image

10 March 2022 9:20 AM IST

നോക്കി നിന്നോളൂ കൂലി കിട്ടില്ല, രണ്ട് വര്‍ഷം തടവ് കിട്ടാം

MyFin Desk

നോക്കി നിന്നോളൂ കൂലി കിട്ടില്ല, രണ്ട് വര്‍ഷം തടവ് കിട്ടാം
X

Summary

ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുകയും അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥിതി കേരളത്തിൽ എന്നന്നേക്കുമായി അവസാനിച്ചേക്കും. നോക്കു കൂലിക്ക് കൂച്ചുവിലങ്ങിടാന്‍ ഒടുവില്‍ തൊഴിലാളി യൂണിയനുകള്‍ പിന്തുണച്ചു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സംസ്ഥാനത്തിന് ദുഷ്‌പേരുണ്ടാക്കിയ ഈ പരിപാടി ഒടുവില്‍ ഇല്ലാതാകുന്നു. നോക്കുകൂലിക്കെതിരെയുള്ള പുതിയ നിയമം കര്‍ശന വ്യവസ്ഥകളോടെ നിയമസഭയില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുകയാണ്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന നോക്കുകൂലി, നിയമം മൂലം നിരോധിക്കാന്‍ കേരളാ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴിലാളി യൂണിയനുകളടക്കം പുതിയ നിയമത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നതാണ് പ്രധാനം. […]


ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുകയും അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥിതി കേരളത്തിൽ എന്നന്നേക്കുമായി അവസാനിച്ചേക്കും. നോക്കു കൂലിക്ക് കൂച്ചുവിലങ്ങിടാന്‍ ഒടുവില്‍ തൊഴിലാളി യൂണിയനുകള്‍ പിന്തുണച്ചു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സംസ്ഥാനത്തിന് ദുഷ്‌പേരുണ്ടാക്കിയ ഈ പരിപാടി ഒടുവില്‍ ഇല്ലാതാകുന്നു. നോക്കുകൂലിക്കെതിരെയുള്ള പുതിയ നിയമം കര്‍ശന വ്യവസ്ഥകളോടെ നിയമസഭയില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുകയാണ്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന നോക്കുകൂലി, നിയമം മൂലം നിരോധിക്കാന്‍ കേരളാ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴിലാളി യൂണിയനുകളടക്കം പുതിയ നിയമത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നതാണ് പ്രധാനം.

പുതിയ നിയമം

ബജറ്റ് സമ്മേളനത്തില്‍ തന്നെ പുതിയ നിയമം നിയമസഭയില്‍ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കരട് രൂപം പരിശോധിച്ച ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളെല്ലാം വരാനിക്കുന്ന നിയമത്തിലെ വ്യവസ്ഥകളെ അംഗീകരിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയുള്ള ശിക്ഷയാണ് പുതിയ നിയമത്തിലുള്ളത്. നോക്കുകൂലിക്കു മാത്രമല്ല ഇതിൻറെ പേരില്‍ അസഭ്യം, കയ്യേറ്റം എന്നിവ ഉണ്ടായാലും കിട്ടും കാരാഗൃഹവാസം. ശിക്ഷ ആറുമാസമോ അതില്‍ കൂടുതലോ ആണെങ്കില്‍ തൊഴിലല്‍ നിന്നും വിലക്കും ലഭിക്കാം.

എന്താണ് നോക്കുകൂലി?

അംഗീകൃത ചുമട്ട് തൊഴിലാളികല്ലാത്തവരെക്കൊണ്ടോ, ഉടമ തന്നെയോ കയറ്റിറിക്ക് ജോലികള്‍ നടത്തുകയോ അല്ലെങ്കില്‍ ജെസിബി, ക്രെയിന്‍, ടിപ്പര്‍ എന്നിങ്ങനെയുള്ള യന്ത്ര സഹായത്തോടെ കയറ്റിറക്ക് ജോലികള്‍ നടത്തുകയോ ചെയ്യുമ്പോള്‍ ആ പ്രദേശത്തെ ചുമട്ടു തൊഴിലാളികളില്‍ ചിലര്‍ നിര്‍ബന്ധിച്ച് വാങ്ങുന്ന പണമാണ് നോക്കുകൂലിയായി അറിയപ്പെടുന്നത്. കേരളത്തില്‍ മാത്രം നിലവിലുള്ള ഇത് പലപ്പോഴും വ്യാപാരികളും വീട്ടുടയവരും തൊഴിലാളികളും തമ്മില്‍ വലിയ കലഹങ്ങള്‍ക്കും കോടതി വ്യവഹാരത്തിനും കാരണമായിട്ടുണ്ട്.

സംരംഭകര്‍ക്ക് തലവേദന

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിന്റെ വിമര്‍ശകര്‍ പലപ്പോഴും ഉയര്‍ത്തുന്ന ആരോപണമാണ് നോക്കുകൂലി. ചെറിയ തര്‍ക്കങ്ങളില്‍ തുടങ്ങുന്ന പ്രശ്നം ഒടുവില്‍ വ്യവസായം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്കു വരെ എത്താറുണ്ട്.വീടുമാറി മറ്റൊരു സ്ഥലത്ത് എത്തുന്നവര്‍പ്പോലും ഇത്തരം ദുരിതങ്ങളുടെ ഇരയാകാറുണ്ട്.

കോടതി ഇടപെടല്‍

നോക്കുകൂലിക്കെതിരെ കോടതി ഇടപെടലുകള്‍ നിരവധി തവണയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് കേരളത്തില്‍ നോക്കുകൂലി എന്ന വാക്ക് കേട്ടു പോകരുതെന്നും സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ തീവ്രവാദം തടയണമെന്നും പറഞ്ഞത്. പക്ഷേ, അതിനുശേഷവും കേരളത്തില്‍ നോക്കുകൂലി പ്രശ്നങ്ങള്‍ നിരവധിയുണ്ടായി. 2018 ല്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.കഴിഞ്ഞ ദിവസവും അദ്ദേഹം നോക്കുകൂലിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.