ഓഹരി വിപണി ഇന്നും കുത്തനെയിടിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി ഇടിയുന്നത്. പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന യുഎസ് പണപ്പെരുപ്പ...
ഓഹരി വിപണി ഇന്നും കുത്തനെയിടിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി ഇടിയുന്നത്. പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന യുഎസ് പണപ്പെരുപ്പ നിരക്ക് വലിയതോതിലുള്ള പലിശ നിരക്ക് ഉയര്‍ത്തലിലേക്കും, മുന്നോട്ടുള്ള ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് എതിരാകുമെന്നുമുള്ള ആശങ്കയും വിപണിയെ തളര്‍ത്തി. അമേരിക്കന്‍ വിപണിയില്‍ ഇന്നലെ നടന്ന വിറ്റഴിക്കലും, ഏഷ്യന്‍ വിപണികളിലുണ്ടായ നഷ്ടവും പരിശോധിച്ചാല്‍, ഇന്ത്യന്‍ വിപണി വലിയ നഷ്ടത്തില്‍ ആരംഭിക്കുകയും വ്യാപാരം മുന്നേറുന്തോറും നഷ്ടത്തില്‍ മുങ്ങുകയും ചെയ്തു.
സെന്‍സെക്‌സ് 1,158.08 പോയിന്റ് നഷ്ടത്തില്‍ (2.14 ശതമാനം) 52,930.31 ലും നിഫ്റ്റി 359.10 പോയിന്റ് നഷ്ടത്തില്‍ (2.22 ശതമാനം) 15,808 ലും ക്ലോസ് ചെയ്തു. ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 6.41 ശതമാനം ഉയര്‍ന്ന് 24.27 ശതമാനമായി. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന വലിയതോതിലുള്ള ആശങ്കയാണ്. രൂപയുടെ തുടര്‍ച്ചയായുള്ള മൂല്യശോഷണം നിക്ഷേപകര്‍ക്ക് മറ്റൊരു തിരിച്ചടിയായി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 77.63 ല്‍ രൂപ ഇന്ന് ക്ലോസ് ചെയ്തു. ഡോളറിന്റെ നിരക്കിലുണ്ടായ വര്‍ദ്ധനവ് വളര്‍ന്നുവരുന്ന വിപണികളില്‍ വന്‍തോതിലുള്ള ഓഹരി വിറ്റഴിക്കലിന് കാരണമായി. ഹോംകോംഗിലെ ഹാങ് സെങ് സൂചിക 2.24 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി 1.63 ശതമാനം ഇടിഞ്ഞു. തായ് വാന്‍ വെയിറ്റഡ് 2.43 ശതമാനം നഷ്ടത്തില്‍ കലാശിച്ചു.
കൊട്ടക് സെക്യൂരിറ്റീസ് റിസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. കൂടുതല്‍ നിരക്ക് വര്‍ദ്ധനയും, സമ്പദ്ഘടനയിലെ മുരടിപ്പും സംബന്ധിച്ച ആശങ്കകള്‍ വിപണിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. തുടരുന്ന ആഗോള സംഘര്‍ഷങ്ങളും, ചൈനയിലെ ലോക്ഡൗണും ഓഹരികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. നിഫ്റ്റിയുടെ ഹ്രസ്വകാല സ്വഭാവം ദുര്‍ബലമാണ്. 16,400 ലെവലില്‍ ഏറ്റവും അടുത്ത പ്രതിരോധം കാണപ്പെടുന്നു. ഇവിടെ നിന്ന് മുന്നോട്ട് പോകാനുള്ള ശ്രമങ്ങളൊന്നും കാണുന്നില്ല. മീഡിയം ടേം ട്രെന്‍ഡ് സപ്പോര്‍ട്ട് 15,500 ല്‍ കാണുന്നുണ്ട്. ഇത് തകര്‍ന്നാല്‍ ഹ്രസ്വകാലത്തേക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാകും."
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്. ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത് ബാങ്കിംഗ് സൂചികയാണ്. 3.14 ശതമാനമാണ് നഷ്ടം. മെറ്റല്‍, ഓട്ടോ എന്നിവ യഥാക്രമം 3.75 ശതമാനവും 2.03 ശതമാനവും നഷ്ടം രേഖപ്പെടുത്തി. പൊതുമേഖല ബാങ്കുകളാണ് ഏറ്റവും കനത്ത നഷ്ടം നേരിട്ടത്. പിഎന്‍ബി 12.54 ശതമാനവും, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക് എന്നിവ നാല് ശതമാനം വീതവും നഷ്ടം നേരിട്ടു.
ട്രസ്റ്റ്പ്ലറ്റസ് വെല്‍ത്ത് മാനേജിംഗ് പാര്‍ട്ണര്‍ വിനീത് ബഗ്രി പറയുന്നു: "സമ്പദ്ഘടനയിലെ സൂചനകളൊക്കെ ദൗര്‍ബല്യമാണ് കാണിക്കുന്നത്. എന്നാല്‍, ചില ശുഭസൂചനകളുമുണ്ട്. ഉദാഹരണത്തിന്, അലുമിനിയം, കോപ്പര്‍, സിങ്ക്, സ്റ്റീല്‍, ഇരുമ്പയിരുകള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള വിലയിടിവ്. ഇത് ചില പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. കാരണം നമ്മള്‍ ഒരു കമ്മോഡിറ്റി കയറ്റുമതി രാജ്യമല്ല. ആഗോള ജിഡിപി വളര്‍ച്ച കുറയുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഏഴ് ശതമാനത്തിനു മുകളില്‍ വളരാന്‍ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്. അതിനാല്‍, വില്‍പ്പന സമ്മര്‍ദ്ദം കുറയുമ്പോള്‍, കമ്മോഡിറ്റി വിലകളില്‍ കുറവു വരുമ്പോള്‍, ഇന്ത്യന്‍ വിപണി ശക്തമായ നിലയിലേക്ക് മാറും." ഇന്ന് ബിഎസ്ഇയില്‍ വ്യാപാരത്തിന് എത്തിയ ഓഹരികളില്‍ 2614 എണ്ണം നഷ്ടത്തിലവസാനിച്ചു.