9 Jun 2022 8:59 AM GMT
Summary
നാലു ദിവസത്തെ നഷ്ടത്തിനു ശേഷം വിപണി ഇന്നു തിരിച്ചു വന്നു. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ പണമൊഴുക്ക് വർധിച്ചുവെന്ന കണക്കുകൾ പുറത്തു വന്നതിനു പിന്നാലെ ഊർജം, ഫാർമ, ഐടി, ബാങ്കുകൾ, എഫ്എംസിജി ഓഹരികളിലുണ്ടായ പുതിയ വാങ്ങലുകളാണ് വിപണിയുടെ തിരിച്ചുവരവിന് കാരണമായത്. കൂടാതെ, യുഎസ് ഫ്യുച്ചേഴ്സ് വിപണിയിൽ ഉണ്ടായ നേട്ടവും നിക്ഷേപകർക്ക് അനുകൂലമായി. സെൻസെക്സ് 427.79 പോയിന്റ് (0.78 ശതമാനം) ഉയർന്ന് 55,320.28 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 121.85 പോയിന്റ് (0.74 ശതമാനം ) ഉയർന്ന് 16,478.10 ൽ ക്ലോസ് […]
നാലു ദിവസത്തെ നഷ്ടത്തിനു ശേഷം വിപണി ഇന്നു തിരിച്ചു വന്നു. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ പണമൊഴുക്ക് വർധിച്ചുവെന്ന കണക്കുകൾ പുറത്തു വന്നതിനു പിന്നാലെ ഊർജം, ഫാർമ, ഐടി, ബാങ്കുകൾ, എഫ്എംസിജി ഓഹരികളിലുണ്ടായ പുതിയ വാങ്ങലുകളാണ് വിപണിയുടെ തിരിച്ചുവരവിന് കാരണമായത്. കൂടാതെ, യുഎസ് ഫ്യുച്ചേഴ്സ് വിപണിയിൽ ഉണ്ടായ നേട്ടവും നിക്ഷേപകർക്ക് അനുകൂലമായി.
സെൻസെക്സ് 427.79 പോയിന്റ് (0.78 ശതമാനം) ഉയർന്ന് 55,320.28 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 121.85 പോയിന്റ് (0.74 ശതമാനം ) ഉയർന്ന് 16,478.10 ൽ ക്ലോസ് ചെയ്തു.
ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ, വിപണി ഇടിയുമെന്ന പ്രതീക്ഷയിൽ ഷോർട് പൊസിഷനുകൾ എടുത്ത നിക്ഷേപകർക്ക് അതിനു പകരമായി വാങ്ങേണ്ടി വന്നതും വിപണി മുന്നേറ്റത്തിന് ബലമേകി.
ഇൻഡസ്ട്രി ബോഡിയായ അസ്സോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (എഎംഎഫ്ഐ) ഇന്നു പുറത്തു വിട്ട കണക്കുകൾ പ്രകാരം വിപണിയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നുവെങ്കിൽ കൂടിയും മെയ് മാസത്തിൽ ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്ക് വർധിച്ചിട്ടുണ്ട്. അവർ മെയ് മാസത്തിൽ 18,529.43 കോടി രൂപയുടെ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിച്ചു. ഏപ്രിലിൽ ഇത് 15,890.38 കോടി രൂപയായിരുന്നു. മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ആഭ്യന്തര നിക്ഷേപകർ എന്നിവർ ഇക്വിറ്റികളിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തിയ ശക്തമായ നിക്ഷേപങ്ങൾ വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലിന്റെ ആഘാതത്തെ ലഘൂകരിക്കുകയും, മറ്റ് ആഗോള വിപണികളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ വിപണിയെ പ്രാപ്തമാക്കുകയും ചെയ്തു.
"തുടർച്ചയായ ചാഞ്ചാട്ടം ഉണ്ടായിട്ടും റീട്ടെയിൽ നിക്ഷേപകർക്ക് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ താല്പര്യമുള്ളതായി കാണുന്നുണ്ട്. ഈ ഒഴുക്ക് എല്ലാ മേഖലകളിലും — ലാർജ് ക്യാപ്, മിഡ് ക്യാപ്, ഫ്ലെക്സി ക്യാപ് മുതലായവയിലെല്ലാം — പ്രതിഫലിക്കുന്നുണ്ട്. റിസ്കുകളും, ചാഞ്ചാട്ടങ്ങളും ഒരു പരിധിവരെ കൈകാര്യം ചെയ്യുന്നതിന് ഇത് മികച്ച മാർഗമാണ്," മോത്തിലാൽ ഒസ്വാൾ എഎംസി ചീഫ് ബിസിനസ് ഓഫീസർ അഖിൽ ചതുർവേദി പറഞ്ഞു.
ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,770 എണ്ണം ലാഭത്തിലായപ്പോൾ 1,540 എണ്ണം നഷ്ടത്തിൽ അവസാനിച്ചു. ടെലികോം, ഊർജ മേഖലകളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. രണ്ടു ശതമാനം വർധനവാണ് ഇരു മേഖലകളിലും പ്രകടമായത്. ആരോഗ്യ മേഖലയിലും, ഐറ്റിയിലും ഒരു ശതമാനം വീതം നേട്ടവുമുണ്ടായി. സെൻസെക്സ് സൂചികയിൽ ഡോ റെഡ്‌ഡീസ് 3 ശതമാനം ഉയർന്നപ്പോൾ, ആർഐഎൽ, ഭാരതി എയർടെൽ എന്നിവ യഥാക്രമം 2.73 ശതമാനവും, 2.01 ശതമാനവും ഉയർന്നു.
"നിഫ്റ്റിയുടെ ട്രേഡിങ് നില 16,700-16,100 റേഞ്ചിലാണ്. ഈ നിലയിൽ നിൽക്കുന്നിടത്തോളം ഓഹരി കേന്ദ്രീകൃത വ്യാപാരമാവും നല്ലത്. സൂചിക പ്രതിരോധ മേഖലകളെ സമീപിക്കുമ്പോൾ ലാഭമെടുക്കുവാനും ശ്രമിക്കണം. വരാനിരിക്കുന്ന സെഷനു കളിലെ ഇൻട്രാ-ഡേ പിന്തുണകൾ ഏകദേശം 16,405, 16,320 എന്നിവയിലായിരിക്കും. അതേസമയം, പ്രതിരോധം 16,570, 16,655 എന്നിവയിലാണ്," 5പൈസ.കോമിലെ ലീഡ് റിസർച്ച് രുചിത് ജെയിൻ പറഞ്ഞു.