9 July 2022 2:41 AM GMT
Summary
ധനകാര്യ ഓഹരികള്‍, കണ്‍സ്യൂമര്‍ കേന്ദ്രീകൃത ഓഹരികള്‍ എന്നിവ വാങ്ങാനുള്ള താല്‍പര്യം നിക്ഷേപകര്‍ വീണ്ടെടുത്തതോടെ സെന്‍സെക്‌സും, നിഫ്റ്റിയും ഈ ആഴ്ച്ച ഏകദേശം മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. ഇത് ഓഹരി വിപണിക്ക് കൂടുതല്‍ ശക്തി നേടാനും കാരണമായി. ആഗോള ചരക്ക് വിലയിലുണ്ടായ കുറവും, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ശക്തമായതും, പണപ്പെരുപ്പത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ ഇല്ലാതാക്കുകയും ഗ്രാമീണ ഉപഭോഗത്തിലും വളര്‍ച്ചയിലും വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിപണിയിലെ സെക്ടറല്‍ സൂചികകളില്‍, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സാണ് […]
ധനകാര്യ ഓഹരികള്‍, കണ്‍സ്യൂമര്‍ കേന്ദ്രീകൃത ഓഹരികള്‍ എന്നിവ വാങ്ങാനുള്ള താല്‍പര്യം നിക്ഷേപകര്‍ വീണ്ടെടുത്തതോടെ സെന്‍സെക്‌സും, നിഫ്റ്റിയും ഈ ആഴ്ച്ച ഏകദേശം മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. ഇത് ഓഹരി വിപണിക്ക് കൂടുതല്‍ ശക്തി നേടാനും കാരണമായി. ആഗോള ചരക്ക് വിലയിലുണ്ടായ കുറവും, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ശക്തമായതും, പണപ്പെരുപ്പത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ ഇല്ലാതാക്കുകയും ഗ്രാമീണ ഉപഭോഗത്തിലും വളര്‍ച്ചയിലും വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
വിപണിയിലെ സെക്ടറല്‍ സൂചികകളില്‍, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇത് 5.95 ശതമാനം ഉയര്‍ന്നു. എഫ്എംസിജി സൂചിക 5.67 ശതമാനം, റിയല്‍റ്റി സൂചിക അഞ്ചു ശതമാനത്തിലധികവും കഴിഞ്ഞയാഴ്ച്ച നേട്ടം കൈവരിച്ചു. ടൈറ്റന്‍, ഡാബര്‍, ഗോദ്‌റജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങിയ കമ്പനികള്‍ ജൂണില്‍ അവസാനിച്ച പാദത്തില്‍ ശക്തമായ വരുമാനവും ഉത്പാദന വളര്‍ച്ചയും രേഖപ്പെടുത്തിയതിനാല്‍ കണ്‍സ്യൂമര്‍ ഓഹരികളോടുള്ള നിക്ഷേപകരുടെ താല്‍പര്യം മെച്ചപ്പെട്ടിട്ടുണ്ട്.
2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ശക്തമായ വില്‍പ്പന വളര്‍ച്ച കാണിച്ച റിയല്‍റ്റി മേഖലയിലും നിക്ഷേപകരുടെ ഓഹരി വാങ്ങുന്നതിനുള്ള താല്‍പര്യം ഉയര്‍ന്നിട്ടുണ്ട്. വസ്തുവിന്റെ വിലയും, ഉയര്‍ന്ന പലിശ നിരക്കും കുറഞ്ഞതോതില്‍ പോലും നിക്ഷേപകരുടെ താല്‍പര്യത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വായ്പകളിലെ ശക്തമായ വളര്‍ച്ചയ്ക്കും ആസ്തി ഗുണനിലവാരം മെച്ചപ്പെടുന്നതും മൂലം ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിപണിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വായ്പാ ദാതാക്കളുടെ മികച്ച പ്രകടനത്തോടെ ബാങ്ക് നിഫ്റ്റി ഈ ആഴ്ചയില്‍ 4.72 ശതമാനം നേട്ടമുണ്ടാക്കി. പിഎസ് യു ബാങ്ക് നിഫ്റ്റി സൂചിക ഈ ആഴ്ചയില്‍ 6.61 ശതമാനവും ഉയര്‍ന്നു.
റിലയന്‍സ് സെക്യൂരിറ്റീസിന്റെ അഭിപ്രായത്തില്‍, കാര്‍ഷിക വായ്പാ വളര്‍ച്ച കഴിഞ്ഞ 2 വര്‍ഷമായി കോവിഡ് മൂലം അതിന്റെ ദീര്‍ഘകാല ശരാശരി വളര്‍ച്ചയായ 16.5 ശതമാനത്തില്‍ നിന്ന്, ഒമ്പത് ശതമാനം താഴ്ന്ന നിലയിലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ പകര്‍ച്ചവ്യാധി ഉണ്ടാക്കിയ സ്വാധീനത്തെയാണ്. ചരിത്രപരമായി ശരാശരി വളര്‍ച്ചയായ 16 ശതമാനത്തിനു മുകളില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച തിരിച്ചുവരുമെന്നും, കൂടാതെ, സാധാരണ മണ്‍സൂണ്‍ ലഭിക്കുന്നതോടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
മണ്‍സൂണിന് ഗ്രാമീണ സമ്പദ് വ്യവസ്ഥയും,വാഹന വില്‍പ്പനയും, പ്രത്യേകിച്ച് ട്രാക്ടറുകള്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ വില്‍പ്പനയുമായി ശക്തമായ ബന്ധമാണുള്ളത്. സാധാരണ മഴ ലഭിക്കുന്ന സമയങ്ങളില്‍ ഗ്രാമീണ തൊഴിലാളികള്‍ക്കുള്ള വേതനത്തില്‍ ഉയര്‍ച്ച കാണാം. എന്നാല്‍, മഴ കുറവാണെങ്കില്‍ വേതനം ശരാശരിയെക്കാള്‍ കുറയുന്നതായും കാണാം. വേതന നിരക്ക് ഉയരുന്നതാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയും, ഉപഭോഗവും ഉയരുന്നതിന്റെ പ്രധാന സൂചന.
സെന്‍സെക്‌സിലെ ഘടകങ്ങളില്‍ എഫ്എംസിജി മേഖലയാണ് ശ്രദ്ധപിടിച്ചു പറ്റിയത്. ടൈറ്റന്‍, എച്ച് യുഎല്‍ എന്നിവ യഥാക്രമം 10.16 ശതമാനം, 9.33 ശതമാനം നേട്ടത്തോടെയാണ് ഈ ആഴ്ച്ച ക്ലോസ് ചെയ്തത്. ഇവയ്ക്കു പിന്നാലെ എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവ ഏഴ് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയായത്, ആവശ്യമായ എണ്ണയുടെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസമായി.
കൂടാതെ, വിദേശ കരുതല്‍ ശേഖരം ഉയര്‍ത്തുന്നതിനും, ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാകുന്നത് തടയുന്നതിനുമായി ഡോളറിന്റെ വരവ് ആകര്‍ഷകമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ച നടപടികളും നിക്ഷേപകരുടെ താല്‍പര്യത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) തുടര്‍ച്ചയായ വില്‍പ്പനയും, ഡോളറിന്റെ ആവശ്യകത വര്‍ധിച്ചും മൂലം കഴിഞ്ഞയാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ നിര്‍ണായകമായ 80 രൂപ കടന്നിരുന്നു. വിദേശ നിക്ഷേപകരുടെ വില്‍പനയുടെ വേഗത കുറഞ്ഞെങ്കിലും, ജൂലൈയില്‍ ഇതുവരെ 4,096 കോടി രൂപയുടെ ആഭ്യന്തര ഓഹരികളുടെ അറ്റ വില്‍പ്പനക്കാരായി അവര്‍ തുടരുന്നു.