image

22 Jun 2022 10:27 PM GMT

Stock Market Updates

അമേരിക്കന്‍ മാന്ദ്യ ഭീതിയില്‍ വിപണികള്‍ ഉലയുന്നു

Suresh Varghese

അമേരിക്കന്‍ മാന്ദ്യ ഭീതിയില്‍ വിപണികള്‍ ഉലയുന്നു
X

Summary

ഇന്നലത്തെ അപ്രതീക്ഷിതമായ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്നു വ്യാപാരം ആരംഭിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പ്രതികൂലമാണ്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പത്തെ നേരിടുക എന്നതാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്ന് ഫെഡ് ചീഫ് ജെറോമി പവല്‍ സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ നടത്തിയ പ്രസ്താവന വിപണികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. നിരക്കുയര്‍ത്തലിലൂടെ ഒരു മാന്ദ്യം സൃഷ്ടിക്കാന്‍ ഫെഡ് മനപ്പൂര്‍വം ശ്രമിക്കുന്നില്ലെന്നും, എന്നാല്‍ സ്വാഭാവികമായി മാന്ദ്യം സംഭവിച്ചേക്കാമെന്നും പവല്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയോടെ അമേരിക്കന്‍ വിപണികളില്‍ ഊര്‍ജ്ജ, ടെക് ഓഹരികള്‍ക്ക് […]


ഇന്നലത്തെ അപ്രതീക്ഷിതമായ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്നു വ്യാപാരം ആരംഭിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പ്രതികൂലമാണ്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പത്തെ നേരിടുക എന്നതാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്ന് ഫെഡ് ചീഫ് ജെറോമി പവല്‍ സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ നടത്തിയ പ്രസ്താവന വിപണികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. നിരക്കുയര്‍ത്തലിലൂടെ ഒരു മാന്ദ്യം സൃഷ്ടിക്കാന്‍ ഫെഡ് മനപ്പൂര്‍വം ശ്രമിക്കുന്നില്ലെന്നും, എന്നാല്‍ സ്വാഭാവികമായി മാന്ദ്യം സംഭവിച്ചേക്കാമെന്നും പവല്‍ കൂട്ടിച്ചേര്‍ത്തു.
ഈ പ്രസ്താവനയോടെ അമേരിക്കന്‍ വിപണികളില്‍ ഊര്‍ജ്ജ, ടെക് ഓഹരികള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. സാമ്പത്തിക മാന്ദ്യം ഉണ്ടായാല്‍ അതിന്റെ ആഘാതം ആദ്യം ഏല്‍ക്കുന്ന മേഖലകളിലൊന്ന് ഊര്‍ജ്ജ മേഖലയാണ്. അതിനാല്‍ ഇന്നലെയും എണ്ണ വിപണിയിലെ ഇടിവ് തുടര്‍ന്നു. ഇന്നലെ പുറത്തു വന്ന ഒന്നാം പാദത്തിലെ വ്യാപാര കണക്കുകളനുസരിച്ച് ഇന്ത്യയുടെ 'ബാലന്‍സ് ഓഫ് പേമെന്റ്' സാഹചര്യം കാര്യമായി മെച്ചപ്പെടുന്നില്ല. എണ്ണ വിലയിലെ കുത്തനെയുള്ള വര്‍ദ്ധനവാണ് ഇതിനു കാരണം. ഇന്ന് വിപണിയില്‍ ഇത് പ്രതിഫലിച്ചേക്കും.
ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളിലും ഇന്ന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, ഷാങ്ഹായ് കോംപസിറ്റ്, ചൈന എ50, ഹാങ്‌സെങ് എന്നീ സൂചികകള്‍ ലാഭത്തിലാണ്. എന്നാല്‍, ജപ്പാനിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നഷ്ടം കാണിക്കുന്നു. ശക്തിപ്പെടുന്ന സാമ്പത്തിക മാന്ദ്യ ഭീതിയാണ് ഇവിടെയും നിക്ഷേപകരെ പിന്നോട്ടു വലിക്കുന്നത്.
ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില താഴ്ച്ചയിലാണ്. ഏകദേശം രണ്ടു ശതമാനം വിലക്കുറവ് ആദ്യഘട്ട വ്യാപാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിനുശേഷമുള്ള സമ്പദ് ഘടനകളുടെ തിരിച്ചുവരവിന് ഇപ്പോള്‍ സംഭവിക്കുന്ന നിരക്കുയര്‍ത്തലുകള്‍ ഭീഷണിയാണെന്ന് എണ്ണ വിപണി വിലയിരുത്തുന്നു. കൂടാതെ, അമേരിക്കന്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില കുറയ്ക്കാനുള്ള നടപടികള്‍ ബൈഡന്‍ ഭരണകൂടം തുടങ്ങിക്കഴിഞ്ഞു. ഇതെല്ലാം ആഗോള എണ്ണ വിപണികളെ തളര്‍ത്തുന്നുണ്ട്.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ഓരോ ദിവസം കഴിയുന്തോറും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഒരു മാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്. ഇത് വിപണികളെ ദുര്‍ബലമാക്കും. പണപ്പെരുപ്പം കുറയുന്നതായും, കടുത്ത നിരക്കു വര്‍ദ്ധന ഒഴിവാക്കാവുന്നതാണെന്നും ഫെഡ് സൂചന നല്‍കുന്നതുവരെ ഈ അസ്വസ്ഥതകള്‍ വിപണിയില്‍ തുടരും. ഇത്തരമൊരു സാഹചര്യം ഉണ്ടാകണമെങ്കില്‍ ആദ്യം ക്രൂഡ് വിലയില്‍ കാര്യമായ കുറവുണ്ടാകണം."
"നിഫ്റ്റി അതിന്റെ താഴത്തെ നിലയായ 15,800 - 16,800 ഭേദിച്ചതിനാല്‍ വിപണിയുടെ ഘടന ദുര്‍ബലമായതായി കരുതാം. വിദേശ നിക്ഷേപകരുടെ നിരന്തരമായ പിന്മാറ്റങ്ങളും, കൂടുതല്‍ ഓഹരി വില്‍പ്പനയുണ്ടാകുമെന്നുള്ള സൂചനകളും വിപണിയുടെ മുന്നേറ്റത്തിനുള്ള ഏതു ശ്രമവും തടസപ്പെടുത്തുന്നു. അതിനാലാണ് പലപ്പോഴും ലാഭമെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നത്. ഈ സമയത്ത് സംയമനത്തോടെ കാത്തിരിക്കുകയാണ് ഉചിതം. മികച്ച ഓഹരികള്‍ കുറഞ്ഞ വിലയില്‍ വാങ്ങുകയുമാകാം. ധനകാര്യ ഓഹരികള്‍ക്കു പുറമേ രൂപയുടെ വിലയിടിവില്‍ നേട്ടമുണ്ടാകുന്ന ഐടി ഓഹരികളും, മെറ്റല്‍ വിലക്കുറവിന്റെ നേട്ടം ലഭിക്കുന്ന ഓട്ടോമൊബൈല്‍ ഓഹരികളും ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായവയാണ്," വിജയകുമാര്‍ പറഞ്ഞു.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,920 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,859 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വളരുന്ന വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇപ്പോഴും തുടരുകയാണ്. ഇത് രൂപയുടെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാക്കുന്നു. ആഗോള എണ്ണവില കുറയുമ്പോഴും അതിന്റെ മെച്ചം രൂപയ്ക്ക് ലഭിക്കാത്തതിന്റെ കാരണം വിദേശ നിക്ഷേപങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കാണ്. ഇന്നലെ രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 78.38 വരെയെത്തിയിരുന്നു.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,745 രൂപ (ജൂണ്‍ 23)
ഒരു ഡോളറിന് 78.13 രൂപ (ജൂണ്‍ 23)
ബ്രെന്റ് ക്രൂഡ് ബാരലിന് 108.75 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 16,80,655 രൂപ (8.35 am)