17 Jun 2022 8:36 AM GMT
Summary
ഓഹരി വിപണി ആറാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. കേന്ദ്ര ബാങ്കുകളുടെ നിരക്കു വർധന മൂലം ആഗോള സാമ്പത്തിക വളർച്ചയിലുണ്ടായേക്കാവുന്ന ഇടിവ് നിക്ഷേപക താൽപ്പര്യത്തെ സ്വാധീനിച്ചു. സെൻസെക്സ് 135.37 പോയിന്റ് (0.26 ശതമാനം) താഴ്ന്ന് 51,360.42 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 67.10 പോയിന്റ് (0.44 ശതമാനം) താഴ്ന്ന് 15,293.50 ലും ക്ലോസ് ചെയ്തു. അമേരിക്കൻ വിപണിയിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ വിറ്റഴിക്കലും, ദുർബലമായ ഏഷ്യൻ വിപണികളും ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിച്ചു. “വർധിക്കുന്ന പണപ്പെരുപ്പവും, ആഗോള കേന്ദ്ര […]
ഓഹരി വിപണി ആറാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. കേന്ദ്ര ബാങ്കുകളുടെ നിരക്കു വർധന മൂലം ആഗോള സാമ്പത്തിക വളർച്ചയിലുണ്ടായേക്കാവുന്ന ഇടിവ് നിക്ഷേപക താൽപ്പര്യത്തെ സ്വാധീനിച്ചു.
സെൻസെക്സ് 135.37 പോയിന്റ് (0.26 ശതമാനം) താഴ്ന്ന് 51,360.42 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 67.10 പോയിന്റ് (0.44 ശതമാനം) താഴ്ന്ന് 15,293.50 ലും ക്ലോസ് ചെയ്തു. അമേരിക്കൻ വിപണിയിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ വിറ്റഴിക്കലും, ദുർബലമായ ഏഷ്യൻ വിപണികളും ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിച്ചു.
“വർധിക്കുന്ന പണപ്പെരുപ്പവും, ആഗോള കേന്ദ്ര ബാങ്കുകൾ നടപ്പാക്കുന്ന കർശന പണനയ പ്രഖ്യാപനങ്ങളും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകൾ കണക്കിലെടുക്കാൻ വിപണിയെ പ്രേരിപ്പിക്കുകയാണ്. കേന്ദ്ര ബാങ്കുകളുടെ ധ്വനി കൂടുതൽ നിരക്കു വർദ്ധന പ്രോത്സാഹിപ്പിക്കുന്നതായതിനാൽ വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും ഇതേ രീതിയിൽ തുടരും. ആഭ്യന്തര വിപണി ഹ്രസ്വ കാലത്തേക്ക് അസ്ഥിരമായിത്തന്നെ തുടരും. എങ്കിലും ഇടക്കാല-ദീർഘകാല കാലയളവ് ലക്ഷ്യമാക്കി നല്ല ഓഹരികൾ വാങ്ങുന്നതിനുള്ള അവസരമാണിത്," ജിയോജിത് ഫിനാൻഷ്യൽ സർവ്വീസസിന്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ഫാർമ, എഫ്എംസിജി, ഐടി, ഓട്ടോ മേഖലകളിലെ ഓഹരികൾ വലിയ വില്പന സമ്മർദ്ദം നേരിട്ടു. എന്നാൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾക്ക് ആവശ്യക്കാരുണ്ടായി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ് ഐസിഐസിഐ ബാങ്ക് എന്നിവ യഥാക്രമം 2.63 ശതമാനം, 2.47 ശതമാനം, 1.43 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 0.70 ശതമാനവും, കൊട്ടക് ബാങ്ക് 0.15 ശതമാനവും, ആക്സിസ് ബാങ്ക് 0.03 ശതമാനവും ഉയർന്നു.
എന്നാൽ, ടൈറ്റൻ 6.06 ശതമാനവും, ഡോ റെഡ്‌ഡീസ് 3.35 ശതമാനവും, വിപ്രോ 4.07 ശതമാനവും ഇടിഞ്ഞു. ഭാരതി എയർടെൽ, എച്ച് യു എൽ, ടിസിഎസ്, എൻടിപിസി, മാരുതി, പവർ ഗ്രിഡ്, അൾട്രാടെക് സിമന്റ്, എൽ ആൻഡ് ടി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് എന്നിവ 1.5 ശതമാനം മുതൽ 3 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
“നിഫ്റ്റി നെഗറ്റീവ് ചായ്‌വിൽത്തന്നെ വ്യാപാരം തുടരുമെന്ന് കരുതാം. സൂചിക 15,500 ന് താഴെ നിലനിന്നാൽ, വിപണിയിലുണ്ടാകുന്ന ഉയർച്ച ഓഹരികൾ വിറ്റ് ലാഭമെടുക്കാനുള്ള അവസരമായി നിക്ഷേപകർ ഉപയോഗിക്കണം," മോത്തിലാൽ ഓസ്വാൾ ഫിനാഷ്യൽ സർവ്വീസസിന്റെ വൈസ് പ്രസിഡന്റ് ചന്ദൻ തപരിയ പറഞ്ഞു.
കോഫോർജ്, നവിൻ ഫ്ലൂറൈൻ, എച്ച്എഎൽ, ക്രോംപ്ടൺ ഗ്രീവ്സ്, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, എന്നീ ഓഹരികൾ ഫ്യുച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ബുള്ളിഷ് പൊസിഷനുകൾ എടുത്തപ്പോൾ, വിപ്രോ, ടൈറ്റൻ, പെട്രോനെറ്റ്, യുബിഎൽ, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട് എന്നിവ ബെയറിഷ് പൊസിഷനിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,252 എണ്ണം നഷ്ടത്തിൽ അവസാനിച്ചപ്പോൾ, 1,076 എണ്ണം ലാഭത്തിലും അവസാനിച്ചു.