1 April 2022 1:39 AM
Summary
ഡെല്‍ഹി: വായ്പാ ദാതാക്കളുടെ 12,450 കോടി രൂപയുടെ ബാധ്യതകൾ ഒറ്റത്തവണയായി അടച്ചു തീര്‍ത്തതായി ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പ് അറിയിച്ചു. ഇതോടെ കമ്പനിക്ക് 3,600 കോടി രൂപയുടെ ബാധ്യതയാണ് ഇനി അവശേഷിക്കുന്നത്. കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണിന്റെ ആഘാതം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 2020 സെപ്റ്റംബര്‍ പകുതിയോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വായ്പാ ദാതാക്കളുമായി വായ്പ പുനഃസംഘടിപ്പിക്കുന്നതിന് പല്ലോന്‍ജി ഗ്രൂപ്പ് അപേക്ഷ നൽകിയിരുന്നു. പണലഭ്യതയുടെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് […]
ഡെല്‍ഹി: വായ്പാ ദാതാക്കളുടെ 12,450 കോടി രൂപയുടെ ബാധ്യതകൾ ഒറ്റത്തവണയായി അടച്ചു തീര്‍ത്തതായി ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പ് അറിയിച്ചു. ഇതോടെ കമ്പനിക്ക് 3,600 കോടി രൂപയുടെ ബാധ്യതയാണ് ഇനി അവശേഷിക്കുന്നത്.
കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണിന്റെ ആഘാതം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 2020 സെപ്റ്റംബര്‍ പകുതിയോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വായ്പാ ദാതാക്കളുമായി വായ്പ പുനഃസംഘടിപ്പിക്കുന്നതിന് പല്ലോന്‍ജി ഗ്രൂപ്പ് അപേക്ഷ നൽകിയിരുന്നു. പണലഭ്യതയുടെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കിയ കോമേഷ്യല്‍ പേപ്പറില്‍ 200 കോടി രൂപയുടെ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.
കമ്പനിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംവിധാനത്തിലെ ഏറ്റവും വലിയ തുകയാണ് 12,450 കോടി രൂപ. കുടിശ്ശിക തീര്‍പ്പാക്കാന്‍ ഗ്രൂപ്പ് രണ്ട് വര്‍ഷത്തെ സമയമാണ് ചോദിച്ചിരുന്നതെങ്കിലും ഒരു വര്‍ഷത്തിനുള്ളിൽ പ്രതിസന്ധിയിൽ നിന്നു കരകയറാന്‍ കമ്പനിക്ക് സാധിച്ചു.
സഹോദരന്മാരായ ഷക്കൂറിനും, സൈറസ് മിത്രിക്കും 50 ശതമാനം വീതം ഓഹരികളാണ് കമ്പനിയിലുള്ളത്. ടാറ്റ ട്രസ്റ്റിനു ശേഷം, 18.7 ശതമാനം ഓഹരി ടാറ്റ സണ്‍സിലുള്ള രണ്ടാമത്തെ വലിയ ഓഹരി ഉടമ കൂടിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. എന്നാല്‍ 2016 ഒക്ടോബറില്‍, ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയെ ടാറ്റ പുറത്താക്കിയതോടെയാണ് 60 വര്‍ഷത്തിലേറെ പഴക്കമുള്ള ബന്ധം തകര്‍ന്നത്. വര്‍ഷങ്ങളോളം നിയമ പോരാട്ടത്തിലേക്കും ഇത് നയിച്ചു.
കഴിഞ്ഞ വര്‍ഷം മിസ്ത്രി കുടുംബം 5,100 കോടി രൂപ കമ്പനിയിലേക്ക് നിക്ഷേപിച്ചതാണ് തിരിച്ചടവ് സാധ്യമാക്കിയത്. കമ്പനിയുടെ ഏറ്റവും മൂല്യമുള്ള ആസ്തികളായ സ്റ്റെര്‍ലിംഗ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്നും, യുറേക്ക ഫോര്‍ബ്‌സിൽ നിന്നുമായി കഴിഞ്ഞ വര്‍ഷം 3,750 കോടി രൂപ സമാഹരിച്ചു.
ടാറ്റ സണ്‍സില്‍ 9.19 ശതമാനം ഓഹരിയുള്ള സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ ഓഹരികള്‍ പണയം വെച്ചതിന് ശേഷം എച്ച്ഡിഎഫ്‌സിയില്‍ നിന്ന് 4,000 കോടി രൂപ സമാഹരിച്ചതായി ഈ വാരം ആദ്യത്തില്‍ കമ്പനി അറിയിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഓഹരികള്‍ പണയപ്പെടുത്തി ബ്രൂക്ക്ഫീല്‍ഡില്‍ നിന്ന് 3,750 കോടി രൂപ സമാഹരിക്കാന്‍ ഷപൂര്‍ജി പല്ലോന്‍ജി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ബോംബെ ഹൗസ് ഇതിനെ എതിര്‍ത്തിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ഗ്രൂപ്പ് നിര്‍ബന്ധിതരായിരുന്നു.
എസ്പി ഗ്രൂപ്പിന്റെ വിഭാഗമായ ഇവാഞ്ചലോസ് വെഞ്ച്വേഴ്സ് ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള കടം കുറയ്ക്കുന്നതിനായി സ്വകാര്യ ഇക്വിറ്റി ഫണ്ടുകളായ ആരെസ് ക്യാപിറ്റല്‍, ഫാരലോണ്‍ ക്യാപിറ്റല്‍ എന്നിവയുടെ അനുബന്ധ കമ്പനികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 9,530 കോടി രൂപ കടമെടുത്തിരുന്നു.
റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഏറ്റവും പഴയ എഞ്ചിനീയറിംഗ്, നിര്‍മ്മാണ കമ്പനികളിലൊന്നാണ് മിസ്ട്രി ഗ്രൂപ്പ്. അഫ്കോണ്‍സിന് കീഴിലുള്ള നിര്‍മ്മാണ ബിസിനസ് വിഭാഗം മാര്‍ച്ച് അവസാനം വരെ 30,000 കോടി രൂപയിലധികം ഓര്‍ഡര്‍ നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടിയിലും, കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് ഫ്രാഞ്ചൈസി ഈ സാമ്പത്തിക വര്‍ഷത്തില്‍ 4,000 കോടി രൂപയുടെ വില്‍പ്പന നേടിയിട്ടുണ്ട്.