image

3 Jun 2022 3:47 AM IST

Market

ആഗോള സൂചനകള്‍ വിപണിക്ക് അനുകൂലം

Suresh Varghese

ആഗോള സൂചനകള്‍ വിപണിക്ക് അനുകൂലം
X

Summary

എണ്ണവിലയില്‍ കുറവു വന്നേക്കുമെന്നുള്ള പ്രതീക്ഷയിലും, റിലയന്‍സ്, ഐടി ഓഹരികളുടെ മുന്നേറ്റത്തിലും ഇന്നലെ ലാഭത്തിലായ വിപണി ഇന്ന് ഏതു ദിശയില്‍ നീങ്ങുമെന്ന കൃത്യമായ സൂചനകള്‍ ലഭ്യമല്ല. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമാണ്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് കലാശിച്ചത്. ടെക് ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാക് 2.69 ശതമാനം നേട്ടമുണ്ടാക്കി. അമേരിക്കന്‍ ഐടി മേഖലയിലെ ഈ മുന്നേറ്റത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. അമേരിക്കന്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മൃദുവായ അമേരിക്കന്‍ തൊഴിലില്ലായ്മ കണക്കുകള്‍ യുഎസ് ഫെഡിനെ കടുത്ത നടപടികളില്‍ […]


എണ്ണവിലയില്‍ കുറവു വന്നേക്കുമെന്നുള്ള പ്രതീക്ഷയിലും, റിലയന്‍സ്, ഐടി ഓഹരികളുടെ മുന്നേറ്റത്തിലും ഇന്നലെ ലാഭത്തിലായ വിപണി ഇന്ന് ഏതു ദിശയില്‍ നീങ്ങുമെന്ന കൃത്യമായ സൂചനകള്‍ ലഭ്യമല്ല. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമാണ്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് കലാശിച്ചത്. ടെക് ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാക് 2.69 ശതമാനം നേട്ടമുണ്ടാക്കി. അമേരിക്കന്‍ ഐടി മേഖലയിലെ ഈ മുന്നേറ്റത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം.

അമേരിക്കന്‍ വിപണി
പ്രതീക്ഷിച്ചതിനേക്കാള്‍ മൃദുവായ അമേരിക്കന്‍ തൊഴിലില്ലായ്മ കണക്കുകള്‍ യുഎസ് ഫെഡിനെ കടുത്ത നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നുള്ള പ്രതീക്ഷ അമേരിക്കന്‍ വിപണികള്‍ക്ക് തുണയായി. ഡൗ ജോണ്‍സ് 1.3 ശതമാനവും, എസ് ആന്‍ഡ് പി 500 1.84 ശതമാനവും നേട്ടമുണ്ടാക്കി. ഈ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയ്ക്കും അനുകൂലമാണ്. എന്നാല്‍, ആഗോള ക്രൂഡോയില്‍ വില പ്രതീക്ഷയ്‌ക്കൊത്ത് കുറയുന്നില്ല.

ക്രൂഡോയില്‍
ഇന്നലെ ഒപെക് പ്രഖ്യാപിച്ച ഉത്പാദന വര്‍ദ്ധനവ് റഷ്യന്‍ എണ്ണയുടെ കുറവിന് പകരമാകില്ലയെന്ന വാദം വിപണിയില്‍ സജീവമാണ്. അതിനാല്‍, ഇന്നു രാവിലെ ഏഷ്യന്‍ വിപണിയില്‍ എണ്ണ വിലയില്‍ കുറവുണ്ടാകുന്നില്ല. ഒപെക് അംഗരാജ്യങ്ങള്‍ 6,48,000 ബാരല്‍ ക്രൂഡോയില്‍ പ്രതിദിനം ഉത്പാദിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു. ഇപ്പോള്‍ അവരുടെ ഉത്പാദനം 4,32,000 ബാരല്‍ ക്രൂഡോയിലാണ്. ഇത് വര്‍ദ്ധിക്കുന്ന ആഗോള ഡിമാന്‍ഡിനെ തൃപ്തിപ്പെടുത്താന്‍ മതിയാവില്ലെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. ഇന്ത്യയുള്‍പ്പെടെയുള്ള വളരുന്ന സമ്പദ്ഘടനകള്‍ക്ക് എണ്ണ വിലയില്‍ കുറവുവരാത്തത് വലിയ തിരിച്ചടിയാണ്.

രൂപ
രൂപ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. ഇന്നലെ ഡോളറിനെതിരെ 77.60 നാണ് ക്ലോസ് ചെയ്തത്. ഉയരുന്ന എണ്ണ വില ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ ഉണ്ടാക്കുന്ന കുറവ് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. കൂടാതെ, ധനക്കമ്മിയിലുണ്ടാകുന്ന വര്‍ദ്ധനവും ഇതിന്റെ മറ്റൊരു ആഘാതമാണ്. ഇന്ത്യയുടെ വിദേശ നാണ്യ ശേഖര കണക്കുകള്‍ ഇന്ന് പുറത്തുവരും. ഇത് രൂപയുടെ വിനിമയ നിരക്കിനെയും, വിപണിയെയും ഒരു പോലെ സ്വാധീനിക്കാം. ബാങ്കുകളുടെ വായ്പാ-നിക്ഷേപ വളര്‍ച്ചാ കണക്കുകളും ഇന്നു പുറത്തു വന്നേക്കാം. സമ്പദ്ഘടനയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതില്‍ ഇവയ്ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്.

ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടം കാണിക്കുന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.15 ന് 0.95 ശതമാനം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവയും ലാഭത്തിലാണ്. ഷാങ്ഹായ്, തായ് വാന്‍, ഹോംകോംഗ് വിപണികളില്‍ ഇന്ന് വ്യാപാരം നടക്കുന്നില്ല.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 451 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 130.63 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,760 രൂപ (ജൂണ്‍ 03)
ഒരു ഡോളറിന് 77.28 രൂപ (ജൂണ്‍ 03)
ബ്രെന്റ് ക്രൂഡ് ബാരലിന് 117.52 ഡോളര്‍ (8.23 am)
ഒരു ബിറ്റ് കോയിന്റെ വില 24,89,708 രൂപ (8.23 am)