image

15 March 2022 9:36 PM GMT

Premium

കെവൈസി ഡാറ്റ കോടികളൊഴുകുന്ന കച്ചവടം, ആര്‍ബി ഐ നടപടി കര്‍ശനമാക്കുന്നു

Swarnima Cherth Mangatt

കെവൈസി ഡാറ്റ കോടികളൊഴുകുന്ന കച്ചവടം, ആര്‍ബി ഐ നടപടി കര്‍ശനമാക്കുന്നു
X

Summary

  കെവൈസി (Know your customer) വിവരങ്ങള്‍ ഇല്ലാതെ ബാങ്ക്, ഇന്‍ഷുറന്‍സ് അടക്കമുളള സാമ്പത്തിക ഇടപാടുകള്‍ ഇന്ന് അസാധ്യമാണ്. ഉപഭോക്താക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കാന്‍ കെവൈസി ഉപയോഗിക്കപ്പെടുന്നു. പരമ്പരാഗത മാര്‍ഗങ്ങളിലെ കടലാസു ശേഖരണമൊക്കെ കാലഹരണപ്പെട്ട ഈ കാലത്ത് എല്ലാം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ചുവടുമാറ്റിയത് കെവൈസി കൂടുതല്‍ സുഗമമാക്കി. എന്നാല്‍ ഇന്ന് അക്കൗണ്ട് തുറക്കുന്നതിനുള്ള രേഖകള്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഡാറ്റകള്‍ വലിയ കച്ചവട സാധ്യതകള്‍ തുറന്ന് വയ്ക്കുന്നുണ്ട്. ഇന്ത്യയിലെ പല ധനകാര്യ സ്ഥാപനങ്ങളും […]


കെവൈസി (Know your customer) വിവരങ്ങള്‍ ഇല്ലാതെ ബാങ്ക്, ഇന്‍ഷുറന്‍സ് അടക്കമുളള സാമ്പത്തിക ഇടപാടുകള്‍ ഇന്ന് അസാധ്യമാണ്. ഉപഭോക്താക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍...

 

കെവൈസി (Know your customer) വിവരങ്ങള്‍ ഇല്ലാതെ ബാങ്ക്, ഇന്‍ഷുറന്‍സ് അടക്കമുളള സാമ്പത്തിക ഇടപാടുകള്‍ ഇന്ന് അസാധ്യമാണ്. ഉപഭോക്താക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കാന്‍ കെവൈസി ഉപയോഗിക്കപ്പെടുന്നു. പരമ്പരാഗത മാര്‍ഗങ്ങളിലെ കടലാസു ശേഖരണമൊക്കെ കാലഹരണപ്പെട്ട ഈ കാലത്ത് എല്ലാം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ചുവടുമാറ്റിയത് കെവൈസി കൂടുതല്‍ സുഗമമാക്കി. എന്നാല്‍ ഇന്ന് അക്കൗണ്ട് തുറക്കുന്നതിനുള്ള രേഖകള്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഡാറ്റകള്‍ വലിയ കച്ചവട സാധ്യതകള്‍ തുറന്ന് വയ്ക്കുന്നുണ്ട്.
ഇന്ത്യയിലെ പല ധനകാര്യ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് കമ്പനികളും ഇത്തരം ഡാറ്റകള്‍ ദുരുപയോഗം ചെയ്യുന്നതായി പല കുറി വാര്‍ത്തകള്‍ വന്നതാണ്. അതുകൊണ്ടാണ് റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഇത്തരത്തിലുള്ള അവസാന ഉദാഹരണമാണ് പേടിഎം പേയ്‌മെന്റസ്് ബാങ്കിന്റേത്. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ നിന്ന് പേടിഎം പേയ്‌മെന്റ്സ് ബാങ്കിനെ ആര്‍ ബി ഐ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഡാറ്റാ കൈകാര്യം ചെയ്തതില്‍ പിശകുകള്‍ കണ്ടെത്തിയതോടെ ക്യത്യമായ ഓഡിറ്റിംഗ് ഏജന്‍സിയെ ചുമതലപ്പെടുത്താനും നിര്‍ദേശം നല്‍കിയിരുന്നു. ശേഖരിക്കപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച് ചൈന ആസ്ഥാനമായുള്ള വിദേശ സെര്‍വറുകളിലേക്ക് കൈമാറ്റം ചെയ്തതുവെന്ന ആരോപണവും പേടിഎം നേരിടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ബാങ്കിന് പിഴയിട്ടു എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഡാറ്റാ ഖനനം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വിദേശ സ്ഥാപനങ്ങളും മറ്റും പൊന്നും വിലയ്ക്കാണ് ഈ ഡാറ്റകള്‍ സ്വന്തമാക്കുന്നത്.

പേടിഎമ്മിന് നിലവില്‍ 30 കോടി ഇ-വാലറ്റുകളും 60 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്നാണ് അവരുടെ വെബ്‌സൈറ്റ് പറയുന്നത്. ഓരോ മാസവും നാല് ലക്ഷം പേരെ വീതം ഇതിന്റെ ഭാഗമാക്കി മുന്നേറുന്നതിനിടെയാണ് ഈ തിരച്ചടി ഉണ്ടായത്. ആര്‍ബിഐയുടെ കുടുക്ക് വീണതോടെ ഓഹരി വിപണിയില്‍ 13.3 ശതമാനത്തിന്റെ ഇടിവാണ് പേടിഎം ഓഹരികള്‍ക്കുണ്ടായത്. വിഖ്യാത നിക്ഷേപകന്‍ വാറന്‍ ബഫേ നിക്ഷേപകനായിട്ടു പോലും കഴിഞ്ഞ കുറച്ച് കാലമായി നഷ്ടത്തിലേക്കാണ് പേടിഎം തെന്നിവീണുകൊണ്ടിരുന്നത്.

ബാങ്കുകളും പ്രതിക്കൂട്ടില്‍

കെവൈസി നിയമങ്ങള്‍ നടപ്പിലാക്കിയ 2016 ല്‍ ആര്‍ബിഐ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് അന്നേ വര്‍ഷം പൊതുമേഖലാ ബാങ്കുകളടക്കം 13 ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയിരുന്നു. ബാങ്ക് ഓഫ് ബറോഡയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പിഴ നല്‍കേണ്ടി വന്ന ബാങ്ക്-അഞ്ച് കോടി രൂപ. തൊട്ട് പുറകിലായി പഞ്ചാബ് നാഷണല്‍ ബാങ്ക് മൂന്ന് കോടി രൂപ പിഴയടച്ചു.

എന്താണ് കെവൈസി?

നിങ്ങളുടെ ഇടപാടുകാരനെ അറിയുക (know your customer) എന്നാല്‍ ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേല്‍വിലാസം അറിയുവാനുമുള്ള ഒരു പ്രക്രിയയാണ്. ബാങ്കുകളുടെ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താനും ഇത് സഹായിക്കുന്നു. ആളെ തിരിച്ചറിയാനുള്ള രേഖയായി ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായി അംഗീകരിച്ച രേഖകള്‍ ഇവിടെ സമര്‍പ്പിക്കാം. പാസ്‌പ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യു ഐ ഡി എ ഐ നല്‍കിയിട്ടുള്ള ആധാര്‍ കാര്‍ഡ്, എന്‍ ആര്‍ ജി ഇ എ ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിക്കാം. ഇവയില്‍ മേല്‍വിലാസവും നല്‍കിയിട്ടുണ്ടെങ്കില്‍, അത് മേല്‍വിലാസരേഖയായും അംഗീകരിക്കപ്പെടും. യഥാര്‍ത്ഥ അക്കൗണ്ടുടമയാണെന്ന ഉറപ്പിക്കുന്നതിനാണ് ബാങ്കുകള്‍ കെവൈസി ആവശ്യപ്പെടുന്നത്.
വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് മുഖേന നടത്തിയിട്ടുള്ള മറ്റ് ഇടപാടുകള്‍, തിരിച്ചടവ് ചരിത്രം നിങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൃത്യമായി മനസിലാക്കാന്‍ കെവൈസികള്‍ ഉപയോഗിക്കുന്നു. ഒരു വ്യക്തിയുടെ സാമ്പത്തിക സാഹചര്യവും അവര്‍ക്കുതകുന്ന ഉത്പന്ന സേവനങ്ങളും മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ കെവൈസികള്‍ ഉപയോഗപ്പെടുത്തുന്നു.