image

13 July 2022 4:25 AM GMT

Agriculture and Allied Industries

കാർഷിക വിളകളുടെ വില വർധന ഭക്ഷ്യോത്പന്ന നിര്‍മാതാക്കള്‍ക്ക് ഇരുട്ടടിയാവുന്നു

MyFin Desk

കാർഷിക വിളകളുടെ വില വർധന ഭക്ഷ്യോത്പന്ന നിര്‍മാതാക്കള്‍ക്ക് ഇരുട്ടടിയാവുന്നു
X

Summary

മുംബൈ: പ്രധാന കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുകയും, നിര്‍മാണ ചെലവ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലും ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനാകാതെ ഭക്ഷ്യോത്പന്ന നിര്‍മാതാക്കള്‍. ഇത് അവരുടെ ലാഭത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാമെന്ന് ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഇന്നലെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പ്, മൈദ തുടങ്ങിയ പ്രധാന ഉത്പന്നങ്ങളുടെ വില ഏഴ് മുതല്‍ എട്ട് ശതമാനവും, കടലയുടെയും, കടലമാവിന്റെയും വില ആറു മുതല്‍ എട്ട് ശതമാനവും, പാല്‍, പഞ്ചസാര എന്നിവയുടെ വില ഒരു ശതമാനവും ഉയര്‍ന്നതായാണ് പറയുന്നത്. […]


മുംബൈ: പ്രധാന കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുകയും, നിര്‍മാണ ചെലവ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലും ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനാകാതെ ഭക്ഷ്യോത്പന്ന നിര്‍മാതാക്കള്‍. ഇത് അവരുടെ ലാഭത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാമെന്ന് ക്രിസിലിന്റെ റിപ്പോര്‍ട്ട്.

ഇന്നലെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പ്, മൈദ തുടങ്ങിയ പ്രധാന ഉത്പന്നങ്ങളുടെ വില ഏഴ് മുതല്‍ എട്ട് ശതമാനവും, കടലയുടെയും, കടലമാവിന്റെയും വില ആറു മുതല്‍ എട്ട് ശതമാനവും, പാല്‍, പഞ്ചസാര എന്നിവയുടെ വില ഒരു ശതമാനവും ഉയര്‍ന്നതായാണ് പറയുന്നത്.

എന്നിരുന്നാലും, പ്രധാന എണ്ണകളുടെ വില 14 മുതല്‍ 16 ശതമാനം വരെ കുറയുമെന്നും പാമോയില്‍, സോയ എണ്ണ എന്നിവയുടെ വില 16 മുതല്‍ 17 ശതമാനവും, സണ്‍ഫ്‌ളവറിന്റേത് 10 മുതല്‍ 12 ശതമാനവും കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യ എണ്ണയുടെ വില 2021 സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനം ഉയര്‍ന്നു. പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളായ തെക്കേ അമേരിക്ക, ബ്രസീല്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണം കോവിഡിനെത്തുടര്‍ന്ന് കുറഞ്ഞതിനാല്‍ 2022 ലാകട്ടെ ഇത് 40 ശതമാനം വരെയാണ് ഉയർന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഇതിനു ആക്കം കൂട്ടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പ് 10 ശതമാനം, മൈദ 7 ശതമാനം, കടല 5 ശതമാനം, കടലപ്പൊടി 6 ശതമാനം, പാല്‍ 11 ശതമാനം, പഞ്ചസാര 5 ശതമാനം പാമോയില്‍ 38 ശതമാനം എന്നിങ്ങനെയാണ് വില വര്‍ദ്ധനവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലയുടെ ട്രെന്‍ഡ് പരിഗണിക്കുമ്പോള്‍ മൈദയും ഗോതമ്പും അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന ബിസ്‌ക്റ്റ്, റെഡി ടു ഈറ്റ് ഉത്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്ക് വിലയിൽ സമ്മര്‍ദ്ദം പ്രതീക്ഷിക്കാം. കടലമാവ്, ഭക്ഷ്യ എണ്ണ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്ന ലഘുഭക്ഷണ നിർമാതാക്കളെ കാർഷിക വിളകളുടെ വിലയില്‍ 6-8 ശതമാനം വര്ധനവുണ്ടാവുന്നത് ബാധിക്കാമെങ്കിലും ഭക്ഷ്യ എണ്ണ വില കുത്തനെ കുറയാൻ സാധ്യതയുള്ളതിനാൽ അവർക്കു വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയില്ല.

പാലിന്റെയും പഞ്ചസാരയുടെയും പ്രധാന ഉപഭോക്താക്കളായ ഐസ്‌ക്രീം, ചോക്ലേറ്റ് വ്യവസായങ്ങള്‍ക്കിടയില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ക്രിസില്‍ റിസര്‍ച്ച് ഡയറക്ടര്‍ പൂഷന്‍ ശര്‍മ്മ പറഞ്ഞു..

പ്രധാന ചരക്കുകളുടെ വിലയിലെ ഈ വര്‍ധന താഴെ തട്ടിലുള്ള ഭക്ഷ്യ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയാത്തതിനാല്‍ അവരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും, ശര്‍മ്മ പറഞ്ഞു.

കാര്‍ഷികോത്പന്നങ്ങളുടെ വിലയില്‍ ചാഞ്ചാട്ടം വര്‍ദ്ധിക്കുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറുന്നതും, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളുമാണ്. ഇന്ത്യയിലെ കാര്‍ഷിക ഭൂമിയുടെ 50 ശതമാനവും ജലസേചനത്തിനായി മഴയെ ആശ്രയിക്കുന്നതിനാല്‍ മഴയുടെ ലഭ്യതയിലുള്ള ചാഞ്ചാട്ടം വിളവിനെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ചുഴലിക്കാറ്റുകളുടെയും ഉഷ്ണതരംഗങ്ങളുടെയും എണ്ണത്തിലുണ്ടായ വര്‍ധനവും കാര്‍ഷികോത്പാദനത്തെ ബാധിക്കുന്നുണ്ട്.

ഭക്ഷ്യ എണ്ണ, ചോളം തുടങ്ങിയ ചരക്കുകളുടെ അന്താരാഷ്ട്ര വ്യാപാരത്തെ ഉയര്‍ന്ന അന്താരാഷ്ട്ര പിരിമുറുക്കങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും, റിപ്പോര്‍ട്ട് പറയുന്നു.