image

16 Aug 2022 10:22 PM GMT

Stock Market Updates

വിപണിയില്‍ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കാം

Suresh Varghese

വിപണിയില്‍ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കാം
X

Summary

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് വിപണിയില്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്നലെ പുറത്തുവന്ന മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.93 ശതമാനമായി കുറഞ്ഞത് വിപണിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ കേന്ദ്ര ബാങ്കിന്റെ കടുത്ത റിപ്പോ നിരക്കു വര്‍ധന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് വിപണി. ജൂണ്‍ മാസത്തില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം 15.18 ശതമാനമായിരുന്നു. ഏഷ്യന്‍ വിപണികള്‍ ഏഷ്യന്‍ ഓഹരി വിപണികള്‍ ഇന്നു രാവിലെ മുന്നേറ്റത്തിലാണ്. ഷെന്‍സെന്‍ കമ്പോണന്റും, തായ്‌വാന്‍ വെയ്റ്റഡും ഒഴികെയുള്ള എല്ലാ […]


തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് വിപണിയില്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്നലെ പുറത്തുവന്ന മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.93 ശതമാനമായി കുറഞ്ഞത് വിപണിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ കേന്ദ്ര ബാങ്കിന്റെ കടുത്ത റിപ്പോ നിരക്കു വര്‍ധന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് വിപണി. ജൂണ്‍ മാസത്തില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം 15.18 ശതമാനമായിരുന്നു.

ഏഷ്യന്‍ വിപണികള്‍

ഏഷ്യന്‍ ഓഹരി വിപണികള്‍ ഇന്നു രാവിലെ മുന്നേറ്റത്തിലാണ്. ഷെന്‍സെന്‍ കമ്പോണന്റും, തായ്‌വാന്‍ വെയ്റ്റഡും ഒഴികെയുള്ള എല്ലാ പ്രധാന സൂചികകളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.16 ന് 0.23 ശതമാനം നേട്ടത്തിലാണ്. ചൈനയിലെ സാമ്പത്തിക ഉത്തേജന നടപടികള്‍ ഏഷ്യന്‍ വിപണികളിലെല്ലാം ഒരു മുന്നേറ്റത്തിന് വഴി തുറന്നിട്ടുണ്ട്. അമേരിക്കന്‍ ഓഹരി വിപണിയിലെ മുന്നേറ്റവും മറ്റൊരു കാരണമാണ്.

ഡൗ ജോണ്‍സും, എസ് ആന്‍ഡ് പി 500 ഉം ഇന്നലെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ജൂലൈയിലെ അമേരിക്കന്‍ വ്യവസായ ഉത്പാദനത്തിലും വളര്‍ച്ചയുണ്ട്. സമീപ കാലത്ത് ഡൗ ജോണ്‍സ് 34,000 പോയിന്റ് മറികടന്നത് ഇതാദ്യമായാണ്. എന്നാല്‍ നാസ്ഡാക്ക് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വാള്‍മാര്‍ട്ടും, ഹോം ഡിപ്പോയും മികച്ച രണ്ടാം പാദഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കന്‍ റീട്ടെയ്ല്‍ ഓഹരികളില്‍ കുതിപ്പുണ്ടാക്കി. ഉപഭോക്തൃ വികാരം വിപണിയ്ക്ക് അനുകൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതാണ് ഡൗ ജോണ്‍സിന്റെ മുന്നേറ്റത്തിന് പ്രധാന കാരണം. എന്നാല്‍ ടെക്ക്‌നോളജി, എനര്‍ജി ഓഹരികളില്‍ തളര്‍ച്ചയാണ് അനുഭവപ്പെട്ടത്. ഇത് നാസ്ഡാക്കിനെ പിന്നോട്ടടിച്ചു.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്നു രാവിലെ നേരിയ ഉയര്‍ച്ചയിലാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 92 ഡോളറിന് അടുപ്പിച്ചാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ക്രൂഡ് ഓയില്‍ ശേഖരം കുറയുകയാണ്. കൂടാതെ ചൈനയിലെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഉത്തേജക നടപടികളും ക്രൂഡ് ഓയില്‍ ഡിമാന്റ് ഉയര്‍ത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് എണ്ണ വിലയില്‍ നേരിയ വര്‍ധനവുണ്ടാകുന്നത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വില 100 ഡോളറില്‍ താഴ്ന്നു നില്‍ക്കുന്നത് ഏറെ അനുകൂല ഘടകമാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,377 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിപണിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം ഇതാണ്. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 136 കോടി രൂപയുടെ ഓഹരികള്‍ അറ്റ വില്‍പ്പന നടത്തി. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി അറ്റ നിക്ഷേപകരാകുന്നത് വിപണിയ്ക്ക് ഏറെ ഊര്‍ജ്ജം പകരുന്നുണ്ട്.

വിദഗ്ധാഭിപ്രായം

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "വിപണിയില്‍ ഇപ്പോള്‍ കാണപ്പെടുന്ന മുന്നേറ്റം ബെയര്‍ മാര്‍ക്കറ്റ് റാലിയാണോ അതോ ബുള്‍ മാര്‍ക്കറ്റാണോ എന്ന കാര്യത്തില്‍ വിദഗ്ധരുടെ ഇടയില്‍ ഏകാഭിപ്രായമില്ല. ബെയര്‍ മാര്‍ക്കറ്റ് റാലിയാണെന്ന് വിശ്വസിക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് നിഫ്റ്റി ഇന്നലെ 17,800 കവിഞ്ഞിരുന്നു. ആഗോള മുന്നേറ്റം ഇതിനെ ഏറെ സഹായിക്കുന്നുവെന്നത് നാം വിസ്മരിച്ചുകൂടാ. ജൂണ്‍ മാസത്തിലെ താഴ്ച്ചയില്‍ നിന്നും എസ് ആന്‍ഡ് പി 500 ഉം, നാസ്ഡാക്കും യഥാക്രമം 18 ശതമാനവും, 24 ശതമാനവും ഉയര്‍ന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ പണപ്പെരുപ്പം താഴുന്നതും, അതിനാല്‍ തന്നെ ഫെഡ് കടുത്ത നിരക്കു വര്‍ധനയ്ക്ക് തുനിയില്ല എന്ന ശുഭപ്രതീക്ഷയും വിപണിയെ ഏറെ സഹായിക്കുന്നുണ്ട്. കുറയുന്ന പണപ്പെരുപ്പവും, മികച്ച ജിഡിപി വളര്‍ച്ചാ സാധ്യതകളും, വിദേശ നിക്ഷേപകരുടെ നിരന്തരമായ ഓഹരി വാങ്ങലും ഇന്ത്യയിലും വിപണിയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഓഹരികളുടെ ഉയര്‍ന്ന വില ആശങ്ക ജനിപ്പിക്കുന്നു. വില കുറയുമ്പോള്‍ മാത്രം പുതിയ വാങ്ങലുകള്‍ നടത്തുക."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,800 രൂപ (ഓഗസ്റ്റ് 17)
ഒരു ഡോളറിന് 79.54 രൂപ (ഓഗസ്റ്റ് 17, 7.58 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 92.39 ഡോളര്‍ (ഓഗസ്റ്റ് 17, 7.59 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 19,01,200 രൂപ (ഓഗസ്റ്റ് 17, 7.59 am, വസീര്‍എക്‌സ്)