26 Jun 2022 12:21 AM
Summary
കോയമ്പത്തൂര്‍: ആഭ്യന്തര ഉത്പാദനവും, കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് വസ്ത്ര നിർമ്മാണ മേഖലയിൽ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ടെക്‌സ്‌റ്റൈല്‍ മന്ത്രാലയവും, വ്യവസായ-ആഭ്യന്തരവ്യാപാര പ്രോത്സാഹന വിഭാഗവും (ഡിപിഐഐടി), നീതി ആയോഗും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. മനുഷ്യനിര്‍മിത ഫൈബര്‍, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്, വൈറ്റ് ഗുഡ്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം മേഖലകള്‍ക്കായി 1.97 ലക്ഷം കോടി രൂപ […]
കോയമ്പത്തൂര്‍: ആഭ്യന്തര ഉത്പാദനവും, കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് വസ്ത്ര നിർമ്മാണ മേഖലയിൽ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.
ടെക്‌സ്‌റ്റൈല്‍ മന്ത്രാലയവും, വ്യവസായ-ആഭ്യന്തരവ്യാപാര പ്രോത്സാഹന വിഭാഗവും (ഡിപിഐഐടി), നീതി ആയോഗും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
മനുഷ്യനിര്‍മിത ഫൈബര്‍, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്, വൈറ്റ് ഗുഡ്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം മേഖലകള്‍ക്കായി 1.97 ലക്ഷം കോടി രൂപ അടങ്കലുള്ള പിഎല്‍ഐ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ടെക്സ്റ്റൈല്‍സ് കയറ്റുമതി ആരോഗ്യകരമായ തോതില്‍ വര്‍ധിച്ചുവരികയാണെന്നും കയറ്റുമതി 44 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറായി (എട്ട് ലക്ഷം കോടി രൂപ) എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ഉത്പദനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കി 20 ലക്ഷം കോടി രൂപയാക്കാനാണ് തുണി വ്യവസായം ലക്ഷ്യമിടുന്നത്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും, സ്റ്റാര്‍ട്ടപ്പുകളേയും എംഎസ്എംഇകളേയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞത് സെപ്റ്റംബറിന് ശേഷം നീട്ടുന്നത് അത്യാവശ്യമാണെങ്കില്‍ ഒരു മാസത്തേയ്ക്ക് കൂടിയാവാമെന്ന് മന്ത്രി സൂചിപ്പിച്ചു. ആഗോള ടെക്സ്റ്റൈല്‍ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തമാക്കാന്‍ അഞ്ച് വര്‍ഷത്തേക്ക് മൊത്തം 4,445 കോടി രൂപ ചെലവില്‍ ഏഴ് മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജിയനും അപ്പാരല്‍ പാര്‍ക്കുകളും സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി കാനഡ, യുകെ, യൂറോപ്യന്‍ യൂണിയന്‍, ഇസ്രായേല്‍ എന്നിവയുമായി ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള ബ്രാന്‍ഡുകളായ സറ, ഡിഎപി, ടോമി ഹില്‍ഫിഗര്‍, എച്ച് ആന്‍ഡ്എം, പ്യുമ എന്നിവ തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാതാക്കളുടെ ഇടപാടുകാരാണെന്ന് മന്ത്രി പറഞ്ഞു.