image

9 Aug 2022 10:06 AM GMT

People

ബാങ്കിംഗ്, ധനകാര്യ ഓഹരികൾ ഇപ്പോൾ നിക്ഷേപത്തിന് നല്ലതാണ്: ശ്രീകാന്ത് സുബ്രഹ്മണ്യന്‍

Bijith R

ബാങ്കിംഗ്, ധനകാര്യ ഓഹരികൾ ഇപ്പോൾ നിക്ഷേപത്തിന് നല്ലതാണ്: ശ്രീകാന്ത് സുബ്രഹ്മണ്യന്‍
X

Summary

കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള തകർച്ചയ്ക്കു ശേഷം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ഓഹരികളുടെ വിലയിലും, വിദേശ നിക്ഷേപത്തിലും വർധനവുണ്ടാകുന്നു. എന്നാല്‍ വരും മാസങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴുമെന്ന ആശങ്കകളും ഇതോടൊപ്പം ഉയർന്നു വരുന്നുണ്ട്. അത് സംഭവിച്ചാൽ എല്ലാ ആസ്തി വിഭാ​ഗങ്ങളിലും വലിയ ആഘാതമുണ്ടാക്കും. ഇത്തരം ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കൊട്ടക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ആരംഭിച്ച കൊട്ടക് ചെറിയുടെ നിയുക്ത സിഇഒ ശ്രീകാന്ത് സുബ്രഹ്മണ്യന്‍ മൈഫിന്‍ ഗ്ലോബല്‍ ഫിനാൻസ് […]


കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള തകർച്ചയ്ക്കു ശേഷം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ഓഹരികളുടെ വിലയിലും, വിദേശ നിക്ഷേപത്തിലും വർധനവുണ്ടാകുന്നു. എന്നാല്‍ വരും മാസങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴുമെന്ന ആശങ്കകളും ഇതോടൊപ്പം ഉയർന്നു വരുന്നുണ്ട്. അത് സംഭവിച്ചാൽ എല്ലാ ആസ്തി വിഭാ​ഗങ്ങളിലും വലിയ ആഘാതമുണ്ടാക്കും. ഇത്തരം ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കൊട്ടക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ആരംഭിച്ച കൊട്ടക് ചെറിയുടെ നിയുക്ത സിഇഒ ശ്രീകാന്ത് സുബ്രഹ്മണ്യന്‍ മൈഫിന്‍ ഗ്ലോബല്‍ ഫിനാൻസ് മീഡിയയോട് സംസാരിക്കുന്നു.

ലോകമെമ്പാടും പണനയം കര്‍ശനമാക്കിയതിന്റെ ഭാഗമായി ഓഹരി വിപണികളിലും ഇടിവു കാണുന്നുണ്ട്. ആഗോള ചരക്കു വിലകൾ ഉയര്‍ന്ന നിലയില്‍ നിന്ന് കുത്തനെ താഴോട്ടുപോയി. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയായി. ഇന്ത്യന്‍ ഓഹരി വിപണിയുടെ മോശം അവസ്ഥ മാറിയെന്ന് പറയാനാവുമോ?

മോശം സാഹചര്യം മാറിയോ എന്നു പറയാന്‍ കഴിയില്ല. കഴിഞ്ഞ പത്തുവര്‍ഷമായി വിവിധ കേന്ദ്ര ബാങ്കുകള്‍ വന്‍ തോതില്‍ കറന്‍സികള്‍ ഇറക്കി ആഗോള സമ്പദ് വ്യവസ്ഥയെ പിന്തുണച്ചത് നാം കണ്ടു. ഇതിലൂടെ പരോക്ഷമായി ഇന്ത്യയിലേക്ക് വലിയ പണമൊഴുക്ക് ഉണ്ടായി. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പല മടങ്ങ് സ്വാധീനമുണ്ടാക്കി. പണലഭ്യത വര്‍ധിച്ചപ്പോള്‍ വിപണികളും വന്‍തോതില്‍ നേട്ടമുണ്ടാക്കി. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആഗോള വിപണികളിലും ആഭ്യന്തര വിപണിയിലും ഒരുപോലെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നതും പണപ്പെരുപ്പം ഉയരുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇതുകാരണം കേന്ദ്ര ബാങ്കുകള്‍ ലിക്വിഡിറ്റി കുറയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഈ പുനഃപരിശോധനയോട് പൊരുത്തപ്പൊന്‍ വിപണികൾക്ക് കുറച്ചു സമയമെടുക്കും. കഴിഞ്ഞ പാദത്തിലെ താഴ്ന്ന നിലയില്‍ നിന്ന് നമ്മള്‍ ഒരു തിരിച്ചുവരവ് ഇപ്പോള്‍ കാണുന്നുണ്ട്. ആഗോള സംഘര്‍ഷങ്ങള്‍, മാന്ദ്യഭീതി, കേന്ദ്ര ബാങ്കുകളുടെ പണപ്പെരുപ്പത്തിനെതിരായ പോരാട്ടം എന്നിവയെ ഉള്‍ക്കൊള്ളാന്‍ വിപണികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യങ്ങളുമായെല്ലാം വിപണി പൊരുത്തപ്പെടാന്‍ കുറച്ച് മാസങ്ങളെടുക്കും. അതുവരെ വിപണിയില്‍ ചാഞ്ചാട്ടം തുടരും. ആഭ്യന്തര വിപണിയില്‍ ഒരു 'ടൈം കറക്ഷന്‍' ഉണ്ടാകുന്നുണ്ട്. എന്നാല്‍ 'പ്രൈസ് കറക്ഷന്‍' ഇല്ല.

രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വളരെയധികം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള വിപണികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ശ്രദ്ധയോടെ വ്യാപാരം നടത്തുന്നതാണ് ഉചിതം. വിപണിയില്‍ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കാതിരിക്കുക.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഈ വര്‍ഷം ഇതുവരെ 2.26 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാവുകയും ചില അവസരങ്ങളില്‍ അവര്‍ അധിക വാങ്ങൽ നടത്തുന്നവരായി മാറുകയും ചെയ്തു. വരും ദിവസങ്ങളില്‍ വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കില്‍ ഒരു മാറ്റം പ്രതീക്ഷിക്കാമോ?

കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ബോണ്ട് യീല്‍ഡില്‍ വര്‍ധനവുണ്ടായി. ബോണ്ട് യീല്‍ഡ് ഉയർന്നാൽ കമ്പനികളുടെ ഓഹരികളേയും അത് പ്രതികൂലമായി ബാധിക്കും. പണനയം കര്‍ശനമാക്കിയപ്പോള്‍ വിദേശ നിക്ഷേപകര്‍ വളരുന്ന വിപണികളില്‍ നിന്ന് കൂടുതല്‍ ശക്തമായ കറൻസി അന്വേഷിച്ച് വികസിത വിപണികളിലേക്ക് പണം മാറ്റിത്തുടങ്ങി. ആ അവസരത്തില്‍ ഇന്ത്യയില്‍ ഗണ്യമായ ഓഹരി വിറ്റഴിക്കൽ സംഭവിച്ചു.

പക്ഷേ കോവിഡിനോടനുബന്ധിച്ചുള്ള വിതരണ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും, ആഗോളതലത്തില്‍ ചരക്കു വിലകൾ കുറയുകയും ചെയ്തതോടെ പണപ്പെരുപ്പ അനുമാനം കുറഞ്ഞു. ഇതോടെ, പ്രതീക്ഷിച്ചത്ര വേഗത്തില്‍ കേന്ദ്ര ബാങ്കുകള്‍ നിരക്കുകൾ ഉയര്‍ത്തില്ല എന്ന സ്ഥിതി വന്നു. ഇതിനര്‍ത്ഥം ഫണ്ടുകള്‍ വേഗത്തില്‍ ബോണ്ടുകളിലേക്ക് തിരിച്ചുപോവില്ല എന്നാണ്. ഇതിനാലാണ് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ ഓഹരികളിലേക്ക് തിരിച്ചുവന്നത്.

ഇത് സ്വാഗതാര്‍ഹമാണെങ്കിലും നിക്ഷേപകര്‍ കരുതലോടെയിരിക്കണം. ഇതി​ന്റെ നിലനിൽപ്പ് ആഗോള ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കേന്ദ്ര ബാങ്കുകളുടെ ഇപ്പോഴത്തെ നീക്കം പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിരക്കുയര്‍ത്തുക എന്ന ദിശയിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപരീതി അനുകൂലമായി വരണമെങ്കില്‍ കുറേ മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.

മ്യൂച്ചല്‍ ഫണ്ടുകൾ വഴി ഓഹരികളിലേക്കുള്ള ആഭ്യന്തര നിക്ഷേപം കഴിഞ്ഞ കുറേ നാളുകളായി സ്ഥിരമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇതിനെ ബാധിച്ചിട്ടില്ല. ആഭ്യന്തര ഫണ്ടുകളുടെ ഒഴുക്കില്‍ എന്തെങ്കിലും കുറവുണ്ടാകാനുള്ള സാധ്യതയുണ്ടോ? പ്രത്യേകിച്ച് പലിശനിരക്കില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍.

ഇതൊരു പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന മികച്ച റീട്ടെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം എസ്‌ഐപി നിക്ഷേപങ്ങള്‍ പ്രതിമാസം 12,000 കോടി രൂപയിലെത്താന്‍ സഹായിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഒന്‍പതാം മാസമാണ് പ്രതിമാസ എസ്‌ഐപി നിക്ഷേപങ്ങള്‍ 10,000 കോടി രൂപയ്ക്കു മുകളില്‍ എത്തുന്നത്. എസ്‌ഐപികളിലെ മൊത്തം നിക്ഷേപം 2017 സാമ്പത്തിക വര്‍ഷത്തെ 43,900 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,24,000 കോടി രൂപയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മ്യൂച്ചല്‍ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം, മാര്‍ച്ച് 2017 ലെ 5.5 കോടിയില്‍ നിന്ന് മാര്‍ച്ച് 2022 ല്‍ 12.95 കോടി ആയി. മൊത്തം മ്യൂച്ചല്‍ ഫണ്ട് അക്കൗണ്ടുകളുടെ 90 ശതമാനത്തിലേറെ റീട്ടെയില്‍ നിക്ഷേപകരുടേതാണ്. വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ഈ നിക്ഷേപങ്ങളില്‍ കുറവു വന്നേക്കാം.

വിപണിയിലെ അനിശ്ചിതാവസ്ഥ നിക്ഷേപകരുടെ ഇടയില്‍ വലിയ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഏതൊക്കെ മേഖലകളിലാണ് നിക്ഷേപം വര്‍ധിപ്പിക്കാവുന്നത്? ഏതൊക്കെ മേഖലകളിലെ നിക്ഷേപം കുറയ്ക്കണം?

ഇപ്പോഴത്തെ കയറ്റിറക്കങ്ങള്‍ കൂടുതലും ആഗോള സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആഗോള മാന്ദ്യഭീതിയാണ് ഇതിന്റെ പ്രധാന കാരണം. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുറയുകയും, ചരക്കു വിലകള്‍ താഴുകയും ചെയ്യും. അതിനാല്‍ വ്യവസായ-ചരക്ക് കേന്ദ്രീകൃത മേഖലകളില്‍ നിക്ഷേപം കുറയ്ക്കുകയാണ് നല്ലത്. മൂല്യമുള്ള കമ്പനികളില്‍ നിക്ഷേപം ഉയര്‍ത്താം. അടുത്ത രണ്ടുവര്‍ഷത്തേക്ക് ഇത് തുടരുകയുമാവാം. പ്രത്യേകിച്ച്, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഇന്‍ഷുറന്‍സ് ഓഹരികൾ നിക്ഷേപത്തിന് അനുയോജ്യമാണ്. ഇത്തരം ഓഹരികളുടെ വരുമാനക്കണക്കുകളില്‍ മികച്ച വര്‍ധനവ് കാണപ്പെടുന്നുണ്ട്.

മിക്ക രാജ്യങ്ങളും മാന്ദ്യത്തിന് തയ്യാറെടുക്കണമെന്ന് ലോക ബാങ്ക് കഴിഞ്ഞ മാസം പുറത്തിറക്കിയ ആഗോള സാമ്പത്തിക പ്രവചനത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക ബാങ്കിന്റെ ഈ പ്രവചനം യാഥാര്‍ഥ്യമായാല്‍ ഇത് ആഗോള, ആഭ്യന്തര വിപണികളില്‍ എന്ത് പ്രതിഫലനമായിരിക്കും സൃഷ്ടിക്കുന്നത്?

മാന്ദ്യം സമ്പദ് വ്യവസ്ഥയെ മാത്രമല്ല വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. മാന്ദ്യത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ മാന്ദ്യം സ്ഥിരീകരിച്ചാൽ അത് വിപണികളെ കൂടുതല്‍ അസ്ഥിരമാക്കും. ഈ ഘട്ടത്തിൽ, ലാ‌ർജ് ക്യാപ് ഓഹരികളോട് മമത പുലർത്തുന്നതാണ് നല്ലത്. മൂല്യമുള്ള, ശക്തമായ അടിത്തറയുള്ള ഓഹരികൾ വാങ്ങാൻ ശ്രദ്ധിക്കണം.

തൊഴില്‍ മേഖലയിൽ വളർച്ചയുണ്ടായതോടെ നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. പ്രതിമാസം 30,000 രൂപ ശമ്പളമുള്ള ഒരു വ്യക്തിയ്ക്ക് അനുയോജ്യമായ ദീര്‍ഘകാല നിക്ഷേപം ഏതാണ്?

സമ്പാദിക്കാന്‍ തുടങ്ങുന്ന യുവാക്കള്‍ ബഡ്ജറ്റിലൂന്നിയുള്ള സാമ്പത്തിക അച്ചടക്കം പാലിക്കുകയും, ചെറിയൊരു തുക സേവിങ്‌സ് ആയി മാറ്റിവെയ്ക്കുകയും ചെയ്യണമെന്നാണ് എന്റെ ആദ്യ ഉപദേശം. അന്തിമമായി, നാം മിച്ചം വെച്ച പണമാണ് നമ്മുടെ യഥാര്‍ത്ഥ സമ്പാദ്യം. ഏതെങ്കിലും നിക്ഷേപത്തിലേക്ക് പണമിറക്കുന്നതിനു മുന്‍പ് ഓരോ വ്യക്തികളും അവരുടെ വരുമാനം, ബാധ്യതകള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ കൃത്യമായി അവലോകനം ചെയ്യണം. ദീര്‍ഘകാല നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് മ്യൂച്ചല്‍ ഫണ്ടുകളിലെ എസ്‌ഐപികള്‍ നല്ലൊരു ഓപ്ഷനാണ്. നിക്ഷേപിക്കുന്ന തുകയുടെ 70 ശതമാനം ലാര്‍ജ് ക്യാപ്പുകളിലും ബാക്കിയുള്ളത് മിഡ്, സ്‌മോള്‍ ക്യാപ്പുകളിലും നിക്ഷേപിക്കാനാണ് ഞങ്ങള്‍ പൊതുവെ ഉപദേശിക്കാറുള്ളത്. ചെറിയ ഒരു തുക 'റെയ്റ്റി'ല്‍ (Real Estate Investment Trust) നിക്ഷേപിക്കുന്നതും നല്ലതാണ്. ദീര്‍ഘകാല വളര്‍ച്ചയ്ക്കും പാദാടിസ്ഥാനത്തില്‍ സ്ഥിര വരുമാനം ലഭിക്കുന്നതിനും ഇത് സഹായിക്കും.

ആദ്യമായി നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ഓഹരി വിപണിയില്‍ നിന്നും അടുത്ത രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര വരുമാനം പ്രതീക്ഷിക്കാം? ഓഹരികളെക്കാള്‍ മികച്ച വരുമാനം നല്‍കുന്ന മറ്റേതെങ്കിലും ആസ്തി വിഭാഗമുണ്ടോ?

അടുത്ത മൂന്നു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്നും 12-13 ശതമാനം വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. ഇത് നോമിനല്‍ ജിഡിപി വളര്‍ച്ചാനിരക്കിന് സമമാണ്. ഇന്ത്യന്‍ ഓഹരികളെപ്പോലെ തന്നെ അമേരിക്കന്‍ ഓഹരികളും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മികച്ച വളര്‍ച്ച കാഴ്ചവെയ്ക്കും. 'ഫീഡര്‍ ഫണ്ടു'കളിലൂടെ ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കാനാവും. എന്നാല്‍ വിപണി ചാഞ്ചാടുന്ന ഈ ഘട്ടത്തില്‍ നാം സംയമനം പാലിക്കണം.