image

23 Jun 2022 10:32 PM GMT

Stock Market Updates

ആഗോള ചലനങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് തുണയാകും

Suresh Varghese

ആഗോള ചലനങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് തുണയാകും
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് പോസിറ്റീവായ ചില നീക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.29 ന് 0.41 ശതമാനം നേട്ടത്തിലാണ്. മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിനോടടുത്ത ഉയര്‍ന്നു നില്‍ക്കുന്നു. ഇന്നലെ അമേരിക്കന്‍ വിപണിയും നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള മാന്ദ്യത്തെപ്പറ്റിയുള്ള ഭീതി കമ്മോഡിറ്റി വിലകള്‍ നേരിയതോതിലെങ്കിലും കുറയുവാന്‍ കാരണമാകുന്നുണ്ട്. ഇത് ആഗോള തലത്തില്‍ ഓഹരി വിപണികള്‍ക്ക് ഗുണം ചെയ്യും. ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് വില ഇന്നു രാവിലെ […]


ഇന്ത്യന്‍ വിപണിയില്‍ ഇന്ന് പോസിറ്റീവായ ചില നീക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.29 ന് 0.41 ശതമാനം നേട്ടത്തിലാണ്. മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിനോടടുത്ത ഉയര്‍ന്നു നില്‍ക്കുന്നു. ഇന്നലെ അമേരിക്കന്‍ വിപണിയും നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള മാന്ദ്യത്തെപ്പറ്റിയുള്ള ഭീതി കമ്മോഡിറ്റി വിലകള്‍ നേരിയതോതിലെങ്കിലും കുറയുവാന്‍ കാരണമാകുന്നുണ്ട്. ഇത് ആഗോള തലത്തില്‍ ഓഹരി വിപണികള്‍ക്ക് ഗുണം ചെയ്യും. ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് വില ഇന്നു രാവിലെ നേരിയ താഴ്ച്ചയിലാണ്. കോപ്പര്‍ അടക്കമുള്ള മറ്റു ലോഹങ്ങളുടെ വിലയിലും കുറവനുഭവപ്പെടുന്നുണ്ട്. ഇതിന്റെ നേട്ടം ഇന്നലെ ആഭ്യന്തര വിപണിയില്‍ ഓട്ടമൊബൈല്‍ ഓഹരികള്‍ക്ക് ലഭിച്ചു. ഊര്‍ജ്ജ-ഭക്ഷ്യ വിലകളാണ് പണപ്പെരുപ്പത്തെ നയിക്കുന്നത്. അതിനാല്‍ എണ്ണ വിലയിലുണ്ടാകുന്ന നേരിയ കുറവും ഓഹരി വിപണികളില്‍ പോസിറ്റീവായ ചലനങ്ങളുണ്ടാക്കും.

അമേരിക്കന്‍ വിപണി
കര്‍ശനമായ നിരക്കുയര്‍ത്തലിന്റെ ഭീതിയിലാണെങ്കിലും അമേരിക്കന്‍ വിപണികള്‍ക്ക് ഇന്നലെ ആശ്വാസ നേട്ടമുണ്ടായി. പുറത്തു വരുന്ന സാമ്പത്തിക സൂചകങ്ങളനുസരിച്ച് സമ്പദ്ഘടന അത്ര ആരോഗ്യകരമായ നിലയിലല്ല. വളര്‍ച്ച ഏറെ ദുര്‍ബലമാകുന്ന സ്ഥിതിയാണ്. യുഎസ് ഇനീഷ്യല്‍ ജോബ് ലെസ് ക്ലെയിംസ് വര്‍ദ്ധിച്ചു. അമേരിക്കന്‍ തൊഴില്‍ വിപണി ഉദ്ദേശിച്ചപോലെ വികസിക്കുന്നില്ല എന്നതിന്റെ സൂചകമാണിത്. യുഎസ് മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് പ്രതീക്ഷിച്ചത്ര ഉയര്‍ന്നിട്ടില്ല. ഇത് ദുര്‍ബലമായ വളര്‍ച്ചയുടെ സൂചനയാണ്. കൂടാതെ സര്‍വീസസ് പിഎംഐയും നേരിയ തോതിലാണ് വികസിച്ചിരിക്കുന്നത്. ഇതും അത്ര ശോഭനമായ ചിത്രമല്ല നല്‍കുന്നത്. കടുത്ത പണനയ നിലപാടിലേക്ക് നീങ്ങുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഫെഡിന് ഈ ഘടകങ്ങള്‍ പരിഗണിക്കേണ്ടി വരും.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,319 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,438 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. സമീപകാലത്ത്, വിദേശ നിക്ഷേപകരുടെ വില്‍പ്പനയെ മറികടക്കുന്ന തരത്തില്‍ ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ ഇന്നലെ നടന്നു. വിപണി ഉയര്‍ന്നതിന് പ്രധാന കാരണങ്ങളിലൊന്നും ഇതാണ്.

ഇന്ത്യന്‍ രൂപ
രൂപ ഇന്നലെയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍, ഡോളറിലേക്കുള്ള നിക്ഷേപങ്ങളുടെ പ്രവാഹമാണ് ഇതിനു കാരണം. എണ്ണ വിലയില്‍ കുറവു വരുന്നത് ഒരു പക്ഷേ രൂപയെ ഇന്ന് സഹായിച്ചേക്കാം. വിദേശ നിക്ഷേപകരുടെ വില്‍പ്പന കുറയുന്നതും പോസിറ്റീവായ ഘടകമാണ്.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "വളരെ കൃത്യമായ ചില സാമ്പത്തിക, വിപണി സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. അമേരിക്കയിലെയും, യൂറോപ്പിലെയും പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സും, റീട്ടെയില്‍ വില്‍പ്പന കണക്കുകളും വെളിവാക്കുന്നത് മാന്ദ്യ സൂചനകളാണ്. ഈ സാഹചര്യത്തിലാണ് മിക്ക കേന്ദ്ര ബാങ്കുകളും നിരക്കുയര്‍ത്തുന്നത്. ഇത് മാന്ദ്യം തുടരാന്‍ ഇടയാക്കും. ചിലപ്പോള്‍ അമേരിക്കന്‍ വിപണിയെ തളര്‍ച്ചയിലേക്ക് തള്ളിവിടാനും കാരണമാകും. വിപണികൾ ഇത് തിരിച്ചറിയുന്നതിനാലും, ഓഹരികള്‍ അമിത വില്‍പ്പനയ്ക്ക് വിധേയമായി നില്‍ക്കുന്നതിനാലും ചില ഹ്രസ്വകാല മുന്നേറ്റങ്ങള്‍ക്കുള്ള ശ്രമമുണ്ടാകുന്നുണ്ട്. നിഫ്റ്റിയില്‍ ഇന്നലെയുണ്ടായ കനത്ത കയറ്റിറക്കങ്ങള്‍ ഈ അനിശ്ചിതാവസ്ഥയുടെ സൂചനകളാണ്. അക്‌സെന്‍ഞ്ച്വറിന്റെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഐടി മേഖലയില്‍ ഡിമാന്‍ഡിന് കുറവു സംഭവിക്കുന്നില്ല എന്നാണ്. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഒന്നാംപാദ ഫലങ്ങള്‍ മികച്ചതാകാനാണ് സാധ്യത. എന്നാല്‍, ഓഹരികളുടെ ചലനത്തെ നിയന്ത്രിക്കുന്നത് ഈ സാമ്പത്തിക വര്‍ഷത്തെ മാനേജുമെന്റുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളായിരിക്കും. മെറ്റല്‍ വിലകളിലുണ്ടായ തകര്‍ച്ച ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ഗുണകരമാണ്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,765 രൂപ (ജൂണ്‍ 24)
ഒരു ഡോളറിന് 78.25 രൂപ (ജൂണ്‍ 24)
ബ്രെന്റ് ക്രൂഡ് ബാരലിന് 109.87 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 17,42,761 രൂപ (8.35 am)