image

17 Feb 2022 10:36 AM IST

ആര്‍ബിഐ നിരക്കുകള്‍ ഓഗസ്റ്റ് വരെ ഉയരാന്‍ സാധ്യതയില്ലെന്ന് യുബിഎസ്‌

PTI

ആര്‍ബിഐ നിരക്കുകള്‍ ഓഗസ്റ്റ് വരെ ഉയരാന്‍ സാധ്യതയില്ലെന്ന് യുബിഎസ്‌
X

Summary

മുംബൈ: ഇന്ത്യയില്‍ ഉപഭോക്തൃ പണപ്പെരുപ്പം 6.01 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ വരെ ഇത് ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം ഉയരുമെങ്കിലും 2022 ന്റെ ആദ്യ പകുതിയിലുടനീളം ആര്‍ബിഐ പോളിസി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വിസ് ബ്രോക്കറേജ് ആയ യുബിഎസ്‌ സെക്യൂരിറ്റീസ് ഇന്ത്യ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റിലെ പണ നയ കമ്മിറ്റിയുടെ മീറ്റിങ്ങിൽ മാത്രമേ തങ്ങൾ 50 ബേസിസ് പോയിന്റ് ഉയർച്ച പ്രതീക്ഷിക്കുന്നുള്ളു, അവർ വ്യക്തമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉപഭോക്തൃ […]


മുംബൈ: ഇന്ത്യയില്‍ ഉപഭോക്തൃ പണപ്പെരുപ്പം 6.01 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ വരെ ഇത് ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം ഉയരുമെങ്കിലും 2022 ന്റെ ആദ്യ പകുതിയിലുടനീളം ആര്‍ബിഐ പോളിസി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വിസ് ബ്രോക്കറേജ് ആയ യുബിഎസ്‌ സെക്യൂരിറ്റീസ് ഇന്ത്യ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റിലെ പണ നയ കമ്മിറ്റിയുടെ മീറ്റിങ്ങിൽ മാത്രമേ തങ്ങൾ 50 ബേസിസ് പോയിന്റ് ഉയർച്ച പ്രതീക്ഷിക്കുന്നുള്ളു, അവർ വ്യക്തമാക്കി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉപഭോക്തൃ പണപ്പെരുപ്പം ജനുവരിയില്‍ ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായ 6.01 ശതമാനത്തിലെത്തി. എന്നാല്‍ 2021 ജൂണിലെ 6.26 ശതമാനത്തെക്കാള്‍ കുറവാണിത്.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.96 ശതമാനത്തില്‍ തുടര്‍ന്നു. 2021 ഡിസംബറിലെ ഉപഭോക്തൃ പണപ്പെരുപ്പം 5.59 ശതമാനത്തില്‍ നിന്ന് 5.66 ആയി സര്‍ക്കാര്‍ പുതുക്കിയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ സ്ഥിതിവിവര കണക്കുകള്‍ മൂലമാണ് പണപ്പെരുപ്പം ഉയര്‍ന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നുണ്ട്. ഇത് വരും മാസങ്ങളിലും വ്യത്യസ്ത രീതികളില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത സാമ്പത്തിക വര്‍ഷം റീട്ടെയ്ല്‍ പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5.3 ശതമാനമായിരുന്നു കണക്കാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന നിരക്കുകള്‍ മാറ്റാതെ നിലനിര്‍ത്തിക്കൊണ്ട് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചിട്ടുള്ളത്.

ഉപഭോക്തൃ പണപ്പെരുപ്പം മുന്‍മാസത്തെ 6.1 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി തുടരുന്നു എന്നും ഇത് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഇന്‍പുട്ട് ചെലവില്‍ പ്രതിഫലിക്കുന്നു എന്നും യുബിഎസ് സെക്യൂരിറ്റീസിന്റെ ചീഫ് ഇക്കണോമിസ്റ്റ് തന്‍വി ഗുപ്ത പറഞ്ഞു.

ഗ്രാമീണ മേഖലയിലെ വില സമ്മര്‍ദ്ദം 6.1 ശതമാനത്തില്‍ കൂടുതലാണെന്നും അവര്‍ പറഞ്ഞു. നഗരപ്രദേശങ്ങളില്‍ ഇത് 5.9 ശതമാനത്തില്‍ കുറവാണ്.

ഏപ്രില്‍ വരെ ഉപഭോക്തൃ പണപ്പെരുപ്പം 5.5 -6.0 ശതമാനത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. ഉയരുന്ന എണ്ണ വില, മാറ്റു ചരക്കുകളുടെ വിലക്കയറ്റം, സപ്ലൈ സൈഡ് തടസ്സങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകും.