image

17 July 2022 2:03 AM GMT

Stock Market Updates

വിദേശ നിക്ഷേപകരുടെ ഓഹരി വിൽപ്പന തുടരുന്നു; ജൂലൈയിൽ പിൻവലിച്ചത് 7,400 കോടി രൂപ

MyFin Desk

വിദേശ നിക്ഷേപകരുടെ ഓഹരി വിൽപ്പന തുടരുന്നു; ജൂലൈയിൽ പിൻവലിച്ചത് 7,400 കോടി രൂപ
X

Summary

ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ചുള്ള ജാഗ്രത തുടരുന്നതും, ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും, യുഎസിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ജൂലൈയിൽ ഇതുവരെ 7,400 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. ജൂണില്‍ അവര്‍ ഓഹരികളില്‍ നിന്നും 50,203 കോടി രൂപ പിന്‍വലിച്ചിരുന്നു. എന്നാല്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ അവരുടെ വില്‍പ്പനയുടെ വേഗം കുറച്ചിട്ടുണ്ട്. അടിസ്ഥാന ഘടകങ്ങളില്‍ പുരോഗതി ഉണ്ടായിട്ടില്ലാത്തതിനാല്‍, ട്രെന്‍ഡില്‍ എന്തെങ്കിലും മാറ്റമുണ്ടാകുന്നതിന്റെ സൂചനയൊന്നുമല്ലെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയുടെ റിസേര്‍ച്ച് മാനേജരും, അസോസിയേറ്റ് […]


ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ചുള്ള ജാഗ്രത തുടരുന്നതും, ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും, യുഎസിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ജൂലൈയിൽ ഇതുവരെ 7,400 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. ജൂണില്‍ അവര്‍ ഓഹരികളില്‍ നിന്നും 50,203 കോടി രൂപ പിന്‍വലിച്ചിരുന്നു.

എന്നാല്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ അവരുടെ വില്‍പ്പനയുടെ വേഗം കുറച്ചിട്ടുണ്ട്. അടിസ്ഥാന ഘടകങ്ങളില്‍ പുരോഗതി ഉണ്ടായിട്ടില്ലാത്തതിനാല്‍, ട്രെന്‍ഡില്‍ എന്തെങ്കിലും മാറ്റമുണ്ടാകുന്നതിന്റെ സൂചനയൊന്നുമല്ലെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയുടെ റിസേര്‍ച്ച് മാനേജരും, അസോസിയേറ്റ് ഡയറക്ടറുമായ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ ഒമ്പതു മാസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ വൻ തോതിലുള്ള പിന്‍വലിക്കല്‍ നടന്നിട്ടുണ്ട്.

"വിദേശനാണ്യ വിപണിയിലെ അനിശ്ചിതത്വങ്ങൾ മൂലവും, ഡോളറിന്റെ ശക്തിയാര്‍ജിക്കൽ മൂലവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിൽ അറ്റ വാങ്ങലുകാരാകാന്‍ സാധ്യതയില്ല. ഉയര്‍ന്ന തലത്തില്‍ അവര്‍ അറ്റ വില്‍പ്പനക്കാരായി വീണ്ടും മാറാം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

മുന്നോട്ട് പോകുമ്പോള്‍, വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സംഘർങ്ങള്‍, ഉയരുന്ന പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ കര്‍ശന പണനയം എന്നിവ കാരണം വളരുന്ന വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് അസ്ഥിരമായി തുടരുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ഡിപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കനുസരിച്ച് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ജൂലൈ ഒന്നുമുതല്‍ 15 വരെ പിന്‍വലിച്ചത് 7,432 കോടി രൂപയാണ്.

കഴിഞ്ഞയാഴ്ച്ച വിദേശ നിക്ഷേപകര്‍ ഇടയ്ക്കിടെ അറ്റ നിക്ഷേപകരായി മാറിയിരുന്നുവെങ്കിലും അവരിപ്പോഴും ജാഗ്രതയോടെ തുടരുന്നുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. ജൂണില്‍ വിദേശ നിക്ഷേപകര്‍ 50,203 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഇത് മാര്‍ച്ച് 2020 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലായിരുന്നു. മാര്‍ച്ചില്‍ 61,973 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരികളില്‍ നിന്നും പിന്‍വലിച്ചത്. ഈ വര്‍ഷം ഇതുവരെ ഓഹരികളില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ റെക്കോഡ് തുകയായ 2.25 ലക്ഷം കോടി രൂപയിലെത്തി.

ചൗഹാന്‍ പറയുന്നതനുസരിച്ച്, ആഗോള പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയും, യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയും, ഡോളര്‍ സൂചിക അതിന്റെ മുന്നേറ്റം തുടരുകയും, വലിയ ഐടി കമ്പനികളുടെ ഒന്നാംപാദ ഫലങ്ങള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തത് ഇന്ത്യന്‍ ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായി.

രൂപയുടെ മൂല്യം ഡോളറിനെതിരെ നിര്‍ണായകമായ 80 എന്ന നിലയില്‍ ഈ ആഴ്ച്ച എത്തിയിരുന്നു. ഇത് കറന്‍സിയെ നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ നേരിടുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നത്, ട്രേഡ്‌സ്മാര്‍ട്ടിന്റെ ചെയര്‍മാന്‍ വിജയ് സിംഗാനിയ അഭിപ്രായപ്പെട്ടു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തിന്റെ പരിണിതഫലമാണ് മിക്ക കേന്ദ്ര ബാങ്കുകളും ഇപ്പോള്‍ അനുഭവിക്കുന്ന കറന്‍സി മൂല്യത്തകർച്ചയെന്നും അദ്ദേഹം പറഞ്ഞു.