18 July 2022 9:35 AM GMT
Summary
സ്റ്റീൽ പോലുള്ള ലോഹങ്ങളുടെ വിലയിലുണ്ടായ ഇടിവും, കടൽ മാർഗമുള്ള ചരക്കു നീക്കത്തിന്റെ ചെലവിലുണ്ടായ കുറവും ഇൻഫ്രാസ്ട്രക്ച്ചർ, എഞ്ചിനീയറിംഗ് ഉത്പന്ന നിർമ്മാണ കമ്പനികളുടെ ലാഭം വർധിക്കാൻ സഹായിക്കും. കമ്മോഡിറ്റി വിലകളിലുണ്ടായ കുറവും ഈ മേഖലക്ക് ഗുണകരമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാൽ, ഇത് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകളിൽ മാത്രമേ പ്രതിഫലിക്കുകയുള്ളു. കപ്പൽ ചരക്കു നീക്കത്തിന്റെ ചെലവു കുറഞ്ഞത് ഏപ്രിൽ-ജൂൺ പാദത്തിൽ എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കാർക്ക് കുതിച്ചുയർന്ന കമ്മോഡിറ്റി വിലയുടെ ആഘാതം കുറയ്ക്കുന്നതിന് സഹായിച്ചു. ഇൻഫ്രാസ്‌ട്രക്ച്ചർ […]
സ്റ്റീൽ പോലുള്ള ലോഹങ്ങളുടെ വിലയിലുണ്ടായ ഇടിവും, കടൽ മാർഗമുള്ള ചരക്കു നീക്കത്തിന്റെ ചെലവിലുണ്ടായ കുറവും ഇൻഫ്രാസ്ട്രക്ച്ചർ, എഞ്ചിനീയറിംഗ് ഉത്പന്ന നിർമ്മാണ കമ്പനികളുടെ ലാഭം വർധിക്കാൻ സഹായിക്കും. കമ്മോഡിറ്റി വിലകളിലുണ്ടായ കുറവും ഈ മേഖലക്ക് ഗുണകരമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാൽ, ഇത് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകളിൽ മാത്രമേ പ്രതിഫലിക്കുകയുള്ളു. കപ്പൽ ചരക്കു നീക്കത്തിന്റെ ചെലവു കുറഞ്ഞത് ഏപ്രിൽ-ജൂൺ പാദത്തിൽ എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കാർക്ക് കുതിച്ചുയർന്ന കമ്മോഡിറ്റി വിലയുടെ ആഘാതം കുറയ്ക്കുന്നതിന് സഹായിച്ചു.
ഇൻഫ്രാസ്‌ട്രക്ച്ചർ കമ്പനികളായ എൽ ആൻഡ് ടി, കെഇസി ഇന്റർനാഷണൽ പോലുള്ള കമ്പനികളുടെ എബിറ്റ്ഡ (Ebitda) മാർജിനിൽ 2023 സാമ്പത്തിക വർഷത്തിൽ 45 മുതൽ 80 ബേസിസ് പോയിന്റ് വരെയും, 2024 സാമ്പത്തിക വർഷത്തിൽ 27 മുതൽ 40 ബേസിസ് പോയിന്റ് വരെയും വർധനവുണ്ടാകാമെന്ന് ബ്രോക്കറേജ് കണക്കാക്കുന്നു. കയറ്റുമതി തീരുവ ചുമത്തിയത്തിനു ശേഷം മെയ് 22 മുതൽ സ്റ്റീലിന്റെ വില ടണ്ണിന് 10,000 രൂപ വരെ കുറഞ്ഞതാണ് ഈ വർദ്ധനവിന് പ്രധാന കാരണം. എബിബിയ്ക്കും, സീമെൻസിനും നേട്ടമുണ്ടാകുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
സ്റ്റീലിനും മറ്റു ലോഹ ഉത്പന്നങ്ങൾക്കും ഉണ്ടായ വിലക്കയറ്റം എൽ ആൻഡ് ടി, കെഇസി ഇന്റർനാഷണൽ തുടങ്ങിയ കമ്പനികളുടെ 2022 സാമ്പത്തിക വർഷത്തിലെ ലാഭത്തെ പ്രതികൂലമായാണ് ബാധിച്ചത്. എൽ ആൻഡ് ടിയുടെ 'കോർ എബിറ്റ്ഡ മാർജിൻ' 9.2 ശതമാനമായി കുറഞ്ഞു. 2021 സാമ്പത്തിക വർഷത്തിൽ ഇത്‍ 10.1 ശതമാനമായിരുന്നു. കെഇസി യുടെ എബിറ്റ്ഡ മാർജിൻ 2021 സാമ്പത്തിക വർഷത്തിലെ 8.7 ശതമാനത്തിൽ നിന്നും 2022 ൽ 6.6 ശതമാനമായി കുറഞ്ഞു. വിലക്കയറ്റം ഓർഡർ ബുക്കിലെ പ്രധാനപ്പെട്ട സ്ഥിര വിലയിലുള്ള കോൺട്രാക്ടുകളെ (fixed-priced contracts) സാരമായി ബാധിച്ചിരുന്നു.
2022 സാമ്പത്തിക വർഷത്തിൽ കടൽ മാർഗമുള്ള ചരക്കു നീക്കത്തിന്റെ ചെലവ് കോവിഡിന് മുൻപുള്ള നിലയിൽ നിന്നും അഞ്ചു മുതൽ ആറു മടങ്ങ് വരെ വർധിച്ചത് എഐഎ എഞ്ചിനീയറിംഗ് പോലുള്ള കയറ്റുമതി കൂടുതലുള്ള കമ്പനികളുടെ എബിറ്റ്ഡയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. എന്നാൽ, നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഈ നിരക്ക് 18 ശതമാനം കുറഞ്ഞത് കമ്മോഡിറ്റി വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ കമ്പനികൾക്ക് സഹായകരമാകും. "സമീപ ഭാവിയിൽ ചരക്കു നീക്കത്തിന്റെ ചെലവിൽ ഒന്നാം പാദത്തെ അപേക്ഷിച്ച് 20 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കയറ്റുമതി കൂടുതലുള്ള എഐഎ, കുമ്മിൻസ് പോലുള്ള കമ്പനികളുടെ ലാഭം വർധിക്കുന്നതിന് സഹായിക്കും," നോമുറ പറഞ്ഞു.
മെയ് മാസം മുതൽ കമ്മോഡിറ്റി വിലയിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും, ഇതിന്റെ കാര്യമായ ഗുണങ്ങൾ നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം മുതലാണ് കമ്പനികളുടെ ലാഭത്തിൽ പ്രകടമാവുക. ഇൻഫ്രാസ്‌ട്രക്ച്ചർ കമ്പനികൾ സാധാരണയായി 2-3 മാസത്തേക്കുള്ള അസംസ്കൃത വസ്തുക്കൾ സംഭരിച്ചു വെക്കാറുണ്ട്.