Summary
ആഭ്യന്തര-വിദേശ വിപണികളിൽ കഴിഞ്ഞ ആഴ്ചയിൽ മാക്രോ-ഇക്കണോമിക് കണക്കുകളും കോർപറേറ്റ് ഫലപ്രഖ്യാപനങ്ങളും വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചു. തകരുന്ന സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനായി പലിശ നിരക്ക് കുറച്ചു കൊണ്ടുള്ള പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ അപ്രതീക്ഷിതമായ നീക്കം ഏഷ്യൻ ഓഹരി വിപണികൾ ശക്തമായി തിരിച്ച വരുന്നതിനും നിഫ്റ്റിയും സെൻസെക്സും ശുഭകരമായി അവസാനിക്കുന്നതിനു കാരണമായി. വെള്ളിയാഴ്ചയിലെ ഈ ഗംഭീരമായ തിരിച്ചു വരവ് ഇരു സൂചികകളിലും കഴിഞ്ഞ അഞ്ചു ആഴ്ചകളിൽ ഉണ്ടായ നഷ്ടത്തിന് ഒരാശ്വാസം നൽകി. സെൻസെക്സ് 1532.77 പോയിന്റും (2.90 ശതമാനം) നിഫ്റ്റി 484 പോയിന്റും (3 ശതമാനം) നേട്ടത്തോടെ പോയ ആഴ്ചയിൽ […]
ആഭ്യന്തര-വിദേശ വിപണികളിൽ കഴിഞ്ഞ ആഴ്ചയിൽ മാക്രോ-ഇക്കണോമിക് കണക്കുകളും കോർപറേറ്റ് ഫലപ്രഖ്യാപനങ്ങളും വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചു. തകരുന്ന സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനായി പലിശ നിരക്ക് കുറച്ചു കൊണ്ടുള്ള പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ അപ്രതീക്ഷിതമായ നീക്കം ഏഷ്യൻ ഓഹരി വിപണികൾ ശക്തമായി തിരിച്ച വരുന്നതിനും നിഫ്റ്റിയും സെൻസെക്സും ശുഭകരമായി അവസാനിക്കുന്നതിനു കാരണമായി. വെള്ളിയാഴ്ചയിലെ ഈ ഗംഭീരമായ തിരിച്ചു വരവ് ഇരു സൂചികകളിലും കഴിഞ്ഞ അഞ്ചു ആഴ്ചകളിൽ ഉണ്ടായ നഷ്ടത്തിന് ഒരാശ്വാസം നൽകി.
സെൻസെക്സ് 1532.77 പോയിന്റും (2.90 ശതമാനം) നിഫ്റ്റി 484 പോയിന്റും (3 ശതമാനം) നേട്ടത്തോടെ പോയ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും, ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കും ഉയർന്ന നിരക്കും പരിശോധിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിക്ഷേപകർക്ക് നേരിടേണ്ടി വന്ന ചാഞ്ചാട്ടത്തിന്റെ കൃത്യമായ അളവ് മനസിലാക്കാൻ സാധിക്കും. സെൻസെക്സ് ആഴ്ചയിലെ ഏറ്റവും ഉയർന്ന പോയിന്റും താഴ്ന്ന പോയിന്റും തമ്മിൽ 2153.52 പോയിന്റ് ഉയർച്ച താഴ്ച ഉണ്ടായി. നിഫ്റ്റിയാകട്ടെ 660 പോയിന്റും. നിഫ്റ്റി 16339.80 പോയിന്റ് വരെ എത്തിയിട്ടും അതിന്റെ മാനസിക പിന്തുണയായ 16,400 പോയിന്റ് കടക്കാനാവാതെ വന്നത് ഉയർന്ന നിലയിൽ ലാഭമെടുക്കുന്നതിനു വഴി വെച്ചു.
വാൾമാർട്, ടാർഗറ്റ് കോർപറേഷൻ പോലുള്ള റീട്ടെയിൽ ഭീമാകാരന്മാരുടെ വരുമാനത്തിൽ ഉണ്ടായ നഷ്ടം യുഎസിലെ പണപ്പെരുപ്പ സമ്മർദ്ദത്തെയും തന്മൂലം മന്ദീഭവിക്കുന്ന ഉപഭോക്തൃ ചെലവുകളെയും സാമ്പത്തിക വളർച്ചയെയും വ്യക്തമാക്കുന്നു. ഇത് ആഗോള വിപണിയിൽ ഓഹരികളും ക്രിപ്റ്റോയും വൻ തോതിൽ വിറ്റൊഴിഞ്ഞ് യുഎസ് ട്രഷറി ബോണ്ട് പോലുള്ള സുരക്ഷിതമായ ആസ്തികൾ തേടുന്നതിലേക്ക് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇന്ത്യൻ വിപണിയും വ്യാഴാഴ്ച വൻ നഷ്ടം നേരിട്ട് നിക്ഷേപകരുടെ 7 ലക്ഷം കോടി രൂപയുടെ സമ്പത്ത് തുടച്ചു നീക്കിയിരുന്നു.
വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റൊഴിയൽ ഇന്ത്യൻ രൂപയിൽ വലിയ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് അത് എക്കാലത്തെയും കുറഞ്ഞ വിലയായ ഡോളറിനു 77.73 രൂപയിലേക്ക് കൂപ്പുകുത്തി. എൻ എസ് ഡി എൽ (നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിദേശ നിക്ഷേപകർ 35,137 കോടി രൂപയുടെ ഓഹരികൾ ഈ മാസത്തിൽ മാത്രം വിറ്റൊഴിച്ചു. ഇതോടെ ഈ വർഷത്തിൽ ഇതുവരെ മൊത്ത വില്പന 1,62,299 കോടി രൂപയായി.
മെയ് 26 നു അവസാനിക്കുന്ന നിഫ്റ്റി അവധി കരാറുകൾ വെള്ളിയാഴ്ച
8.75 പോയിന്റ് ഉയർന്ന് 16,274.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഒരു ബുള്ളിഷ് സെന്റിമെന്റിനെ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച ഇത് 40 പോയിന്റ് കുറഞ്ഞായിരുന്നു.