24 March 2022 8:54 PM GMT
Summary
ഇന്ത്യയിലെ ഐടിഐകളില്‍ ലക്ഷകണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ കേരളത്തിലെ ഐടിഐകളില്‍ അഡ്മിഷന്‍ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നു. രാജ്യത്തെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നിലവിലുള്ള 22.75 ലക്ഷം സീറ്റുകളില്‍ 10.6 ലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 36 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എല്ലാ ഐടിഐകളിലുമായി നിലവിലുള്ള 22,75,439 സീറ്റുകളില്‍ 10,60,191 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ലേബര്‍, ടെക്‌സ്‌റ്റൈല്‍സ്, നൈപുണ്യ വികസനം എന്നിവയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ […]
ഇന്ത്യയിലെ ഐടിഐകളില്‍ ലക്ഷകണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ കേരളത്തിലെ ഐടിഐകളില്‍ അഡ്മിഷന്‍ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നു.
രാജ്യത്തെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നിലവിലുള്ള 22.75 ലക്ഷം സീറ്റുകളില്‍ 10.6 ലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
36 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എല്ലാ ഐടിഐകളിലുമായി നിലവിലുള്ള 22,75,439 സീറ്റുകളില്‍ 10,60,191 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ലേബര്‍, ടെക്‌സ്‌റ്റൈല്‍സ്, നൈപുണ്യ വികസനം എന്നിവയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എന്‍സിവിടി) സ്‌ക്കീമിന് കീഴിലാണ് ഇന്ത്യയിലെമ്പാടും ഐടിഐ കോഴ്‌സുകള്‍ നടപ്പാക്കുന്നത്.
ഉത്തര്‍പ്രദേശ് (2,07,606), രാജസ്ഥാന്‍ (1,37,200), മധ്യപ്രദേശ് (86,999), ജാര്‍ഖണ്ഡ് (71,886), ഒഡീഷ (51,829), തമിഴ്നാട് (49,668) എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ള സംസ്ഥാനങ്ങള്‍.
എന്നാല്‍ കേരളത്തിലെ സ്ഥിതിയാകട്ടെ നേരേ മറിച്ചാണ്. ഓരോ കോഴ്‌സുകള്‍ക്കും അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 84 സീറ്റുകളിലേക്കായി ആറായിരത്തിലധികം അപേക്ഷകളാണ് ലഭിക്കുന്നതെന്ന് കൊച്ചി മരട് ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ അനിത കെസി പറയുന്നു.
കളമശേരി ഗവണ്‍മെന്റ് ഐടിഐയില്‍ വിവിധ കോഴ്‌സുകള്‍ക്കായി ആകെ 884 സീറ്റുകളാണുള്ളത്. സീറ്റുകളേക്കാള്‍ 25 ശതനമാനം അധിക അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. അതായത് മൂന്നിരട്ടിയോളം അപേക്ഷകള്‍ ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം 13,000 ത്തിനടുത്ത് അപേക്ഷകളാണ് കളമശേരി ഐടിഐയില്‍ മാത്രം ലഭിച്ചതെന്ന് കളമശേരി ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ സി.എ ഷിഹാബുദ്ദീന്‍ പറഞ്ഞു.
'കോഴ്‌സിന് ചേര്‍ന്ന ശേഷം മറ്റ് എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച് പോയവരുണ്ട്. ഇത് 5 ശതമാനത്തോളം വരും. കോഴ്‌സ് പാതിവഴിയില്‍ അവസാനിപ്പിച്ച് പോയവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ തുടര്‍ പഠനം നടത്താന്‍ സാധിക്കുകയില്ല. അങ്ങനെ പഠിക്കണമെങ്കില്‍ നിലവിലെ കോളേജില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത യൂണികോഡ് തുടര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജിലേക്ക് കൈമാറണം.'
അതേസമയം, എന്‍സിവിടി മാനദ്ണ്ഡങ്ങളനുസരിച്ച് അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മാത്രമേ പുതിയ അഡ്മിഷന്‍ നല്‍കാറുള്ളൂ. എന്നാല്‍ പ്രൈവറ്റ് ഐടിഐകള്‍ക്ക് ഇത്തരം മാനദണ്ഡങ്ങളില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ ഐടിഐകളില്‍ ആപ്ലിക്കേഷനുകള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ പ്രൈവറ്റ് ഐടിഐകളില്‍ അപേക്ഷകള്‍ കുറഞ്ഞു വരുന്നുണ്ട്.
ഇലക്ട്രീഷ്യന്‍, ഐടിഐ വെല്‍ഡര്‍, ഐടിഐ ഇലക്ട്രോണിക്‌സ് മെക്കാനിക് തുടങ്ങിയ എല്ലാ കോഴ്‌സുകളും രണ്ട് വര്‍ഷത്തേക്കും ഒരു വര്‍ഷത്തേക്കും പഠിക്കാം. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന എന്‍സിവിടി സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. നാഷണല്‍ കൗണ്‍സിലിന്റെ ഡെല്‍ഹിയില്‍ നിന്നുള്ള ഈ സര്‍ട്ടിഫിക്കറ്റ് വിദേശ തുടര്‍ പഠനത്തിനു യോഗ്യത നല്‍കുന്നു.
എന്‍സിവിടിക്ക് കീഴിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ ലക്ഷ കണക്കിനു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് കേരളത്തില്‍ നിരവധി അപേക്ഷകള്‍ കെട്ടികിടക്കുന്നത്.
സംസ്ഥാനത്തും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ഐടിഐകളില്‍ നിലവിലുള്ള 50 ശതമാനം ഒഴിഞ്ഞ സീറ്റുകള്‍ പരമാവധി നികത്തുന്നതിനായി ഇവിടുത്തെ സര്‍ക്കാരുകളുമായി യോജിച്ച് ഉചിതമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തോട് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. 2022 ഫെബ്രുവരി 21ന് എന്‍സിവിടി പ്രകാരം അനുവദിച്ച 1,99,387 തസ്തികകളില്‍, എല്ലാ ഐടിഐകളിലുമായി 1,29,805 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് കണ്ടെത്തുന്നതില്‍ ഒരുപോലെ ആശങ്കയുണ്ടെന്നും കമ്മിറ്റി അറിയിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഐടിഐ പരിശീലനത്തിന് ശേഷം ലഭ്യമായ ധാരാളം തൊഴിലവസരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇതു സംബന്ധിച്ച കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിവിധ ഐടിഐകളില്‍ ചേരാന്‍ ആകര്‍ഷിച്ചേക്കും.