image

24 Aug 2022 10:10 AM GMT

Stock Market Updates

ബാങ്കിങ്ങ്-ധനകാര്യ സ്ഥാപനങ്ങൾ ജൂൺ പാദ ഫലങ്ങൾ മികച്ചതാക്കി: മോത്തിലാൽ ഓസ്വാൾ

Bijith R

ബാങ്കിങ്ങ്-ധനകാര്യ സ്ഥാപനങ്ങൾ ജൂൺ പാദ ഫലങ്ങൾ മികച്ചതാക്കി: മോത്തിലാൽ ഓസ്വാൾ
X

Summary

ഏറെ നാളുകൾക്കു ശേഷം കോർപറേറ്റ് കമ്പനികളുടെ ജൂൺ പാദ ഫലങ്ങൾ വിപണിയുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് എന്നിവയാണ് ഇത്തവണ പ്രധാനമായും നേട്ടം കൈവരിച്ചതെന്നു ബ്രോക്കറേജ് ഹൗസ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു. സൂചികയിലെ ചില പ്രമുഖ കമ്പനികളുടെ നഷ്ടം ഈ മേഖലയെ മൊത്തത്തിൽ ബാധിച്ചു. എന്നാൽ അവയുടെ ഭാവി വരുമാന പ്രതീക്ഷകൾ നല്ലതാണ്. മികച്ച കാലവർഷവും, രണ്ടു വർഷത്തിന് ശേഷമുള്ള ഉൽസവ സീസന്റെ വരവും ഉപഭോഗ കേന്ദ്രീകൃത മേഖലകൾക്ക് ഗുണകരമായി. സാമ്പത്തിക […]


ഏറെ നാളുകൾക്കു ശേഷം കോർപറേറ്റ് കമ്പനികളുടെ ജൂൺ പാദ ഫലങ്ങൾ വിപണിയുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് എന്നിവയാണ് ഇത്തവണ പ്രധാനമായും നേട്ടം കൈവരിച്ചതെന്നു ബ്രോക്കറേജ് ഹൗസ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു. സൂചികയിലെ ചില പ്രമുഖ കമ്പനികളുടെ നഷ്ടം ഈ മേഖലയെ മൊത്തത്തിൽ ബാധിച്ചു. എന്നാൽ അവയുടെ ഭാവി വരുമാന പ്രതീക്ഷകൾ നല്ലതാണ്. മികച്ച കാലവർഷവും, രണ്ടു വർഷത്തിന് ശേഷമുള്ള ഉൽസവ സീസന്റെ വരവും ഉപഭോഗ കേന്ദ്രീകൃത മേഖലകൾക്ക് ഗുണകരമായി. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ അസംസ്‌കൃത വസ്തുക്കളുടെ വില കുറയാൻ തുടങ്ങിയത് കമ്പനികൾക്ക് നേട്ടമാകും. ഇതിലൂടെ ഓട്ടോമൊബൈൽ, കൺസ്യൂമർ, സിമന്റ് മേഖലകളും കോർപറേറ്റ് വരുമാന വളർച്ചയ്ക്ക് സംഭാവന നൽകിത്തുടങ്ങുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

റീട്ടെയിൽ ബാങ്കിങ്, ബിസിനസ് ബാങ്കിങ്, എസ്എംഇ വിഭാഗങ്ങളിലെ മുന്നേറ്റം ഭൂരിഭാഗം ബാങ്കുകളുടെയും സ്ഥിരമായ വളർച്ചാ പ്രതീക്ഷക്ക് സഹായകരമാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ കമ്പനികളുടെ പ്രവർത്തന മൂലധന ആവശ്യം വർധിക്കുന്നതിനാൽ അത്തരം വായ്പകളുടെ സഹായത്താൽ കോർപറേറ്റ് ബാങ്കിങ്ങിന്റെ വളർച്ചയും ഉണ്ടാകും. സമീപ ഭാവിയിൽ, ഉയർന്ന കറണ്ട് അക്കൗണ്ട്-സേവിങ്സ് അക്കൗണ്ടുകളും, ഫ്‌ളോട്ടിങ്ങ് റേറ്റ് വായ്പകളും മൂലം ബാങ്കുകളുടെ മാർജിനിൽ ശുഭകരമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

കൺസ്യൂമർ മേഖലയ്ക്ക്, ഉത്പന്നങ്ങളുടെ വില വർധനവാണ് പ്രധാനമായത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ നേരിടാനാണ് കമ്പനികൾ വില വർധിപ്പിച്ചത്. കൂടാതെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജനങ്ങളുടെ സഞ്ചാരം വർധിച്ചതും, ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വന്നതും ഈ മേഖലക്ക് ഗുണകരമായി. ഗ്രാമീണ മേഖലയിലെ ഡിമാൻഡ് ദുർബലമായിരുന്നു. എന്നാൽ പല പ്രമുഖ കമ്പനി മാനേജ്‌മെന്റുകളും വിശ്വസിക്കുന്നത് ഗ്രാമീണ മേഖലയിൽ മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ കാണുന്നുവെന്നാണ്. മികച്ച മൺസൂണും, ഗവണ്മെന്റിന്റെ ഉയർന്ന സബ്സിഡികളും ഇതിനു സഹായകരമാകും. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില ഒന്നാം പാദത്തിന്റെ അന്ത്യത്തോടെ കുറ‍ഞ്ഞിട്ടുണ്ട്. പക്ഷെ സാഹചര്യം ഇപ്പോഴും അസ്ഥിരമായി തുടരുന്നു. പല മാനേജ്‌മെന്റുകളും കണക്കാക്കുന്നത്, ലാഭത്തിന് മേലുള്ള സമ്മർദ്ദം രണ്ടാം പാദത്തിലും തുടരുമെന്നാണ്. എന്നാൽ, ഗണ്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും മൂന്നാം പാദത്തിന്റെ തുടക്കത്തിൽ ഇക്കാര്യത്തിൽ സ്ഥിരത കൈവരിക്കാനിടയുണ്ട്.

ഉയർന്ന ബേസ് കാരണം ഐടി മേഖലയിലെ വരുമാന വളർച്ചയിൽ ഒരു മിതത്വം പ്രകടമായിരുന്നു. ഈ മേഖലയിലെ ഡിമാൻഡ് ശക്തമായിരുന്നുവെങ്കിലും, നിലവിലെ ആഗോള പ്രതിസന്ധികൾ, പ്രത്യേകിച്ചും റീട്ടെയിൽ മേഖലയിലെ സങ്കീർണതകൾ, ചില കമ്പനികളുടെ ഡിമാന്റിനെ ബാധിച്ചു. ക്ലയന്റ് കമ്പനികൾ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ക്‌ളൗഡ്‌ മൈഗ്രേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ഐടി കമ്പനികൾക്ക് ഗുണകരമായി.
ഐടി കമ്പനികളുടെ ശക്തമായ ഓർഡർ ബുക്കും, ഓർഡർ പൈപ്പ്ലൈനും സമീപ കാല വളർച്ചയെ ഉറപ്പു വരുത്തുന്നതാണ്. ക്ലയന്റുകളുടെ ഡിജിറ്റൽ, ക്‌ളൗഡ്‌ ട്രാൻസ്ഫർമേഷൻ രംഗത്തെ കാര്യമായ സംരംഭങ്ങൾ ദീർഘ കാല വളർച്ചയേയും സൂചിപ്പിക്കുന്നു.

ഓട്ടോമൊബൈൽ വ്യവസായത്തിൽ, ആഭ്യന്തര ഇരു ചക്ര വാഹനങ്ങളുടെ ഡിമാ​ന്റിൽ പ്രതിമാസം പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ ആഗോള പ്രശ്നങ്ങൾ മൂലം കയറ്റുമതിയിൽ സമ്മർദ്ദം നേരിട്ടു. ഇരു ചക്ര വാഹന നിർമാതാക്കളും ചിപ്പ് ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് ഉത്പാദന വളർച്ചയെ ബാധിച്ചു. പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡ് സ്ഥിരമായി നിലനിന്നു. പുതിയ ഉത്പന്നങ്ങളുടെ ഡിമാൻഡ് മികച്ച രീതിയിൽ തുടരുന്നു. ഗവണ്മെന്റിന്റെ ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ ഊന്നൽ കാരണം വാണിജ്യ വാഹന ഡിമാൻഡും ശക്തമായിരുന്നു. അസംസ്‌കൃത വസ്തുക്കളിലെ വിലക്കുറവ് രണ്ടാം പാദത്തിൽ ഓട്ടോമൊബൈൽ കമ്പനികൾക്ക് ഗുണകരമാകും. കോവിഡ് നിയന്ത്രണത്താൽ വലഞ്ഞ വാഹന വ്യവസായത്തിന് വരാനിരിക്കുന്ന ഉത്സവ സീസൺ വലിയ ആവേശം പകരും. രണ്ടു വർഷത്തിന് ശേഷമാണ് വ്യവസായ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിച്ചേരുന്നത്.

മൺസൂണിന്റെ ആരംഭത്തോടെ ഡിമാൻഡിലും, വിലയിലും നേരിയ കുറവുണ്ടായേക്കുമെന്നാണ് സിമന്റ് വ്യവസായത്തിലെ ഭൂരിഭാഗം കമ്പനികളും കണക്കാക്കുന്നത്. എന്നിരുന്നാലും, അവർ സിമന്റ് മേഖലയുടെ വളർച്ചാ സാധ്യതകളെപ്പറ്റി ശുഭ പ്രതീക്ഷയുള്ളവരാണ്. ഇൻഫ്രാസ്ട്രക്ച്ചർ, ഭവന, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ഉയർത്തെഴുന്നേൽപ്പ്‌ സിമന്റ് വ്യവസായത്തിന് ഗുണകരമാകും.