11 Sep 2022 9:00 AM GMT
Summary
മെൽബോൺ: രാജ്യത്തേക്ക് വിദേശ ഫണ്ടുകള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിഗ്നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസ നിര്‍ത്തലാക്കാനുള്ള നീക്കവുമായി ഓസ്‌ട്രേലിയ. കുറഞ്ഞത് 5 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ അഞ്ചു വര്‍ഷത്തേക്ക് രാജ്യത്ത് നിക്ഷേപിക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്ന വിസയായിരുന്നു ഇത്. എന്നാല്‍ ഈ പദ്ധതി വഴി രാജ്യത്തിന് കാര്യമായ നേട്ടം ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ക്ലെയര്‍ ഓ നീല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിസ പ്രകാരം രാജ്യത്തേക്ക് എത്തിയിരുന്നവരില്‍ മിക്കവരും […]
മെൽബോൺ: രാജ്യത്തേക്ക് വിദേശ ഫണ്ടുകള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിഗ്നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസ നിര്‍ത്തലാക്കാനുള്ള നീക്കവുമായി ഓസ്‌ട്രേലിയ.
കുറഞ്ഞത് 5 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ അഞ്ചു വര്‍ഷത്തേക്ക് രാജ്യത്ത് നിക്ഷേപിക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്ന വിസയായിരുന്നു ഇത്. എന്നാല്‍ ഈ പദ്ധതി വഴി രാജ്യത്തിന് കാര്യമായ നേട്ടം ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ക്ലെയര്‍ ഓ നീല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിസ പ്രകാരം രാജ്യത്തേക്ക് എത്തിയിരുന്നവരില്‍ മിക്കവരും ബിസിനസ് അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷത്തെ സ്ഥിര കുടിയേറ്റ വീസകളുടെ (പെര്‍മനന്റ് ഇമിഗ്രേഷന്‍ വീസ) എണ്ണം കൂട്ടുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. മുന്‍പ് 35,000 വീസകള്‍ അനുവദിച്ചിരുന്നത്, ഈ വര്‍ഷം 1,95,000 വീസകളാക്കാനാണു തീരുമാനം. പല വ്യവസായങ്ങള്‍ക്കും തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണു നീക്കം.
കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷം ഓസ്‌ട്രേലിയ കുടിയേറ്റമൊന്നും അനുവദിച്ചിരുന്നില്ല. ആ കടുത്ത നിയമങ്ങളും അവധിക്കാല തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും വിദേശ വിദ്യാര്‍ഥികള്‍ സ്ഥലം വിടുന്നതും പല മേഖലയിലും തൊഴിലാളികളുടെ ക്ഷാമം വര്‍ധിപ്പിച്ചിരുന്നു.
നയം മാറ്റം വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് രാജ്യത്ത് എത്താനുള്ള അവസരമൊരുങ്ങും.