image

19 July 2022 8:56 AM IST

പിപിഐ ക്രെഡിറ്റ് ലൈന്‍ വിലക്ക്: പ്രീപെയ്ഡ് കാര്‍ഡ് വിതരണത്തില്‍ ഇടിവ്

MyFin Desk

പിപിഐ ക്രെഡിറ്റ് ലൈന്‍ വിലക്ക്: പ്രീപെയ്ഡ് കാര്‍ഡ് വിതരണത്തില്‍ ഇടിവ്
X

Summary

ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ ഫിന്‍ടെക്ക് കമ്പനികളുടെ പ്രീപെയ്ഡ് കാര്‍ഡ് വിതരണത്തില്‍ ഇടിവ്. സ്ലൈസ്, യുണി, ലേസി പേ എന്നിവയുടെ കാര്‍ഡ് വിതരണം ഒരു ലക്ഷത്തിന് താഴെയായി. കമ്പനികള്‍ പുതിയ പ്രീപ്പെയ്ഡ് കാര്‍ഡുകള്‍ ഇറക്കുന്ന നടപടികളില്‍ ഭൂരിഭാഗവും മരവിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നിയന്ത്രണം സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് നീക്കമെന്നും കമ്പനികള്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും കമ്പനികള്‍ […]


ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ ഫിന്‍ടെക്ക് കമ്പനികളുടെ പ്രീപെയ്ഡ് കാര്‍ഡ് വിതരണത്തില്‍ ഇടിവ്. സ്ലൈസ്, യുണി, ലേസി പേ എന്നിവയുടെ കാര്‍ഡ് വിതരണം ഒരു ലക്ഷത്തിന് താഴെയായി. കമ്പനികള്‍ പുതിയ പ്രീപ്പെയ്ഡ് കാര്‍ഡുകള്‍ ഇറക്കുന്ന നടപടികളില്‍ ഭൂരിഭാഗവും മരവിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നിയന്ത്രണം സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് നീക്കമെന്നും കമ്പനികള്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
കമ്പനികളുടെ പ്രശ്നത്തിന് എങ്ങനെ പരിഹാരം കണ്ടെത്താം എന്ന ആലോചനകള്‍ക്കിടയിലാണ് ബാങ്കുകളുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കിയേക്കുമെന്ന സൂചനയും ലഭിക്കുന്നത്. എസ്ബിഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചാകും ഇത്തരം കാര്‍ഡുകള്‍ ഇറക്കുക. പക്ഷേ ഇതിനായി ഉപഭോക്താവ് പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടി വരും. അതത് ഫിന്‍ടെക്ക് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇറക്കുന്നത് ഫിന്‍ടെക്ക് കമ്പനിയായിരിക്കും. ഇത്തരത്തില്‍ പദ്ധതി നടപ്പായാല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ എണ്ണം വര്‍ധിക്കും. ഇത്തരം സ്‌കീമിനെ പറ്റി ബാങ്കുകളില്‍ നിന്നോ ഫിന്‍ടെക്ക് കമ്പനികളില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ ഫിന്‍ടെക്ക് കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തകര്‍ച്ചയ്ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ വിവിധ തരം ടെക്ക് സേവനങ്ങളെ പ്ലാറ്റ്ഫോമില്‍ എത്തിച്ചെങ്കിലും അതൊന്നും ഫലം കണ്ടതുമില്ല. ഏറ്റവുമധികം വളര്‍ച്ച നേടിയ ഫിന്‍ടെക്ക് കമ്പനികളുള്ള രാജ്യം കൂടിയാണ് ഇന്ത്യ. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്താണ് ഫിന്‍ടെക്കുകളുടെ വളര്‍ച്ച ത്വരിതപ്പെട്ടത്.
ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വരെ വലിയ തോതില്‍ പണം ഒഴുകിയെത്തി. എന്നാല്‍ ആര്‍ബിഐ നീക്കം കമ്പനികളുടെ വരുമാന വളര്‍ച്ചയെ സാരമായി ബാധിച്ചു. അടുത്തിടെ ആരംഭിച്ച മിക്ക കമ്പനികളും അവരവരുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള 'അതിവേഗ വായ്പാ വിതരണം' വഴിയാണ് മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിച്ചത്. ക്രെഡിറ്റ് ലൈന്‍ രീതിയാണ് അവരുടെ സേവനങ്ങളുടെ ശ്രദ്ധാ കേന്ദ്രം. ആര്‍ബിഐ അറിയിപ്പ് വന്നതോടെ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്തുണ നല്‍കി പണം വിതരണം നടത്തിയിരുന്ന ബാങ്കുകളും ഈ സേവനം നിറുത്തലാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (ഏപ്രില്‍ 2021- മാര്‍ച്ച് 30, 2022) ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഇവയുടെ റിക്കവറി ഏജന്റുമാര്‍ എന്നിവര്‍ക്കെതിരെ ആര്‍ബിഐ മുന്‍പാകെ 7,813 പരാതികളാണ് ലഭിച്ചത്. പണം തിരികെ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് നേരേ മോശമായി പെരുമാറുന്നവെന്നാണ് പരാതി.