16 Jun 2022 9:38 AM GMT
Summary
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച തീരുമാനത്തെത്തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണി ഇന്ന് കനത്ത വില്‍പ്പന നേരിട്ടു. ബിഎസ്ഇയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 260 ഓളം ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെന്‍സെക്‌സിലെ എട്ട് പ്രമുഖ ലാര്‍ജ്-ക്യാപ് ഓഹരികളും അവയുടെ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നതോടെ സൂചികയും നഷ്ടത്തിലായി. ബജാജ് ഫിനാന്‍സ് (52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയായ 5,256 രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (1,278 രൂപ), […]
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച തീരുമാനത്തെത്തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണി ഇന്ന് കനത്ത വില്‍പ്പന നേരിട്ടു. ബിഎസ്ഇയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 260 ഓളം ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെന്‍സെക്‌സിലെ എട്ട് പ്രമുഖ ലാര്‍ജ്-ക്യാപ് ഓഹരികളും അവയുടെ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നതോടെ സൂചികയും നഷ്ടത്തിലായി.
ബജാജ് ഫിനാന്‍സ് (52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയായ 5,256 രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (1,278 രൂപ), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (806 രൂപ), യുഎസ്-യൂറോസോണ്‍ വിപണികളിൽ ഇടപാടുകളുള്ള ഇന്‍ഫോസിസ് പോലുള്ള ഐടി ഓഹരികള്‍ (1,392.15 രൂപ) എന്നിവയും അവയില്‍ ഉള്‍പ്പെടുന്നു. വിപ്രോ (420 രൂപ), ടെക് മഹീന്ദ്ര (971.15 രൂപ), മെറ്റല്‍ ഓഹരികളായ ടാറ്റ സ്റ്റീല്‍ (898.50 രൂപ), അള്‍ട്രാടെക് സിമന്റ് (5,280 രൂപ) എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്.
എല്‍കെപി സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി എസ് രംഗനാഥന്‍ പറയുന്നു: "ഒരു വര്‍ഷത്തെ താഴ്ച്ചയില്‍ എത്തിനില്‍ക്കുന്ന ഓഹരികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്, വിപണി റിസ്‌ക് ഒഴിവാക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ്. യുഎസ് ഫെഡ് നിലപാടിന്റെ ആഘാതവും, മണ്‍സൂണിന്റെ താമസിച്ചുള്ള വരവും വിപണിയെ തളര്‍ത്തി. അതിനാലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലാദ്യമായി നിഫ്റ്റി 15,400 ന് താഴേയ്ക്കു പോയത്. പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്ര ബാങ്കുകളെടുക്കുന്ന നടപടികളോട് പൊരുത്തപ്പെടാന്‍ വിപണി ശ്രമിക്കുമ്പോള്‍ത്തന്നെ, ഉപഭോക്തൃ ചെലവില്‍ ഇതുണ്ടാക്കുന്ന ആഘാതം നിക്ഷേപക താല്‍പര്യത്തിന് എതിരാണ്."
ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലയില്‍ ഗ്രാഫൈറ്റ്‌സ് ഇന്ത്യയും, എച്ചിജിഇയും 52 ആഴ്ച്ചയിലെ താഴ്ന്ന നിലയിലേക്ക് വീണു. ഇവ യഥാക്രമം 382.25 രൂപയിലും, 974.95 രൂപയിലുമാണ് ക്ലോസ് ചെയ്തത്. മറുവശത്ത്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, എന്‍എംഡിസി, സെയില്‍ എന്നിവ ബിഎസ്ഇ മെറ്റല്‍ വിഭാഗത്തില്‍ 52 ആഴ്ച്ചയിലെ താഴ്ന്ന നിലയിലേക്ക് വീണ പ്രമുഖ ഓഹരികളാണ്.