image

21 Jun 2022 8:22 AM GMT

Stock Market Updates

വിപണി മികച്ച നേട്ടത്തിൽ; ആഗോള മുന്നേറ്റം തുണയായി

Bijith R

വിപണി മികച്ച നേട്ടത്തിൽ; ആഗോള മുന്നേറ്റം തുണയായി
X

Summary

ഓഹരി വിപണി ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ, ആഗോള ഓഹരികളിലുണ്ടായ വീണ്ടെടുക്കലും, അമേരിക്കൻ ഫ്യുച്ചേഴ്സ് വിപണിയിൽ ഉണ്ടായ മികച്ച നേട്ടവും ആഭ്യന്തര വിപണി രണ്ടു ശതമാനത്തോളം ഉയരുന്നതിനു കാരണമായി. സെൻസെക്സ് 934.23 പോയിന്റ് (1.81 ശതമാനം) വർധിച്ച് 52,532.07 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 288.65 പോയിന്റ് (1.88 ശതമാനം) ഉയർന്ന് 15,638.80 ലും ക്ലോസ് ചെയ്തു. അന്താരാഷ്ട്ര വിപണികളിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് നിക്ഷേപകരിൽ മികച്ച പ്രതീക്ഷ നൽകി. ഓയിൽ വില […]


ഓഹരി വിപണി ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ, ആഗോള ഓഹരികളിലുണ്ടായ വീണ്ടെടുക്കലും, അമേരിക്കൻ ഫ്യുച്ചേഴ്സ് വിപണിയിൽ ഉണ്ടായ മികച്ച നേട്ടവും ആഭ്യന്തര വിപണി രണ്ടു ശതമാനത്തോളം ഉയരുന്നതിനു കാരണമായി.

സെൻസെക്സ് 934.23 പോയിന്റ് (1.81 ശതമാനം) വർധിച്ച് 52,532.07 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 288.65 പോയിന്റ് (1.88 ശതമാനം) ഉയർന്ന് 15,638.80 ലും ക്ലോസ് ചെയ്തു.

അന്താരാഷ്ട്ര വിപണികളിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് നിക്ഷേപകരിൽ മികച്ച പ്രതീക്ഷ നൽകി. ഓയിൽ വില 10 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഷോർട്ട് പൊസിഷനുകൾ (ബെയറിഷ് ബെറ്റ്) എടുത്ത നിക്ഷേപകർക്ക് വിപണിയിലുണ്ടായ മുന്നേറ്റം കാരണം തങ്ങളുടെ പൊസിഷനുകൾ തിരികെ വാങ്ങേണ്ടിവന്നതും വിപണിക്ക് കരുത്തേകി. ഷോർട്ട് പൊസിഷനുകൾ എന്നാൽ, വില കൂടുതൽ ഇടിയും എന്ന പ്രതീക്ഷയിൽ ഓഹരികൾ ഫ്യുച്ചേഴ്സ് മാർക്കറ്റിൽ മുൻകൂറായി വിൽക്കുകയും, പിന്നീട് വില കുറയുമ്പോൾ അതേ ഓഹരികൾ തന്നെ വാങ്ങുകയും ചെയ്യുന്ന ഇടപാടാണ്. വിൽപ്പന വിലയും, തിരികെ വാങ്ങുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരിയുടെ ലാഭം

"ആഗോള വിപണികൾ കഴിഞ്ഞ ഒരാഴ്ചത്തെ നഷ്ടത്തിൽ നിന്ന് തിരിച്ചു വന്നിരിക്കുകയാണ്. ഇന്ത്യൻ വിപണിയും രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം തകർച്ചക്ക് ശേഷം ആശ്വാസകരമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കുന്ന നിരക്കുവർധന സമ്പദ് വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ഒരു ഭാഗത്തു നിലനിൽക്കുമ്പോഴും, ക്രൂഡ് ഓയിൽ വിലയിലുണ്ടായ 10 ശതമാനം ഇടിവ് ഇന്ത്യൻ വിപണിക്ക് വലിയൊരാശ്വാസമായി. വിപണികൾ 'ഉയരുമ്പോൾ വിൽക്കുക' എന്ന മാർഗം സ്വീകരിക്കുമ്പോഴും, ഇടയ്ക്കിടെയുള്ള ഇത്തരം തിരിച്ചു വരവുകൾ തള്ളിക്കളയാനാവില്ല. കേന്ദ്ര ബാങ്കുകളുടെ കർശന പണനയം അടുത്ത കുറച്ച മാസങ്ങളിലും തുടരാനാണ് സാധ്യത. ഇത് വിപണിയെ അസ്ഥിരമാക്കും," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ റീട്ടെയിൽ റിസർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.

വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,502 എണ്ണം ലാഭത്തിൽ അവസാനിച്ചപ്പോൾ, 831 എണ്ണം നഷ്ടത്തിലും അവസാനിച്ചു. ബിഎസ് ഇ സ്മാൾ ആൻഡ് മിഡ് ക്യാപ് സൂചികകൾ യഥാക്രമം 2.99 ശതമാനവും, 2.42 ശതമാനവും ഉയർന്നു. സെൻസെക്സിലെ 30 പ്രധാന ഓഹരികളിൽ നെസ്‌ലെ മാത്രം ലാഭമെടുപ്പു കാരണം നഷ്ടത്തിലായി. ബാക്കിയുള്ള 29 ഓഹരികളും ലാഭത്തിൽ അവസാനിച്ചു.

വിപണിയിലെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്തി (bottom fishing ideas) വാങ്ങാവുന്ന ഓഹരികൾ എന്ന നിലയിൽ, ഗ്ലോബൽ ബ്രോക്കറേജ് ഹൗസ് ജെഫ്‌റീസ് ഏതാനും ഓഹരികൾ ശുപാർശ ചെയുന്നു. ഈ ഓഹരികളെല്ലാം അവയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 25 ശതമാനത്തോളം താഴ്ന്നാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്. എങ്കിലും വിദഗ്ധരുടെ അഭിപ്രായത്തിൽ ഇവ മികച്ച ഓഹരികളാണ്. "2022-24 സാമ്പത്തിക വർഷത്തിൽ, ഈ ഓഹരികളുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) 29 ശതമാനത്തോളം ആണ്. ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ പ്രു ലൈഫ്, എൽഐസി ഹൗസിങ്, പിരമൾ എന്റർപ്രൈസസ്, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, ഡിഎൽഎഫ്, ഇൻഫോസിസ്, കോഫോർജ്, ജൂബിലന്റ് ഫുഡ്, ഗോദ്‌റെജ്‌ കോൺസ്, ഡിക്‌സൺ, ക്രോംപ്ടൺ കൺസ്യൂമർ ഇലക്ട്രിക്കൽസ്, വോൾട്ടാസ്, ഫോർട്ടിസ്, ഗ്ലാൻഡ് ഫാർമാ എന്നിവയാണ് കമ്പനികൾ," ജെഫ്‌റീസ് പറഞ്ഞു.