറ്റ്കൊയ്‌ന്റെ വില 19,016.10 ഡോളര്‍ (സെപ്റ്റംബര്‍ 21, 09.00 am കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)