2 Aug 2022 9:21 AM GMT
Summary
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോയുടെ ഓഹരികള്‍ ഇന്ന് 20 ശതമാനത്തോളം നേട്ടമുണ്ടാക്കി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസ്സ് ബ്രേക്ക്-ഈവനിലെത്തിയതും, അറ്റ നഷ്ടത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതും ഇതിന് സഹായകരമായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടം 150 കോടി രൂപയായി കുറഞ്ഞു. തൊട്ട് മുമ്പുള്ള മാര്‍ച്ച പാദത്തില്‍ നഷ്ടം 220 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ നഷ്ടം 270 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്ത വരുമാനം മുന്‍ സാമ്പത്തിക […]
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോയുടെ ഓഹരികള്‍ ഇന്ന് 20 ശതമാനത്തോളം നേട്ടമുണ്ടാക്കി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസ്സ് ബ്രേക്ക്-ഈവനിലെത്തിയതും, അറ്റ നഷ്ടത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതും ഇതിന് സഹായകരമായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടം 150 കോടി രൂപയായി കുറഞ്ഞു. തൊട്ട് മുമ്പുള്ള മാര്‍ച്ച പാദത്തില്‍ നഷ്ടം 220 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ നഷ്ടം 270 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ മൊത്ത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തിലെ 1,160 കോടി രൂപയേക്കാള്‍ 56 ശതമാനം വര്‍ധനവോടെ 1,810 കോടി രൂപയിലെത്തി. ഫുഡ് ഡെലിവറി ബിസിനസ്സ് ബ്രേക്ക്-ഈവനിലെത്തിയത് ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിലായിരുന്നു. തൊട്ട് മുമ്പുള്ള മാര്‍ച്ച് പാദത്തില്‍ 80 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഗ്രോസ് ഓര്‍ഡര്‍ വാല്യുവില്‍ പാദാടിസ്ഥാനത്തിലുണ്ടായ 10 ശതമാനം വളര്‍ച്ചയാണ് വരുമാനത്തിലെ വര്‍ധനവിന് പ്രധാന കാരണം.
അടുത്തകാലത്ത് നടത്തിയ നിക്ഷേപങ്ങളുടേയും, ഏറ്റെടുക്കലുകളുടേയും പേരില്‍ ഏറെ പഴി കേട്ട കമ്പനി മാനേജ്‌മെന്റ് അവരുടെ എല്ലാ തീരുമാനങ്ങളും ശരിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ദീര്‍ഘകാല അടിസ്ഥാനത്തില്‍, നിക്ഷേപങ്ങളെല്ലാം മികച്ച വളര്‍ച്ചാ സാധ്യതയുള്ളവയാണെന്ന് അവര്‍ വിലയിരുത്തുന്നു. എന്നിരുന്നാലും, ഉടനടി മറ്റ് ചെറുകിട നിക്ഷേപങ്ങള്‍ക്ക് സാധ്യതയില്ലെന്ന് അവര്‍ വ്യക്തമാക്കി. കമ്പനിയുടെ ലക്ഷ്യം ഇപ്പോള്‍ പണം സമാഹരിക്കുക എന്നാതാണ്. കൂടാതെ, ഏറ്റെടുത്ത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതും പ്രധാനമാണ്.
ആഗോള ബ്രോക്കറേജായ ജെഫ്രീസ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൊമാറ്റോ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണെന്ന് അഭിപ്രായപ്പെടുകയും, വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇത് വിപണിയില്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ബ്രോക്കറേജ് ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്, നഷ്ടം കുറയ്ക്കാനും, ഫുഡ് ഡെലിവറി വിഭാഗം ബ്രേക്ക്-ഈവനിലെത്തിക്കാനുമുള്ള കമ്പനി മാനേജ്‌മെന്റിന്റെ കഴിവിനെ അവര്‍ കുറച്ചു കാണുകയായിരുന്നുവെന്നാണ്.
ഓഹരി ഇന്ന് 19.96 ശതമാനം ഉയര്‍ന്ന് 55.60 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഇത് 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 40.55 രൂപ വരെയെത്തിയിരുന്നു.