image

26 Aug 2022 1:10 AM GMT

Technology

മനുഷ്യ വിസര്‍ജ്ജ്യവും 'പഴ്സ് നിറയ്ക്കും': കൊറിയന്‍ പ്രൊഫസറുടെ 'ഷിറ്റ് കോയിന്‍' ഹിറ്റാകുമ്പോള്‍

MyFin Desk

മനുഷ്യ വിസര്‍ജ്ജ്യവും പഴ്സ് നിറയ്ക്കും: കൊറിയന്‍ പ്രൊഫസറുടെ ഷിറ്റ് കോയിന്‍ ഹിറ്റാകുമ്പോള്‍
X

Summary

പ്രാഥമിക ആവശ്യങ്ങള്‍ക്ക് നല്ലൊരു ടോയ്ലെറ്റ് പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ഒട്ടനവധി പാവപ്പെട്ടരുള്ള ഇന്ത്യയില്‍ 'ഒരു ദക്ഷിണ കൊറിയന്‍' ഐഡിയ പ്രാവര്‍ത്തികമാക്കിയാല്‍ ശുചിത്വവും ഒപ്പം വരുമാനവും ഉറപ്പാക്കാം. സംഗതി ആദ്യമായി കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കുന്നവര്‍ മുതല്‍ പൊട്ടിച്ചിരിക്കുന്നവര്‍ വരെ ഒട്ടേറെ പേരുണ്ടാകാം. എന്നാല്‍ അങ്ങനെയങ്ങ് ചിരിച്ചു തള്ളാന്‍ വരട്ടെ. സംഭവം അല്‍പം ചിന്തിക്കേണ്ട ഒന്നാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തിന് ആവശ്യമായ ഭക്ഷണം വിസര്‍ജ്യമായി മാറുമ്പോഴും ഇവ ഊര്‍ജ്ജത്തിന്റെ ശ്രോതസ്സായി തന്നെ നിലനില്‍ക്കും എന്ന ശാസ്ത്രീയ വശമാണ് ഇവിടെ കാണേണ്ടത്. […]


പ്രാഥമിക ആവശ്യങ്ങള്‍ക്ക് നല്ലൊരു ടോയ്ലെറ്റ് പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ഒട്ടനവധി പാവപ്പെട്ടരുള്ള ഇന്ത്യയില്‍ 'ഒരു ദക്ഷിണ കൊറിയന്‍' ഐഡിയ പ്രാവര്‍ത്തികമാക്കിയാല്‍ ശുചിത്വവും ഒപ്പം വരുമാനവും ഉറപ്പാക്കാം. സംഗതി ആദ്യമായി കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കുന്നവര്‍ മുതല്‍ പൊട്ടിച്ചിരിക്കുന്നവര്‍ വരെ ഒട്ടേറെ പേരുണ്ടാകാം. എന്നാല്‍ അങ്ങനെയങ്ങ് ചിരിച്ചു തള്ളാന്‍ വരട്ടെ. സംഭവം അല്‍പം ചിന്തിക്കേണ്ട ഒന്നാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തിന് ആവശ്യമായ ഭക്ഷണം വിസര്‍ജ്യമായി മാറുമ്പോഴും ഇവ ഊര്‍ജ്ജത്തിന്റെ ശ്രോതസ്സായി തന്നെ നിലനില്‍ക്കും എന്ന ശാസ്ത്രീയ വശമാണ് ഇവിടെ കാണേണ്ടത്.

വിസര്‍ജ്യത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിന് പുറമേ ഇത് 'സംഭാവന' ചെയ്യുന്നയാള്‍ക്ക് പണവും നല്‍കുന്ന മില്യണ്‍ ഡോളര്‍ ആശയം ഉദിച്ചത് ദക്ഷിണ കൊറിയയിലെ ഒരു എഞ്ചിനീയറിംഗ് പ്രൊഫസറുടെ തലയിലാണ്. ഇക്കാര്യം വാര്‍ത്തകളില്‍ ഇടം നേടി കാലം കുറച്ചായെങ്കിലും ഈ പദ്ധതിയൊടൊപ്പമുള്ള ഷിറ്റ്കോയിനുകളുടെ പ്രചാരം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ ഈ കൊറിയന്‍ ആശയത്തെ വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്.

ഷിറ്റിനെ 'ഹിറ്റാക്കിയ' കൊറിയ

ദക്ഷിണ കൊറിയയിലെ ഉള്‍സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എഞ്ചിനീയറിംഗ് പ്രൊഫസറായ ചോ ജേ വിയോണ്‍ ആണ് ഈ എക്കോ ഫ്രണ്ട്ലി ടോയ്ലറ്റ് എന്ന ആശയത്തിന് പിന്നിലെ 'മാസ്റ്റര്‍ ബ്രെയിന്‍'. ബീ വി ടോയിലന്റ് എന്നാണ് ഇതിന്റെ പേര്. ഇത് വിയോണ്‍ ജോലി ചെയ്യുന്ന കോളേജില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ടോയ്ലറ്റ് വഴി ശേഖരിക്കുന്ന മനുഷ്യ വിസര്‍ജ്യം ഭൂഗര്‍ഭ അറയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ടാങ്കിലേക്ക് പോവുകയും ചില സൂക്ഷ്മ ജീവികളെ അതിലേക്ക് നിക്ഷേപിക്കുന്നത് വഴി മീതെയിന്‍ ഗ്യാസ് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന മീതെയിന്‍ ഗ്യാസ് സ്റ്റൗ, വെള്ളം ചൂടാക്കാനുള്ള സംവിധാനം, സോളിഡ് ഓക്സൈഡ് ഫ്യുവല്‍ സെല്ലുകള്‍ എന്നിവയ്ക്ക് ഊര്‍ജ്ജ ശ്രോതസ്സായി ഉപയോഗിക്കും. ഒരു ശരാശരി മനുഷ്യന്‍ പ്രതിദിനം 500 ഗ്രാം വിസര്‍ജ്യം പുറത്തേക്ക് തള്ളുന്നുണ്ടെന്നാണ് കണക്ക്. ഇതുവഴി ഏകദേശം 50 ലിറ്റര്‍ മീതെയിന്‍ ഗ്യാസ് ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതുവെച്ച് മണിക്കൂറില്‍ 0.5 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. അതായത് ഒരു വൈദ്യുതി വാഹനത്തിന് 1.2 കിലോമീറ്റര്‍ ഓടാനുള്ള ഊര്‍ജ്ജം വെറും 500 ഗ്രാം മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നും ലഭിക്കും.

ഷിറ്റ് കോയിന്‍ ആണ് താരം

വിസര്‍ജ്ജ്യം ഊര്‍ജ്ജമാകുന്ന പ്രക്രിയ കൊണ്ട് എല്ലാം കഴിഞ്ഞെന്ന് കരുതണ്ട. ഊര്‍ജ്ജോത്പാദനത്തിനായി ടോയ്ലറ്റില്‍ 'സംഗതി' നിക്ഷേപിക്കുന്നവര്‍ക്ക് പ്രതിഫലം എന്നവണ്ണം ജിഗൂള്‍ എന്ന ക്രിപ്റ്റോ കറന്‍സി ലഭിക്കും. ജിഗൂള്‍ എന്നാല്‍ കൊറിയന്‍ ഭാഷയില്‍ തേന്‍ എന്നാണ് അര്‍ത്ഥം. ഇവയ്ക്ക് ഷിറ്റ്കോയിനെന്നും ഇപ്പോള്‍ പേര് ലഭിച്ചു കഴിഞ്ഞു. ഒരു ശരാശരി 'നിക്ഷേപകന്' 10 ജിഗൂളാണ് പ്രതിഫലമായി ലഭിക്കുക. ടോയ്ലെറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യു ആര്‍ കോഡ് ഇതുമായി ബന്ധപ്പെട്ട ആപ്പ് വഴി സ്‌കാന്‍ ചെയ്താല്‍ പണം ഉടന്‍ ലഭിക്കും.

ഇത്തരത്തില്‍ ലഭിക്കുന്ന കോയിനുകള്‍ ഉപയോഗിച്ച് ഉള്‍സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂഡില്‍സ്, കാപ്പി എന്നിവ മുതല്‍ പുസ്തകങ്ങള്‍ വരെ വാങ്ങാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിയോണ്‍ പറയുന്നു. എന്തായാലും നൂതനാശയങ്ങളുടെ പട്ടികയിലെ ഈ 'ഷിറ്റ് ആന്‍ഡ് ഹിറ്റ്' ഐഡിയ ആഗോളതലത്തില്‍ പരീക്ഷിക്കാവുന്ന ഒന്നാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെ വന്‍ ജനസംഖ്യയുള്ള രാജ്യത്ത്.