image

18 Jun 2022 3:12 AM GMT

Stock Market Updates

വിപണിയിടിവ്: കടന്നു പോയത് രണ്ടു വർഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ച

Bijith R

വിപണിയിടിവ്: കടന്നു പോയത് രണ്ടു വർഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ച
X

Summary

സെൻസെക്‌സും, നിഫ്റ്റിയും കഴിഞ്ഞയാഴ്ച 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്. നിരക്ക് വർധനയിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നടപടികൾക്കിടയിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതിയുയരുന്നതും ലോക വിപണികളെ ഉലച്ചിരുന്നു. പ്രധാന സൂചികകളായ ഡൗ ജോൺസ്‌, എസ് ആൻഡ് പി 500, നാസ്ഡാക് എന്നിവ ബെയർ മാർക്കറ്റ് മേഖലയിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായി. സൂചികകൾ സമീപകാലത്തെ ഉയർന്ന നിലയിൽ നിന്നും 20 ശതമാനത്തോളം ഇടിഞ്ഞു. സെൻസെക്സ് 2,943 പോയിന്റ് (5.42 ശതമാനം) തകർന്ന് 51,360.42 […]


സെൻസെക്‌സും, നിഫ്റ്റിയും കഴിഞ്ഞയാഴ്ച 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്. നിരക്ക് വർധനയിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നടപടികൾക്കിടയിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതിയുയരുന്നതും ലോക വിപണികളെ ഉലച്ചിരുന്നു. പ്രധാന സൂചികകളായ ഡൗ ജോൺസ്‌, എസ് ആൻഡ് പി 500, നാസ്ഡാക് എന്നിവ ബെയർ മാർക്കറ്റ് മേഖലയിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായി. സൂചികകൾ സമീപകാലത്തെ ഉയർന്ന നിലയിൽ നിന്നും 20 ശതമാനത്തോളം ഇടിഞ്ഞു.

സെൻസെക്സ് 2,943 പോയിന്റ് (5.42 ശതമാനം) തകർന്ന് 51,360.42 ലും, നിഫ്റ്റി 908.30 പോയിന്റ് (5.61ശതമാനം) ഇടിഞ്ഞ് 15,293.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2020 മേയ് മാസത്തിനു ശേഷമുണ്ടായ ഏറ്റവും താഴ്ന്ന പ്രതിവാര ഇടിവാണിത്.

യുഎസ് ഫെഡ് നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തുകയും, ജൂലൈയിൽ നടക്കാനിരിക്കുന്ന മീറ്റിംഗിൽ വീണ്ടും 50-75 ബേസിസ് പോയിന്റ് വർധിപ്പിക്കുമെന്നുള്ള സൂചന നൽകുകയും ചെയ്തു. കൂടാതെ, ഫെഡ് 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി പ്രവചനം 2.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറക്കുകയും ചെയ്തു. ഇത് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്.

ബെയ്‌ജിങിലും മറ്റു സിറ്റികളിലും വ്യാപിക്കുന്ന കോവിഡ് ചൈനയെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സ്വിസ് നാഷണൽ ബാങ്ക് 15 വർഷത്തിനിടയിൽ ആദ്യമായി നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. കൂടാതെ, യൂറോപ്യൻ സെൻട്രൽ ബാങ്കും (ഇസിബി) കഴിഞ്ഞയാഴ്ച അടിയന്തര യോഗം വിളിച്ച്, ജൂലൈയിൽ നിരക്കുയർത്തുമെന്ന് സൂചന നൽകുകയും ചെയ്തു. ഈ കാരണങ്ങളെല്ലാം നിക്ഷേപകരെ വിപണികളിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. യൂറോപ്പിലേക്കുള്ള പ്രകൃതി വാതകത്തിന്റെ കയറ്റുമതി റഷ്യ വെട്ടിക്കുറച്ചത് യൂറോപ്പിൽ ഗ്യാസ് വില 25 ശതമാനം വർധിക്കുന്നതിന് കാരണമായി. റഷ്യ-യുക്രെയിൻ യുദ്ധം 17ാം ആഴ്ചയിലും തുടരുമ്പോൾ ലോകമെമ്പാടും പണപ്പെരുപ്പ സമ്മർദ്ദത്തിലാണ്.

“എമേർജിങ് മാർക്കറ്റുകളിൽ നിന്നുമുള്ള ഇക്വിറ്റി ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് 13 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. എന്നാൽ, ചൈനയുടെ പണനയം ഇപ്പോഴും 'അക്കൊമൊഡേറ്റീവ്' ആണ്. ചൈന ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള റീട്ടെയിൽ പണമൊഴുക്ക് ഇപ്പോഴും തുടരുന്നു. യുഎസ് ഫെഡിന്റെ നിരക്കു വർധനവിന് അനുസൃതമായി വളരെ ജാഗ്രതയോടെയാണ്‌ ചൈനയുടെ സെൻട്രൽ ബാങ്ക് നീങ്ങുന്നത്. നിലവിൽ ചൈനയുടെ ഔദ്യോ​ഗിക പണപ്പെരുപ്പ നിരക്ക് 2.1 ശതമാനമാണ്. യൂറോപ്പിലും, യുഎസ് ലും 8 ശതമാനത്തിൽ അധികമാണ്," ഇപിഎഫ്ആർ ഗ്ലോബലിന്റെ റിസേർച്ച് ഹെഡ് കാമറോൺ ബ്രാന്റ് പറഞ്ഞു.

ആഭ്യന്തര വിപണിയിൽ, മൺസൂൺ കാലതാമസം കാർഷിക മേഖലയിൽ ഭീതിയുയർത്തുന്നുണ്ട്. ഇത് ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമായേക്കാം. കൂടാതെ, ഇത് ഗ്രാമീണ മേഖലയെ ഒരു മാന്ദ്യത്തിലേക്കും നയിച്ചേക്കാം. അങ്ങനെയെങ്കിൽ, എഫ്എംസിജി, കൺസ്യുമർ ഡ്യൂറബിൾസ്, ഓട്ടോമൊബൈൽസ് എന്നിവയുടെ വില്പനയേയും ഇത് സാരമായി ബാധിക്കും.

ആർബിഐ ഡെപ്യൂട്ടി ​ഗവർണ്ണർ എം രാജേശ്വർ റാവു പറയുന്നത്, 2022 മാർച്ച് വരെയുള്ള കണക്കു പ്രകാരം ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തികൾ (എൻപിഎ) 6 ശതമാനത്തിലും താഴെയാണ്. 2016 നു ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൂടാതെ, അറ്റ നിഷ്ക്രിയ ആസ്തികൾ 1.7 ശതമാനമായി കുറഞ്ഞു. ഇത് ഈ മേഖല കോവിഡിന്റെ ദൂഷ്യഫലങ്ങളിൽ വലിയ തോതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.