8 July 2022 8:18 AM GMT
Summary
ആഴ്ചയുടെ അവസാന ദിവസവും വിപണി മികച്ച നേട്ടത്തിൽ കലാശിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവു മൂലം സൂചികയിലെ മുൻനിര ഓഹരികളുടെ വാങ്ങലുകൾ വർധിച്ചതും, മികച്ച കാലവർഷവും, അന്താരാഷ്ട്ര ഓഹരി വിപണികളിൽ ഉണ്ടായ മുന്നേറ്റവും ഇന്നും വിപണിയെ തുണച്ചു. നിഫ്റ്റി അതിന്റെ നിർണായക നിലയായ 16,200 മറികടന്ന് 87.70 (0.54 ശതമാനം) പോയിന്റ് ഉയർന്ന് 16,220.60 ൽ അവസാനിച്ചപ്പോൾ സെൻസെക്സ് 303.38 പോയിന്റ് (0.56 ശതമാനം) ഉയർന്നു 54,481.84 ലും ക്ലോസ് ചെയ്തു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ, സാമ്പത്തിക […]
ആഴ്ചയുടെ അവസാന ദിവസവും വിപണി മികച്ച നേട്ടത്തിൽ കലാശിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവു മൂലം സൂചികയിലെ മുൻനിര ഓഹരികളുടെ വാങ്ങലുകൾ വർധിച്ചതും, മികച്ച കാലവർഷവും, അന്താരാഷ്ട്ര ഓഹരി വിപണികളിൽ ഉണ്ടായ മുന്നേറ്റവും ഇന്നും വിപണിയെ തുണച്ചു.
നിഫ്റ്റി അതിന്റെ നിർണായക നിലയായ 16,200 മറികടന്ന് 87.70 (0.54 ശതമാനം) പോയിന്റ് ഉയർന്ന് 16,220.60 ൽ അവസാനിച്ചപ്പോൾ സെൻസെക്സ് 303.38 പോയിന്റ് (0.56 ശതമാനം) ഉയർന്നു 54,481.84 ലും ക്ലോസ് ചെയ്തു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ, സാമ്പത്തിക ഉണർവ്വിനും, എല്ലാ മേഖലകളിലെയും ഡിമാൻഡ് ഉയർത്തുന്നതിനും കാലവർഷത്തിനു മുഖ്യ പങ്കുണ്ടെന്നു റിലയൻസ് സെക്യൂരിറ്റീസിന്റെ റിസർച്ച് ഹെഡ് മിതുൽ ഷാ പറഞ്ഞു.
"ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ വളർച്ച, മൊത്ത ഉപഭോഗ വളർച്ചയെ ത്വരിതപ്പെടുന്നതിനു സഹായിക്കും. അതിനാൽ കാലവർഷത്തിന്റെ അളവും, സമയവും, വിതരണവും ഇന്ത്യൻ വിപണിയിലും സമ്പദ് വ്യവസ്ഥയിലും നിർണായക പങ്കാണ് വഹിക്കുന്നത്. പ്രത്യേകിച്ചും, സങ്കീർണമായ ഭക്ഷ്യ വിലവർധനവും, ഡിമാന്റിലുള്ള ദൗർബല്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ. കഴിഞ്ഞ 8-10 ദിവസങ്ങളിലായി ലഭിക്കുന്ന കാലവർഷം നിക്ഷേപകർക്കും വിപണിക്കും മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. ജൂൺ പകുതിയിൽ ഉണ്ടായിരുന്ന കാലവർഷത്തിന്റെ 20 ശതമാനത്തോളമുള്ള കുറവിൽ നിന്നും നിലവിൽ 0.3 ശതമാനത്തിന്റെ വർദ്ധനവ് കാർഷിക മേഖലയിലെ ഉണർവ്വിന്റെ ശുഭ സൂചനയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ടിസിഎസ്സിന്റെ ത്രൈമാസ ഫലം ഇന്ന് പുറത്തു വരാനിരിക്കെ ഐടി ഓഹരികളിൽ ലാഭമെടുപ്പിന് ശ്രമമുണ്ടായി. അതിനാൽ, സമ്മിശ്ര പ്രതികരങ്ങളാണ് ഉണ്ടായത്. ടിസിഎസ് 0.67 ഇടിഞ്ഞു. വിപ്രോ, എച്ച്സിഎൽ എന്നിവ യഥാക്രമം 0.38 ശതമാനവും, 0.29 ശതമാനവും ഇടിഞ്ഞു. എന്നാൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവ യഥാക്രമം 1.02 ശതമാനവും, 0.66 ശതമാനവും ഉയർന്നു.
സെൻസെക്സിലെ പ്രധാന ഓഹരികളിൽ എൽ ആൻഡ് ടി 4.72 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ, പവർ ഗ്രിഡ്, എൻടിപിസി എന്നിവ യഥാക്രമം 2.94 ശതമാനവും, 2.21 ശതമാനവും നേട്ടമുണ്ടാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ യഥാക്രമം 1.82 ശതമാനവും, 1.62 ശതമാനവും ഉയർന്നു.
വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,897 എണ്ണം ലാഭത്തിലായപ്പോൾ 1,378 എണ്ണം നഷ്ടത്തിലായി. ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സ് 4.20 ഇടിഞ്ഞ് 18.40 ശതമാനമായി. ഇത് വിപണിയിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്.
"വ്യാപാരത്തിലുടനീളം നിഫ്റ്റി അതിന്റെ 50 ദിവസത്തെ എക്സ്പൊണെൻഷ്യൽ മൂവിങ് ആവറേജ് (EMA) നു മുകളിലാണ് നിന്നത്. ഇത് സൂചിപ്പിക്കുന്നത് പോസിറ്റീവ് ട്രെൻഡ് ആണ്. മറ്റു സാങ്കേതിക സൂചകങ്ങളായ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്‌സും പോസിറ്റീവ് ആണ്. നിഫ്റ്റി 16,000 ത്തിനു മുകളിൽ നിലനിൽക്കുന്നിടത്തോളം പോസിറ്റീവ് ആയി തന്നെ നിലനിൽക്കും. മുകളിലേക്കു പോയാൽ, 16,300 ൽ തൊട്ടടുത്ത പ്രതിരോധം ഉണ്ടായേക്കാം," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.