image

18 July 2022 10:22 PM GMT

Stock Market Updates

ആഗോളസൂചനകള്‍ ആശാവഹമല്ല, കമ്പനി ഫലങ്ങള്‍ നിര്‍ണ്ണായകം

Suresh Varghese

ആഗോളസൂചനകള്‍ ആശാവഹമല്ല, കമ്പനി ഫലങ്ങള്‍ നിര്‍ണ്ണായകം
X

Summary

അമേരിക്കന്‍ വിപണിയിലെ ഇന്നലത്തെ വീഴ്ച്ചയുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികളും ഇന്ന് രാവിലെ നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കി മാത്രമാണ് ലാഭത്തില്‍ വ്യാപാരം നടത്തുന്നത്. മറ്റെല്ലാ പ്രമുഖ സൂചികകളും നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.06ന് 0.78 ശതമാനം നഷ്ടത്തിലാണ്. നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും വരാനിരിക്കുന്ന കേന്ദ്ര ബാങ്കുകളുടെ നയതീരുമാനങ്ങളിലാണ്. ബാങ്ക് ഓഫ് ജപ്പാനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും വ്യാഴാഴ്ച്ച യോഗം ചേരുകയാണ്. ഇസിബി നിരക്ക് ഉയര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഓഫ് ജപ്പാന്റെ കാര്യത്തില്‍ ഇതുവരെയും […]


അമേരിക്കന്‍ വിപണിയിലെ ഇന്നലത്തെ വീഴ്ച്ചയുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികളും ഇന്ന് രാവിലെ നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കി മാത്രമാണ് ലാഭത്തില്‍ വ്യാപാരം നടത്തുന്നത്. മറ്റെല്ലാ പ്രമുഖ സൂചികകളും നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.06ന് 0.78 ശതമാനം നഷ്ടത്തിലാണ്. നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും വരാനിരിക്കുന്ന കേന്ദ്ര ബാങ്കുകളുടെ നയതീരുമാനങ്ങളിലാണ്. ബാങ്ക് ഓഫ് ജപ്പാനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും വ്യാഴാഴ്ച്ച യോഗം ചേരുകയാണ്. ഇസിബി നിരക്ക് ഉയര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഓഫ് ജപ്പാന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
അമേരിക്കന്‍ വിപണി
കമ്പനികളുടെ വരുമാന പ്രഖ്യാപന സീസണ്‍ ആരംഭിച്ചപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ നേരിയ നിരാശ പടരുകയാണ്. ഇന്നലെ ആപ്പിള്‍ പ്രഖ്യാപിച്ചത് അവര്‍ പുതിയ നിയമനങ്ങളും ചെലവിടലും കുറയ്ക്കുകയാണെന്നാണ്. ഇത് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കി. കൂടാതെ ഗോള്‍ഡ്മാന്‍ സാക്‌സും നിയമനങ്ങളും, ചെലവഴിക്കലും അടുത്ത സാമ്പത്തികവര്‍ഷം കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പുറത്തു വന്ന നാഷണല്‍ ഹൗസിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സ് കണക്കുകള്‍ പ്രതീക്ഷിച്ചതിലും താഴെയാണ്. ചെറിയഭവനങ്ങളുടെ വില്‍പന കണക്കുകളാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഭവന ഡിമാന്‍ഡ് നേരിയ തോതില്‍ കുറയുന്ന ലക്ഷണമാണ് ഇത് കാണിക്കുന്നത്. ഡോളര്‍ വിലയും ഏഷ്യന്‍ വിപണിയില്‍ നേരിയ താഴ്ച്ചയിലാണ്.
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ വില ഇന്നലെ ഏകദേശം 5 ഡോളര്‍ ഉയര്‍ന്നതിന് ശേഷം ഇന്ന് രാവിലെ ഏഷ്യന്‍ വിപണിയില്‍ നേരിയ നഷ്ടം കാണിക്കുന്നു. ബ്രെന്റ് ക്രൂഡ് സെപ്റ്റംബര്‍ ഫ്യൂച്ചേഴ്‌സ് 105 ഡോളറിന് അടുത്താണ്. എണ്ണവിലയിലെ ചാഞ്ചാട്ടം കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധന തീരുമാനം വരുന്നത് വരെ ചാഞ്ചാട്ടത്തിലായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഒരുപോലെ അറ്റ നിക്ഷേപകരായി മാറിയ ദിവസമായിരുന്നു ഇന്നലെ. എഫ്പിഐകള്‍ 156 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 844 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഇന്നലെ വിപണി ഉയര്‍ന്നതില്‍ ഇതിന് നിര്‍ണായക സ്വാധീനം ചെലുത്താനായി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അറ്റവാങ്ങല്‍ സംഭവിക്കുന്നത് ഈ മാസം നാലാം തവണയാണ്. ഈ നില തുടര്‍ന്നാല്‍ വിപണി ഉയരുന്നതിന് വലിയ സഹായകരമാകും.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഇന്ന് നിര്‍ണായകമാവുക ആഗോള സൂചനകളും കമ്പനി ഫലങ്ങളുമാണ്. ഇന്ന് പ്രധാനമായും പുറത്ത് വരാനുള്ള കമ്പനി ഫലങ്ങള്‍ അംബുജ സിമന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലീവര്‍, ഐസിഐസിഐ ലൊംബാര്‍ഡ്, പോളിക്യാബ് ഇന്ത്യ എന്നിവയുടേതാണ്. ആഗോള സൂചനകള്‍ പൊതുവേ നെഗറ്റീവായതിനാല്‍ ആഭ്യന്തര വിപണിയെ ഉണര്‍ത്തേണ്ട ബാധ്യത കമ്പനി ഫലങ്ങള്‍ക്ക് തന്നെയാണ്. എന്നാല്‍, ഓഹരി വ്യാപാരികളും കമ്പനികളും സെബിയ്ക്ക് നല്‍കുന്ന ഫീസിന് മേല്‍ 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം. ഇത് പൊതുവേ വിപണിയ്ക്ക് നിരാശ പകരുന്നതാണ്.
വിദഗ്ധാഭിപ്രായം
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറയുന്നു: "വിപണിയ്ക്ക് വലിയ തിരിച്ചടിയായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയില്‍ ഇപ്പോള്‍ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത് വലിയൊരു വിജയമാണ്. ഇതിനര്‍ത്ഥം ചില നിക്ഷേപകരെങ്കിലും ചില മേഖലകളില്‍ മൂല്യം കണ്ടെത്തുന്നുവെന്നാണ്. ഈ മാസം നാലാം തവണയാണ് വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായി മാറുന്നത്. ഐടി ഓഹരികളിലുണ്ടായ വിലയിടിവ് മൂല്യ നിര്‍ണയം ന്യായമായ നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള ധനകാര്യ ഓഹരികള്‍ ഇപ്പോള്‍ തിരിച്ചു വരവ് തുടങ്ങിയിട്ടുണ്ട്. അവയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമായി നിലനിന്നപ്പോഴും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയാണ് അവയ്ക്ക് തിരിച്ചടിയായത്. ഉപഭോക്തൃ പണപ്പെരുപ്പ നിരക്കും നേരിയ തോതില്‍ താഴുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന കുറവ് പണപ്പരുപ്പം കൂടുതല്‍ നിയന്ത്രണവിധേയമാക്കിയേക്കും. ഇത്തരം വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കളായ ഓട്ടോമൊബൈല്‍സ്, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികളുടെ ലാഭം ഉയരാന്‍ ഇത് സഹായകരമാണ്."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,619 രൂപ (ജൂലൈ 19 )
ഒരു ഡോളറിന് 79.98 രൂപ (ജൂലൈ 18 6.30 pm)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.4 ഡോളര്‍ (ജൂലൈ 19 8.30 am)
ഒരു ബിറ്റ് കൊയ്ന്റെ വില 22,106.35 രൂപ (ജൂലൈ 19, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)