image

20 May 2022 3:48 AM IST

Market

വിപണി ഉയര്‍ന്നാല്‍ ലാഭമെടുപ്പിന് സാധ്യത

Suresh Varghese

Early Market
X

Summary

ഇന്നലത്തെ കനത്ത വീഴ്ച്ചയ്ക്കു ശേഷം ഇന്ന് വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. ഉയരാനുള്ള ഏതു ശ്രമവും ലാഭമെടുപ്പില്‍ കലാശിച്ചേക്കും. എന്നാല്‍, ഇന്നലത്തേതില്‍ നിന്നു വ്യത്യസ്തമായി ഇന്നു രാവിലെ ഏഷ്യന്‍ വിപണികളെല്ലാം ലാഭത്തിലാണ്. ഏഷ്യന്‍ വിപണികള്‍ രാവിലെ 8.11 ന് സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 1.34 ശതമാനം ഉയര്‍ച്ചയിലാണ്. ജപ്പാനിലെ നിക്കി 1.03 ശതമാനവും , ഷാങ്ഹായ് 0.82 ശതമാനവും, തായ് വാന്‍ വെയിറ്റഡ് 0.75 ശതമാനവും, ഹാങ് സെങ് 1.75 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി 1.64 […]


ഇന്നലത്തെ കനത്ത വീഴ്ച്ചയ്ക്കു ശേഷം ഇന്ന് വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. ഉയരാനുള്ള ഏതു ശ്രമവും ലാഭമെടുപ്പില്‍ കലാശിച്ചേക്കും. എന്നാല്‍, ഇന്നലത്തേതില്‍ നിന്നു വ്യത്യസ്തമായി ഇന്നു രാവിലെ ഏഷ്യന്‍ വിപണികളെല്ലാം ലാഭത്തിലാണ്.

ഏഷ്യന്‍ വിപണികള്‍
രാവിലെ 8.11 ന് സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 1.34 ശതമാനം ഉയര്‍ച്ചയിലാണ്. ജപ്പാനിലെ നിക്കി 1.03 ശതമാനവും , ഷാങ്ഹായ് 0.82 ശതമാനവും, തായ് വാന്‍ വെയിറ്റഡ് 0.75 ശതമാനവും, ഹാങ് സെങ് 1.75 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി 1.64 ശതമാനവും നേട്ടത്തിലാണ്. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചൈന അതിന്റെ സുപ്രധാന വായ്പാ നിരക്കായ ലോണ്‍ പ്രൈം റേറ്റില്‍ 15 ബേസിസ് പോയിന്റ് കുറവു വരുത്തിയതാണ് ഏഷ്യന്‍ വിപണികളില്‍ ചലനമുണ്ടാക്കിയത്.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില രാവിലെ മാറ്റമില്ലാതെ തുടരുന്നു. ആഗോള മാന്ദ്യ ഭീതി നിലനില്‍ക്കുന്നുവെങ്കിലും ചൈനയുടെ വായ്പ നിരക്ക് കുറയ്ക്കല്‍ അനുകൂല ഘടകമായി മാറിയതുകൊണ്ടാണ് ക്രൂഡോയില്‍ വില പിടിച്ചു നില്‍ക്കുന്നത്.

അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണി ഇന്നലെ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.75 ശതമാനവും, എസ് ആന്‍ഡ് പി 500 0.58 ശതമാനവും, നാസ്ഡാക് 0.26 ശതമാനവും വീണു.
ഇന്ന് ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായകമായേക്കാവുന്ന വാര്‍ത്തകള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് ഡേറ്റയും, വായ്പാ-നിക്ഷേപ വളര്‍ച്ചാ കണക്കുകളുമാകും.

കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തു വരാനുള്ള സുപ്രധാന കമ്പനി ഫലങ്ങള്‍ ഫൈസര്‍, എന്‍ടിപിസി, ജെകെ ടയര്‍, ലക്ഷ്മി മില്‍സ്, പരാസ് ഡിഫന്‍സ്, അമരരാജ ബാറ്ററീസ്, തെര്‍മാക്‌സ്, പേടിഎം, ഗതി, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്നിവയാണ്.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പന ഇന്നലെയും തുടര്‍ന്നു. എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ സ്ഥാപനങ്ങള്‍ 4,899.92 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3,225.54 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 77.73 ലാണ് ഇന്നലെ അവസാനിച്ചത്.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍ രണ്ടാണ്. "ഒന്ന്, അമേരിക്കന്‍ ഫെഡിന്റെ നിരക്കുയര്‍ത്തല്‍ സാധ്യത വിപണി പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു. രണ്ട്, അമേരിക്കന്‍ സമ്പദ് ഘടന 2023 ല്‍ ഒരു മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട് എന്ന വാര്‍ത്ത പൂര്‍ണമായും ഉള്‍ക്കൊള്ളുവാന്‍ വിപണിക്ക് സാധിച്ചിട്ടില്ല. രണ്ടാമത്തെ വാര്‍ത്തയ്ക്ക് ഒരു സ്ഥിരീകരണം ലഭിക്കുന്നതുവരെ 'റിസ്‌ക് ഓഫ്, റിസ്‌ക് ഓണ്‍' രീതിയിലുള്ള വ്യാപാരം തുടര്‍ന്നുകൊണ്ടേയിരിക്കും. സ്ഥിരത കൈവരിക്കാന്‍ കുറേ ആഴ്ച്ചകളെങ്കിലും എടുക്കും. ഹ്രസ്വകാലത്തേക്ക് വിപണിയുടെ സ്വഭാവം ബെയറിഷ് ആയി മാറി എന്ന വസ്തുത അംഗീകരിച്ചെ മതിയാവു. നാസ്ഡാക് അതിന്റെ ഉച്ചസ്ഥായിയില്‍ നിന്നും 30 ശതമാനവും, എസ് ആന്‍ഡ് പി 500 19 ശതമാനവും താഴ്ച്ചയിലാണ്. ഇത് വെളിവാക്കുന്നത് വിപണിയിലെ ദൗര്‍ബല്യം തന്നെയാണ്. ഇന്ത്യയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന തുടരും. ഇതിനു കാരണം ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനകൊണ്ട് അവര്‍ക്ക് നേട്ടമുണ്ടാകും എന്നതിനാലാണ്. വില്‍പ്പനയ്ക്ക് അനുകൂലമായ ലിക്വിഡിറ്റിയും ഇവിടെയുണ്ട്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,620 രൂപ (മേയ് 19)
ഒരു ഡോളറിന് 77.71 രൂപ (മേയ് 20)
ബ്രെന്റ് ക്രൂഡ് ബാരലിന് 111.33 ഡോളര്‍ (8.40 am)
ഒരു ബിറ്റ് കോയിന്റെ വില 24,56,243 രൂപ (8.40 am)