11 July 2022 10:27 PM GMT
Summary
ഓഹരി വിപണികളില്‍ ഇന്ന് രാവിലെ നഷ്ടത്തിന്റെ കണക്കുകളാണ് പ്രകടമാവുന്നത്. പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.10 ന് 0.75 ശതമാനം നഷ്ടത്തിലാണ്. ചൈനയില്‍ വര്‍ധിച്ച് വരുന്ന കോവിഡ് കണക്കുകളും അതിനെ നേരിടാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങളും സാമ്പത്തിക വളര്‍ച്ച തടസ്സപ്പെടുത്തുമെന്ന ഭീതി ശക്തിപ്പെട്ടിട്ടുണ്ട്. ഷാങ്ഹായ് മേഖലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇതിന് പുറമെ കേന്ദ്ര ബാങ്കുകളില്‍ നിന്ന് കൂടുതല്‍ നിരക്കുയര്‍ത്തല്‍ നടപടികളുണ്ടാകുമെന്ന ആശങ്കയും ശക്തിപ്രാപിക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേയ്ക്ക് പ്രകൃതി […]
ഓഹരി വിപണികളില്‍ ഇന്ന് രാവിലെ നഷ്ടത്തിന്റെ കണക്കുകളാണ് പ്രകടമാവുന്നത്. പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.10 ന് 0.75 ശതമാനം നഷ്ടത്തിലാണ്. ചൈനയില്‍ വര്‍ധിച്ച് വരുന്ന കോവിഡ് കണക്കുകളും അതിനെ നേരിടാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങളും സാമ്പത്തിക വളര്‍ച്ച തടസ്സപ്പെടുത്തുമെന്ന ഭീതി ശക്തിപ്പെട്ടിട്ടുണ്ട്. ഷാങ്ഹായ് മേഖലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇതിന് പുറമെ കേന്ദ്ര ബാങ്കുകളില്‍ നിന്ന് കൂടുതല്‍ നിരക്കുയര്‍ത്തല്‍ നടപടികളുണ്ടാകുമെന്ന ആശങ്കയും ശക്തിപ്രാപിക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേയ്ക്ക് പ്രകൃതി വാതകമെത്തിക്കുന്ന പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത് യൂറോപ്പിലാകെ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം വിപണിയെ സ്വാധീനിക്കുന്നതിന്റെ ഫലമായാണ് വ്യാപാരം മന്ദഗതിയിലാകുന്നത്.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണിയും ഇന്നലെ നഷ്ടത്തിലായിരുന്നു. ഇതിന് പ്രധാന കാരണം പണപ്പെരുപ്പ ഭീതിയും, സാമ്പത്തിക വളര്‍ച്ച കുറയുമെന്ന ആശങ്കയുമാണ്. ആഗോള വിപണികളെല്ലാം നഷ്ടത്തിലായതോടെ ഇന്നലെ അമേരിക്കന്‍ ട്രഷറി ബില്ലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. അതിനാല്‍ ബോണ്ട് യീല്‍ഡ് മൂന്ന് ശതമാനത്തില്‍ താഴെയായി. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതിന്റെ ഫലമായി യൂറോയുടെ വിലയിലും, രൂപയിലും ഇടിവുണ്ടായി. അമേരിക്കയില്‍ ഉപഭോക്തൃ വില (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തുവരും (ഇന്ത്യയില്‍ വ്യാഴാഴ്ച്ച ലഭ്യമാകും). ഇതിന്റെ അടിസ്ഥാനത്തിലാവും ഫെഡ് നിരക്കു വര്‍ധനവിന്റെ തോത് നിര്‍ണ്ണയിക്കുന്നത്. വിപണി സസൂക്ഷ്മം കാത്തിരിക്കുന്നതും ഈ കണക്കുകള്‍ക്ക് വേണ്ടിയാണ്.
ആഭ്യന്തര വിപണി
ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ താഴ്ച്ചയിലാണ്. ആഗോള സാമ്പത്തിക വളര്‍ച്ച കുറഞ്ഞേക്കുമെന്ന ഭീതിയാണ് ഈ ഇടിവിന് കാരണം. ഇന്ത്യയെ സംബന്ധിച്ച് ഇത് സന്തോഷ വാര്‍ത്തയാണ്. ജൂണ്‍ മാസത്തെ സിപിഐ പണപ്പെരുപ്പ കണക്കുകള്‍ ഇന്ന് പുറത്തു വരും. മേയ് മാസത്തില്‍ ഇത് 7.04 ശതമാനമായിരുന്നു. വിപണിയുടെ പ്രതീക്ഷ ഇത് ഏറെക്കുറേ 7.10 ശതമാനത്തിനടുത്തെത്തുമെന്നാണ്. കൂടാതെ, മേയ് മാസത്തിലെ വ്യവസായ ഉത്പാദന കണക്കുകളും ഇന്ന് ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ പ്രതീക്ഷിക്കാം. ആഭ്യന്തര സാമ്പത്തിക സൂചകങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ വിപണിയില്‍ ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ടിസിഎസിന്റെ ഒന്നാംപാദ ഫലത്തെ തുടര്‍ന്ന് ഐടി സൂചികയിലുണ്ടായ കനത്ത നഷ്ടമാണ് ഇന്നലെ വിപണിയില്‍ നേരിയ ഇടിവുണ്ടാക്കിയത്. കമ്പനി ഫലങ്ങള്‍ ഏറെ നിര്‍ണ്ണായകമാവുന്നതും ഈ സാഹചര്യത്തിലാണ്. ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കല്‍, കേന്ദ്ര ബാങ്കുകളുടെ നയപരമായ തീരുമാനങ്ങള്‍ എന്നീ ബാഹ്യ ഘടകങ്ങള്‍ അമിതമായി സ്വാധീനം ചെലുത്താത്ത സാഹചര്യത്തില്‍ വിപണിയുടെ ഗതി നിയന്ത്രിക്കുക കമ്പനി ഫലങ്ങളടക്കമുള്ള ആഭ്യന്തര സാമ്പത്തിക സൂചകങ്ങളായിരിക്കും.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ കണക്കുകളനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 170.51 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 296.99 കോടി രൂപ വിലയുള്ള ഓഹരികള്‍ അധിക വില്‍പ്പന നടത്തി. രണ്ടു കൂട്ടരും അറ്റവില്‍പ്പനക്കാരായി മാറിയ അസാധാരണ സാഹചര്യമായിരുന്നു ഇന്നലെ. ഇരുവരുടേയും അറ്റവില്‍പ്പനയുടെ തോത് നന്നേ കുറഞ്ഞത് വിപണിയ്ക്ക് ആശ്വാസമായി.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസറ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ആഗോള വിപണികളെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന നിരന്തരമായ വര്‍ധനവാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ഡോളറിന്റെ മൂല്യത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായി. 2022 ല്‍ അമേരിക്കന്‍ കറന്‍സി 13 ശതമാനം നേട്ടമുണ്ടാക്കി. ഈ നില തുടര്‍ന്നാല്‍ വളരുന്ന ഏഷ്യന്‍ വിപണികള്‍ക്ക് വലിയ ഭീഷണിയാണ്. എന്നാല്‍ ഡോളറിലേയ്ക്കുള്ള നിക്ഷേപങ്ങളുടെ ഒഴിക്കിന് ഇപ്പോൾ നേരിയ കുറവ് വന്നിട്ടുണ്ട്. ചിലപ്പോള്‍ ഇതില്‍ കാര്യമായ കുറവ് സംഭവിച്ചേക്കാം. ആഭ്യന്തര വിപണിയില്‍, ടിസിഎസിന്റെ ഒന്നാംപാദ ഫലങ്ങള്‍ ഐടി മേഖലയിലെ ലാഭം കുറയുന്നതിന്റെ സൂചനയായി മാറിയിട്ടുണ്ട്. എന്നാല്‍ ഈ മേഖലയിലെ ഓഹരികളുടെ വില നിര്‍ണ്ണയം ഏറെക്കുറേ ന്യായമാണ്. ഏറ്റവും ശക്തമായി പിടിച്ചു നില്‍ക്കുന്ന ഓഹരി ഐസിഐസിഐ ബാങ്കാണ്. ബാങ്ക് നിഫ്റ്റിയാണ് ചെറുത്തുനില്‍പ്പ് പ്രകടമാക്കുന്ന പ്രധാന ഉപസൂചിക. ബാങ്കിംഗ് മേഖലയുടെ ഈ പ്രകടനം തുടരാനാണ് സാധ്യത. ഓട്ടോമൊബൈല്‍, കാപിറ്റല്‍ ഗുഡ്‌സ്, ചില എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ ശക്തമായ നിലയിലാണ്."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,680 രൂപ (ജൂലൈ 12)
ഒരു ഡോളറിന് 79.35 രൂപ (ജൂലൈ 12)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.11 ഡോളര്‍ (ജൂലൈ 12, 8.15 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,49,981 രൂപ (ജൂലൈ 12, 8.16 am, വസീര്‍എക്‌സ്)