15 March 2022 5:06 AM
Summary
കൊച്ചി : പണമിടപാട് രീതിയെ അടിമുടി മാറ്റിമറിച്ച കാലയളവായിരുന്നു കോവിഡ് ദിനങ്ങള്‍. ഡിജിറ്റല്‍ പേയ്‌മെന്റിനെ വ്യാപകമായി സ്വീകരിച്ച് തുടങ്ങിയതോടെ വീട്ടിലിരുന്ന് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത് ഏവരും ശീലമാക്കി. വേഗത്തില്‍, അനായാസമായി പണം കൈമാറാം എന്നു വന്നതോടെ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പണമിടപാടിനെ പുല്‍കി. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ മൂന്നു വര്‍ഷം കൊണ്ട് 88 ശതമാനം വര്‍ധന ഉണ്ടായെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് ഈ മാറ്റത്തിന്റെ വേഗതയും വ്യാപതിയും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രചാരം […]
കൊച്ചി : പണമിടപാട് രീതിയെ അടിമുടി മാറ്റിമറിച്ച കാലയളവായിരുന്നു കോവിഡ് ദിനങ്ങള്‍. ഡിജിറ്റല്‍ പേയ്‌മെന്റിനെ വ്യാപകമായി സ്വീകരിച്ച് തുടങ്ങിയതോടെ വീട്ടിലിരുന്ന് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത് ഏവരും ശീലമാക്കി. വേഗത്തില്‍, അനായാസമായി പണം കൈമാറാം എന്നു വന്നതോടെ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പണമിടപാടിനെ പുല്‍കി. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ മൂന്നു വര്‍ഷം കൊണ്ട് 88 ശതമാനം വര്‍ധന ഉണ്ടായെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് ഈ മാറ്റത്തിന്റെ വേഗതയും വ്യാപതിയും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രചാരം വര്‍ധിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ ഒട്ടേറെ തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിലാണ് 'ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്' എന്ന തീമില്‍ ഇന്ന് (മാര്‍ച്ച് 15) ഉപഭോക്തൃ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നത്. ആഗോളതലത്തില്‍ പണമിടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയപ്പോള്‍ ഇടപാടുകളിലെ സുതാര്യതയുടെ അഭാവം മുതല്‍ ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ വരെ ഉപഭോക്താക്കള്‍ നേരിടുന്നുണ്ട്. ഇവയെ പഠിക്കുന്നതിനും ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കണ്‍സ്യൂമേഴ്സ് ഇന്റര്‍നാഷണല്‍ ഇന്ന് മുതല്‍ 18 വരെ ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് സമ്മിറ്റും നടത്തുന്നുണ്ട്.
ഡിജിറ്റല്‍ പണമിടപാടില്‍ വലയുന്ന ഉപഭോക്താക്കള്‍
2024 ആകുമ്പോഴേയ്ക്കും ആഗോളതലത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഉപഭോക്താക്കളുടെ എണ്ണം 360 കോടി കടക്കുമെന്ന് (ജൂണിപ്പര്‍ റിസര്‍ച്ച് 2020) കണക്കുകള്‍ പറയുന്നു. 2014ല്‍ 57 ശതമാനമായിരുന്ന ഉപഭോക്താക്കളുടെ എണ്ണം 2017 ആയപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിരുന്നു (ഫിന്‍ടെക്സ് 2017 റിപ്പോര്‍ട്ട് പ്രകാരം). ആഗോളതലത്തില്‍ 39 ശതമാനം കമ്പനികളും ഫിന്‍ടെക്ക് സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് സ്ഥിതി വ്യത്യസ്തമാണ്. ഒട്ടുമിക്ക മേഖലയിലും ഡിജിറ്റല്‍ ഫിനാന്‍സ് സേവനങ്ങള്‍ നിര്‍ബന്ധിതമാക്കിയതോടെ ഒട്ടേറെ നൂലാമാലകളാണ് ഇക്കൂട്ടര്‍ അനുഭവിക്കുന്നത്.
ഡിജിറ്റല്‍ സാക്ഷരത എന്നത് പര്യാപ്തമായ അളവില്‍ ഇല്ല എന്നതാണ് പ്രാഥമികമായ പ്രശ്നം. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ (2021ല്‍ പുറത്ത് വന്നത് പ്രകാരം) നഗരപ്രദേശങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത 61 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ഇത് 25 ശതമാനവുമാണ്. ചെറുകിട വ്യാപാര രംഗം, ബാങ്ക് ഇടപാട്, ഇന്‍ഷുറന്‍സ് തുടങ്ങി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായങ്ങള്‍ക്ക് വരെ ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റാണുള്ളത്. മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പുകളും നടക്കുന്നതിനാല്‍ ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട 'ഉപഭോക്താക്കള്‍ക്ക്' ഇത് ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
പ്രശ്നങ്ങളും പരിഹാരങ്ങളും
ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്ലൈനും (എന്‍സിഎച്ച്), ഉപഭോക്തൃകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ടെലികോം മന്ത്രാലയം എന്നിവ ചേര്‍ന്ന് ഒരു പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം 155260 എന്ന നമ്പറില്‍ വിളിച്ച് സൈബര്‍ തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകളിലും ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകാതിരിക്കുവാനുള്ള നീക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു.
എല്ലാ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളും ഉപഭോക്താക്കള്‍ക്ക് റിട്ടേണ്‍, റീഫണ്ട്, എക്സ്ചേഞ്ച്, വാറണ്ടി, ഗ്യാറണ്ടി, ഡെലിവറി, ഷിപ്പ്മെന്റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഭീം (BHIM), ഭാരത് ക്യു ആര്‍, ഐഎംപിഎസ്, ഡെബിറ്റ് കാര്‍ഡ് എന്നിവയുള്‍പ്പടെയുള്ള ഡിജിറ്റല്‍ പേയ്മെന്റ് രീതികളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍സിഎച്ചില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. www.consumerhelpline.gov.in എന്ന വെബ്സൈറ്റ് വഴി പരാതികള്‍ സമര്‍പ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.
പൊലീസിലും സൈബര്‍ സെല്ലിലും പരാതി സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എന്‍ബിഎച്ച് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 1800-11-4000 അല്ലെങ്കില്‍ 14404 എന്ന നമ്പറില്‍ വിളിക്കുന്നത് വഴിയോ 8130009809 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുന്നത് വഴിയോ എന്‍സിഎച്ചില്‍ പരാതി സമര്‍പ്പിക്കാം. എന്‍സിഎച്ചിന്റെ ആപ്പ് വഴിയും പരാതി സമര്‍പ്പിക്കാന്‍ സാധിക്കും.
ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍
ആര്‍ബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഉപഭോക്തൃ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട് മാത്രമല്ല ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, യുപിഐ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും സമര്‍പ്പിക്കാം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കാകും മുഖ്യ പരിഗണന ലഭിക്കുക എന്ന കാര്യം മറക്കണ്ട. https://cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ CRPC@rbi.org.in എന്ന ഇമെയില്‍ വഴിയോ ഓംബുഡ്സ്മാന്‍ മുന്‍പാകെ പരാതി സമര്‍പ്പിക്കാം. 14448 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി സമര്‍പ്പിക്കാനും അവസരമുണ്ട്.
ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ സിസിപിഎ
ഇന്ത്യയില്‍, ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച അവരെ സഹായിക്കുന്നതിനുമായി ഉപഭോക്തൃ സംരക്ഷണ നിയമം 2019ല്‍ ഭേദഗതി ചെയ്തിരുന്നു. 2020 ജൂലൈ 20-നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നിലവില്‍ വരുന്നത്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം ശ്രദ്ധയില്‍പെട്ടാല്‍ നിര്‍മ്മാതാവില്‍ നിന്ന് 10 ലക്ഷം രൂപ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും പിന്നീട് നിയമം വന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം തടവുശിക്ഷയും ലഭിക്കും. ഉപോഭോക്താക്കള്‍ക്ക് ഇ-ദാക്കില്‍ പോര്‍ട്ടല്‍ വഴിയും (https://edaakhil.nic.in/index.html ) പരാതി സമര്‍പ്പിക്കുവാനുള്ള സംവിധാനം കേന്ദ്രം ഒരുക്കിയിട്ടുണ്ട്.
അവകാശങ്ങള്‍ അറിയൂ
1. സുരക്ഷിതത്വത്തിനുള്ള അവകാശം : ജീവനും സ്വത്തിനും അപകടകരമായ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതിന്.
2. അറിയാനുള്ള അവകാശം : അന്യായമായ വ്യാപാര സമ്പ്രദായങ്ങളില്‍ നിന്ന് ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനായി സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വീര്യം, പരിശുദ്ധി, നിലവാരം, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശം.
3. തിരഞ്ഞെടുക്കാനുള്ള അവകാശം: ന്യായമായ വിലയില്‍ തൃപ്തികരമായ ഗുണനിലവാരം ഉള്ള ഉത്പന്നവും സേവനവും ഉറപ്പാക്കാനുള്ള അവകാശം
4. ഉപഭോക്താകളുടെ ആവശ്യം കേള്‍ക്കാനുള്ള അവകാശം: ഉപഭോക്താവിന്റെ ക്ഷേമം പരിഗണിക്കുന്നതിനായി രൂപീകരിച്ച വിവിധ ഫോറങ്ങളില്‍ പ്രതിനിധീകരിക്കാനുള്ള അവകാശം ഇതില്‍ ഉള്‍പ്പെടുന്നു.
5. പരിഹാരം തേടാനുള്ള അവകാശം: അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ക്കോ, അശാസ്ത്രീയമായ ചൂഷണത്തിനോ എതിരെ പരിഹാരം തേടാം.
6. ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം: ഒരു മികച്ച ഉപഭോക്താവാകാനുള്ള അറിവും വൈദഗ്ധ്യവും നേടുന്നതിനുള്ള അവകാശം.
7. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവകാശം : അടിസ്ഥാന, അവശ്യ ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ലഭിക്കുന്നതിനുള്ള അവകാശം ( മതിയായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, പൊതു ഉപയോഗങ്ങള്‍, വെള്ളം, ശുചിത്വം എന്നിവ)
8. ആരോഗ്യകരമായ അന്തരീക്ഷത്തിനുള്ള അവകാശം : അപകടകരമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതിനുള്ള അവകാശം.