image

11 Aug 2022 10:33 PM GMT

Stock Market Updates

പണപ്പെരുപ്പ, ഉല്‍പ്പാദന കണക്കുകള്‍ വിപണിയെ സ്വാധീനിക്കും

Suresh Varghese

പണപ്പെരുപ്പ, ഉല്‍പ്പാദന കണക്കുകള്‍ വിപണിയെ സ്വാധീനിക്കും
X

Summary

ആഗോള വിപണികള്‍ ഇന്നലത്തെ മികച്ച പ്രകടനത്തിനു ശേഷം ഇന്ന് ചാഞ്ചാട്ടത്തിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ എസ് ആന്‍ഡ് പി 500, നാസ്ഡാക് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്നലെ പുറത്തുവന്ന ചില സാമ്പത്തിക സൂചകങ്ങള്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നവയായിരുന്നു. തുടര്‍ച്ചയായുള്ള തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ ആദ്യമായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുകയാണ്. കൂടാതെ, ജൂലായ് മാസത്തിലെ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് കുറവാണ്. ഇത് […]


ആഗോള വിപണികള്‍ ഇന്നലത്തെ മികച്ച പ്രകടനത്തിനു ശേഷം ഇന്ന് ചാഞ്ചാട്ടത്തിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ എസ് ആന്‍ഡ് പി 500, നാസ്ഡാക് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്നലെ പുറത്തുവന്ന ചില സാമ്പത്തിക സൂചകങ്ങള്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നവയായിരുന്നു. തുടര്‍ച്ചയായുള്ള തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ ആദ്യമായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുകയാണ്. കൂടാതെ, ജൂലായ് മാസത്തിലെ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് കുറവാണ്. ഇത് സൂചിപ്പിക്കുന്നത് ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറയുന്നു എന്നാണ്. കൂടാതെ, കണ്‍സ്യൂമര്‍ വിലകളെ നിര്‍ണ്ണയിക്കുന്നതില്‍ ഇതിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ഉപഭോക്തൃ പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവിന്റെ ആശ്വാസം നീണ്ടുനില്‍ക്കുന്നതല്ല എന്ന തിരിച്ചറിവിലാണ് വിപണികള്‍. ഫെഡ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ഭീതിയും നിക്ഷേപകരിലുണ്ട്.

ഏഷ്യന്‍ വിപണികള്‍
അമേരിക്കന്‍ വിപണികളിലെ ട്രെന്‍ഡിനെ പിന്‍തുടര്‍ന്ന് ഏഷ്യന്‍ വിപണികളിലും ഇന്ന് രാവിലെ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.11 ന് 0.05 ശതമാനം നേട്ടത്തിലാണ്. മറ്റു പ്രമുഖ വിപണികളെല്ലാം നേരിയ മാര്‍ജിനില്‍ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്നു. ഏഷ്യന്‍ ക്രൂഡ് ഓയില്‍ വിപണിയിലും വില നേരിയ താഴ്ചയിലാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 99 ഡോളറിനടുത്താണ്. ഇത് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് അത്ര ആശ്വാസം നല്‍കുന്ന വാര്‍ത്തയല്ല.

ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഇന്ന് ഏറെ സ്വാധീനം ചെലുത്തുക പണപ്പെരുപ്പ കണക്കുകളാണ്. ജൂലായിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ ഇന്ന് പുറത്തുവരും. കൂടാതെ, വ്യവസായ ഉല്‍പ്പാദന കണക്കുകളും ഇന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നെല്ലാം ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാം. ആര്‍ബിഐ സ്വീകരിച്ചിട്ടുള്ള പണനയ നിലപാടുകളുടെ ഫലവും ഇതിലൂടെ വെളിപ്പെടും. സെപ്റ്റംബര്‍ മാസത്തില്‍ ചേരാനിരിക്കുന്ന കേന്ദ്ര ബാങ്കിന്റെ പണനയ അവലോകന സമിതി ഏറെ പ്രാധാന്യത്തോടെ പരിഗണിച്ചേക്കാവുന്ന ഒരു ഘടകമാണിത്.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷനല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,298 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 729 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങല്‍ ഇന്നലെയും വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായി.

കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തുവരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍: എല്‍ഐസി, ഹീറോമോട്ടോകോര്‍പ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, അമൃതാഞ്ജന്‍, അപ്പോളോ ടയേഴ്‌സ്, ബജാജ് ഇലക്ട്രിക്കല്‍സ്, ക്യാംപസ് ആക്ടിവേര്‍, ഡിവിസ് ലാബ്‌സ്, ഇന്ത്യ സിമന്റ്‌സ് എന്നിവയാണ്.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു; "വിപണിയില്‍ ഇപ്പോള്‍ സംഭവിക്കുന്ന ഉയര്‍ച്ചയ്ക്ക് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന് ഡോളര്‍ സൂചികയിലെ തുടര്‍ച്ചയായ താഴ്ച്ച. 109 ല്‍ നിന്നും 105.26 ലേക്ക് ഇത് എത്തിയിരിക്കുകയാണ്. ഇതിലൂടെ വളരുന്ന വിപണികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കും. രണ്ട്, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങല്‍. അവ പൂര്‍ണ്ണമായും അറ്റ നിക്ഷേപകരായി മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. കഴിഞ്ഞ 10 സെഷനുകളിലായി അവര്‍ അറ്റ നിക്ഷേപം നടത്തുന്നു. ഇന്നലത്തെ രണ്ടായിരം കോടി രൂപയില്‍ അധികമായ നിക്ഷേപം സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇന്ത്യയാണ് ഏറ്റവും മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുന്ന സമ്പദ്്ഘടനകളിലൊന്ന് എന്നത് ഇതിന് പ്രധാന കാരണമാണ്. എന്നാല്‍ നിക്ഷേപകര്‍ ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഓഹരികളുടെ വില ഏറെ ഉയര്‍ന്നു നില്‍ക്കുന്ന സമയമാണ്."