image

30 Jun 2022 3:59 AM IST

Stock Market Updates

ആഗോള കാലാവസ്ഥ പ്രതികൂലം; വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കും

Suresh Varghese

ആഗോള കാലാവസ്ഥ പ്രതികൂലം; വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കും
X

Summary

ഇന്ത്യന്‍ വിപണിയെ ഇന്നും കാത്തിരിക്കുന്നത് അത്ര ശുഭകരമായ സാഹചര്യമല്ല. രാവിലെ ഏഷ്യന്‍ വിപണികളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ സമ്മിശ്രമാണ്. പ്രമുഖ സൂചികകളായ ജപ്പാനിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നഷ്ടത്തിലാണ്. എന്നാല്‍ ഷാങ്ഹായ് കോംപസിറ്റ്, ചൈന എ50, ഹോംകോംഗിലെ ഹാങ് സെങ് എന്നിവ ലാഭത്തിലാണ്. അമേരിക്കന്‍ വിപണിയിലും ഇന്നലെ കൃത്യമായ ദിശയുണ്ടായിരുന്നില്ല. ഡൗ ജോണ്‍സ് 0.27 ശതമാനം ലാഭത്തില്‍ അവസാനിച്ചപ്പോള്‍ എസ്ആന്‍ഡ്പി 500, നാസ്ഡാക് എന്നിവ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. […]


ഇന്ത്യന്‍ വിപണിയെ ഇന്നും കാത്തിരിക്കുന്നത് അത്ര ശുഭകരമായ സാഹചര്യമല്ല. രാവിലെ ഏഷ്യന്‍ വിപണികളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ സമ്മിശ്രമാണ്. പ്രമുഖ സൂചികകളായ ജപ്പാനിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നഷ്ടത്തിലാണ്. എന്നാല്‍ ഷാങ്ഹായ് കോംപസിറ്റ്, ചൈന എ50, ഹോംകോംഗിലെ ഹാങ് സെങ് എന്നിവ ലാഭത്തിലാണ്. അമേരിക്കന്‍ വിപണിയിലും ഇന്നലെ കൃത്യമായ ദിശയുണ്ടായിരുന്നില്ല. ഡൗ ജോണ്‍സ് 0.27 ശതമാനം ലാഭത്തില്‍ അവസാനിച്ചപ്പോള്‍ എസ്ആന്‍ഡ്പി 500, നാസ്ഡാക് എന്നിവ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

അമേരിക്കന്‍ വിപണി
ഇന്നലെ പുറത്തു വന്ന അമേരിക്കയിലെ ക്വാര്‍ട്ടര്‍ലി ജിഡിപി കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായിരുന്നു. കഴിഞ്ഞ പാദത്തിലെ -1.5 ശതമാനത്തെക്കാള്‍ താഴ്ന്ന് -1.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രധാന സൂചകമായ കുടുംബങ്ങളുടെ ചെലവഴിക്കല്‍ ശേഷി അടയാളപ്പെടുത്തുന്ന 'റിയല്‍ കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ്' 1.8 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 3.1 ശതമാനമായിരുന്നു. ഈ പ്രതികൂല വാര്‍ത്തകളോടൊപ്പം കര്‍ശന പണനയം കൂടി ചേരുമ്പോള്‍ അമേരിക്കന്‍ സമ്പദ്ഘടനയില്‍ മാന്ദ്യം ഒഴിവാക്കാന്‍ സാധിക്കാതെ വരും. ഈ ഘടകങ്ങളാണ് ഇന്നലെ വിപണിക്ക് തിരിച്ചടിയായത്.

ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മെമ്പറായ ലൊറേറ്റ മെസ്റ്റര്‍ ഇന്നലെ പറഞ്ഞത് ജൂലൈയിലെ പണനയ മീറ്റിംഗില്‍ത്തന്നെ, സാഹചര്യം ഇതേപോലെ തുടര്‍ന്നാല്‍, 75 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തണമെന്നാണ്. അടുത്ത വര്‍ഷത്തോടെ സുപ്രധാന നിരക്കുകള്‍ നാല് ശതമാനത്തിന് അല്‍പ്പം മുകളില്‍ എത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, പോര്‍ച്ചുഗലില്‍ ചേര്‍ന്ന ഒരു സമ്മേളനത്തില്‍ യുഎസ് ഫെഡിന്റെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും തലവന്‍മാര്‍ അഭിപ്രായപ്പെട്ടത് പണപ്പെരുപ്പം പെട്ടന്നൊന്നും കുറയാന്‍ പോകുന്നില്ലെന്നും അതിനെ നേരിടാന്‍ നീണ്ടുനില്‍ക്കുന്ന പരിശ്രമങ്ങള്‍ വേണ്ടി വരുമെന്നുമാണ്. ഈ നിലപാടുകളെല്ലാം വിപണിക്ക് തിരിച്ചടിയാണ്.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില 116 ഡോളറിനോടടുത്ത് മാറ്റമില്ലാതെ തുടരുന്നു. അമേരിക്കയില്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്രൂഡോയില്‍ ശേഖരം കുറയുകയാണ്. ഇതോടൊപ്പം ഉത്പാദനത്തിലും വിതരണത്തിലും നിലനില്‍ക്കുന്ന തടസങ്ങള്‍ കൂടി ചേരുമ്പോള്‍ വില വര്‍ദ്ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, ആഗോള മാന്ദ്യ ഭീതിയാണ് ഊര്‍ജ്ജ വിലകളെ ഇതില്‍ നിന്നും തടയുന്നത്. ഇന്ത്യന്‍ രൂപ ഇന്നലെ അതിന്റെ എക്കാലത്തെയും താഴ്ന്ന നിരക്കായ 79.03 ലെത്തി. ഉയരുന്ന ക്രൂഡോയില്‍ വില രൂപയുടെ സ്ഥിതി ദയനീയമാക്കും.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 851 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 847.46 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ വില്‍പ്പനയോളം തന്നെ ആഭ്യന്തര നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നത് വിപണിയുടെ സ്ഥിരതയ്ക്ക് കാരണമാകുന്നുണ്ട്.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "ഫെഡ് ചീഫ് ജെറോം പവലിന്റെ കടുത്ത നിലപാടുകള്‍ ഇന്നലെയും തുടര്‍ന്നു. പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചിരിക്കുകയാണെന്നും, സമ്പദ്ഘടനയില്‍ ഇതിന്റെ (നിരക്കുയര്‍ത്തലിന്റെ) ആഘാതം കുറയ്ക്കുക വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, വിപണി ഇതിനെ അവഗണിക്കുകയും വ്യാപാരം ഏറെക്കുറെ 'ഫ്‌ളാറ്റായി' അവസാനിക്കുകയും ചെയ്തു. വിപണി അതിന്റെ താഴ്ച്ചയുടെ പരമാവധിയില്‍ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാവാം ഇത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ഇന്നലെ 851 കോടി രൂപയില്‍ എത്തിയത് കനത്ത വിറ്റഴിക്കല്‍ കുറയുന്നതിന്റെ സൂചനകൂടിയാവാം. ജൂണ്‍ മാസം ശരാശരി 2,700 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റിരുന്നു. ഈ നില തുടരുമോയെന്ന് കാത്തിരുന്ന് കാണാം. ജൂലൈ മധ്യത്തോടെ പുറത്തു വരാനിരിക്കുന്ന ഒന്നാംപാദ ഫലങ്ങള്‍ വളരെ നിര്‍ണായകമാണ്. വിപണിയുടെ ഹ്രസ്വകാല പെരുമാറ്റങ്ങളെ നിര്‍ണയിക്കുന്നതും ഇതായിരിക്കും. ഐടി, ഓട്ടോ മേഖലയില്‍ നിന്നുള്ള ഫലങ്ങള്‍ മെച്ചപ്പെട്ടതായിരിക്കും. എന്നാല്‍, മെറ്റല്‍സ്, സിമെന്റ്, ചിലതരം എഫ്എംസിജികള്‍ എന്നിവയുടെ ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നേക്കില്ല."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,665 രൂപ (ജൂണ്‍ 30)
ഒരു ഡോളറിന് 78.89 രൂപ (ജൂണ്‍ 30)
ബ്രെന്റ് ക്രൂഡ് ബാരലിന് 116.14 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 16,70,175 രൂപ (8.35 am)