7 March 2022 7:02 AM GMT
Summary
കൊച്ചി : അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഔണ്‍സിന് 2000 ഡോളറിലേക്കാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിന് ആഗോളതലത്തില്‍ ആവശ്യക്കാരേറെയാണ്. കേരളത്തിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇപ്പോഴുള്ള അവസ്ഥ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പവന് 40,000 രൂപ കടന്നേക്കാം. കേരളത്തില്‍ പവന് ഇന്ന് 800 രൂപ വര്‍ധിച്ച് 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,940 രൂപയായി. ശനിയാഴ്ച്ച പവന് 560 രൂപ വര്‍ധിച്ച് 38,720 […]
കൊച്ചി : അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഔണ്‍സിന് 2000 ഡോളറിലേക്കാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിന് ആഗോളതലത്തില്‍ ആവശ്യക്കാരേറെയാണ്. കേരളത്തിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇപ്പോഴുള്ള അവസ്ഥ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പവന് 40,000 രൂപ കടന്നേക്കാം. കേരളത്തില്‍ പവന് ഇന്ന് 800 രൂപ വര്‍ധിച്ച് 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,940 രൂപയായി. ശനിയാഴ്ച്ച പവന് 560 രൂപ വര്‍ധിച്ച് 38,720 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വര്‍ണവില എത്തി നില്‍ക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബെന്റ് ക്രൂഡ് വില 125.1 ഡോളറിലെത്തി. യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം.
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് റദ്ദാക്കാന്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ശ്രമം നടത്തുന്നതും വില വര്‍ധനയ്ക്ക് കാരണമായി. ഇറാന്‍എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ നഷ്ടമായതും എണ്ണ വില കൂടുന്നതിന് വഴിവെച്ചു. ഇന്ത്യയില്‍ ഇന്ധന വിലയില്‍ 22 രൂപ വരെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്തെ ഇന്ധനവിലയില്‍ കഴിഞ്ഞ ഏതാനും മാസമായി മാറ്റമൊന്നും വന്നിട്ടില്ല.