Summary
ഇന്ത്യൻ വിപണി രണ്ടാം ദിനവും ലാഭത്തിൽ അവസാനിച്ചു. പ്രമുഖ അമേരിക്കൻ റീട്ടെയിൽ കമ്പനികൾ പുറത്തു വിട്ട മികച്ച വരുമാന ഫലങ്ങൾ ഉപഭോക്തൃ ചെലവിടൽ കുറഞ്ഞേക്കുമോ എന്ന ആശങ്കകൾക്ക് പരിഹാരമായി. ഈ മുന്നേറ്റം ഇന്ത്യൻ വിപണിക്കും ഊർജം പകർന്നു. അമേരിക്കൻ വിപണിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾ വൻ മുന്നേറ്റം നടത്തിയത് സെൻസെക്സും, നിഫ്റ്റിയും ദിവസം മുഴുവനും ലാഭത്തിൽ നിലനിൽക്കാൻ സഹായിച്ചു. സെൻസെക്സ് 632.13 പോയിന്റ് (1.17 ശതമാനം) ഉയർന്ന് 54,884.66 ൽ എത്തിയപ്പോൾ നിഫ്റ്റി […]
ഇന്ത്യൻ വിപണി രണ്ടാം ദിനവും ലാഭത്തിൽ അവസാനിച്ചു. പ്രമുഖ അമേരിക്കൻ റീട്ടെയിൽ കമ്പനികൾ പുറത്തു വിട്ട മികച്ച വരുമാന ഫലങ്ങൾ ഉപഭോക്തൃ ചെലവിടൽ കുറഞ്ഞേക്കുമോ എന്ന ആശങ്കകൾക്ക് പരിഹാരമായി. ഈ മുന്നേറ്റം ഇന്ത്യൻ വിപണിക്കും ഊർജം പകർന്നു. അമേരിക്കൻ വിപണിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾ വൻ മുന്നേറ്റം നടത്തിയത് സെൻസെക്സും, നിഫ്റ്റിയും ദിവസം മുഴുവനും ലാഭത്തിൽ നിലനിൽക്കാൻ സഹായിച്ചു.
സെൻസെക്സ് 632.13 പോയിന്റ് (1.17 ശതമാനം) ഉയർന്ന് 54,884.66 ൽ എത്തിയപ്പോൾ നിഫ്റ്റി 182.30 പോയിന്റ് (1.13 ശതമാനം) ഉയർന്ന് 16,532.45 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഇന്ന് 16,370.60 പോയിന്റ് വരെ എത്തിയെങ്കിലും നിർണായക പ്രതിരോധ നിലയായ 16,400 ഈ ആഴ്ചയിൽ രണ്ടാം തവണയും കടക്കാൻ കഴിയാഞ്ഞത് വ്യാപാരികളെ ജാഗ്രതയുള്ളവരാക്കി.
ഐടി മേഖലയിൽ ടെക് മഹിന്ദ്ര 4.10 ശതമാനവും, വിപ്രോ 2.98 ശതമാനവും, ഇൻഫോസിസ് 2.60 ശതമാനവും വർധിച്ചു. ധനകാര്യ ഓഹരികളും വിപണിയിൽ നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക് 3.23 ശതമാനം ഉയർന്നപ്പോൾ, ബജാജ് ഫിനാൻസ് 2.98 ശതമാനവും വർധിച്ചു.
ബി എസ് ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,215 എണ്ണം ലാഭത്തിൽ അവസാനിച്ചപ്പോൾ 1,109 എണ്ണം നഷ്ടത്തിൽ അവസാനിച്ചു.
“അമേരിക്കൻ റീട്ടെയിൽ മേഖലയിൽ നിന്നുള്ള മികച്ച വരുമാന കണക്കുകളും, പ്രതീക്ഷിച്ചതിലും മികച്ച പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിം കണക്കുകളും ആഗോള വിപണികളെ നേട്ടമുണ്ടാക്കാൻ സഹായിച്ചു. തുടർച്ചയായി ഈയാഴ്ചയിലുണ്ടായ തകർച്ചകൾക്കു ശേഷം വിപണി രണ്ടു തവണ തിരിച്ചു വരവ് നടത്തി. ബാങ്കിങ്, ഐടി, ഓട്ടോ, ആരോഗ്യ ഓഹരികളിൽ നടന്ന വാങ്ങൽ വിപണിയെ വെള്ളിയാഴ്ചയും ശുഭകരമായി നിലനിർത്തി. നിഫ്റ്റി 15,800 ൽ നിന്നും നല്ല തിരിച്ചു വരവാണ് നടത്തിയത്. എങ്കിലും വിപണിക്ക് തടസ്സങ്ങൾ മറികടന്ന് 16,400 നു മുകളിലേക്ക് എത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ പുതിയ മുന്നേറ്റത്തിനുള്ള സാധ്യതയുള്ളൂ. നിക്ഷേപകർ അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന ആഗോള-ആഭ്യന്തര സാമ്പത്തിക കണക്കുകളെ ഉറ്റു നോക്കുന്നുണ്ട്," മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിലെ റീട്ടെയിൽ റിസേർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.
പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലങ്ങളും, യുഎസ് റീട്ടെയിലേഴ്സ് ആയ ഡോളർ ജനറൽ, ഡോളർ ട്രീ എന്നിവയുടെ ഉയർന്ന വരുമാന പ്രതീക്ഷകളും ഏഷ്യൻ വിപണികളിലും ശക്തമായ മുന്നേറ്റമുണ്ടാക്കി. ഹോംഗ് കോങിന്റെ ഹാങ് സെങ് സൂചിക 2.89 ശതമാനം ഉയർന്നപ്പോൾ, തായ്‌വാന്റെ തായ്‌വാൻ വെയിറ്റഡ് 1.86 ശതമാനവും, സൗത്ത് കൊറിയയുടെ കോസ്‌പി 0.98 ശതമാനവും, വിയറ്റ്നാമിന്റെ വിഎൻ30 സൂചിക 2 ശതമാനവും ഉയർന്നു.