image

17 March 2022 12:32 AM GMT

Automobile

ഇവി സെഗ്‌മെന്റിൽ 15,000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ മോട്ടോഴ്‌സ്; കേരളത്തിലും മുന്നേറ്റം

Aswathi Kunnoth

ഇവി സെഗ്‌മെന്റിൽ 15,000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ മോട്ടോഴ്‌സ്; കേരളത്തിലും മുന്നേറ്റം
X

Summary

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹന (ഇവി) വിപണിയിൽ 15,000 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ പോലെയുള്ള കാറുകളുമായി ഇവി സെഗ്‌മെന്റിൽ മുൻനിരയിലുള്ള കമ്പനി, വിപണിയിൽ പത്തോളം പുതിയ മോഡലുകൾ കൂടി വികസിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിലെ ഇലക്ട്രിക്ക് വാഹന വിപണി കോവി‍ഡിനു ശേഷം നേട്ടത്തിലാണ്. നാൾക്കു നാൾ ഉയരുന്ന പെട്രോൾ വിലയും, ചാർജ്ജിങ്ങ് സ്റ്റേഷനുകൾ വ്യാപകമാക്കാനുള്ള തീരുമാനങ്ങളുമൊക്കെ മലയാളികളെ മാറി ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉത്തമോദാഹരണമാണ് ടാറ്റയുടെ ഇലക്ട്രിക്ക് […]


അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹന (ഇവി) വിപണിയിൽ 15,000 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ പോലെയുള്ള കാറുകളുമായി ഇവി സെഗ്‌മെന്റിൽ മുൻനിരയിലുള്ള കമ്പനി, വിപണിയിൽ പത്തോളം പുതിയ മോഡലുകൾ കൂടി വികസിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ ഇലക്ട്രിക്ക് വാഹന വിപണി കോവി‍ഡിനു ശേഷം നേട്ടത്തിലാണ്. നാൾക്കു നാൾ ഉയരുന്ന പെട്രോൾ വിലയും, ചാർജ്ജിങ്ങ് സ്റ്റേഷനുകൾ വ്യാപകമാക്കാനുള്ള തീരുമാനങ്ങളുമൊക്കെ മലയാളികളെ മാറി ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉത്തമോദാഹരണമാണ് ടാറ്റയുടെ ഇലക്ട്രിക്ക് കാറുകളിലെ വിൽപ്പനയിലുണ്ടായ വർദ്ധനവ്. 2021നെ അപേക്ഷിച്ച് കേരളത്തിൽ വിൽപ്പനയിലുണ്ടായ വളർച്ച ഇരട്ടിയാണ്. ഈ വർഷം കഴിയുമ്പോഴേക്ക് വർദ്ധനവ് 200% കൈവരിക്കുമെന്ന് കേരളത്തിലെ ടാറ്റ മോട്ടോഴ്സിന്റെ പ്രമുഖ ‍ഡീലറായ ആയ ശ്രീ ​ഗോകുലം മോട്ടോഴ്സ് സിഇഒ അരുൺ കുമാർ മെൈഫിൻ പോയിന്റിനോട് പറഞ്ഞു.
ഇവിയിൽ ടാറ്റയുടെ ഏറ്റവും ലീഡിങ് മോ‍ഡലായ നെക്സോണിന് കേരളത്തിൽ ബുക്ക് ചെയ്ത് 3-4 മാസമാണ് വണ്ടിക്കായി കാത്തിരിക്കേണ്ടത്. ഇൻപുട്ട് ചെലവുകളിലെ ഗണ്യമായ വർധനവ് കാരണം നെക്സോണിന്റെ മോഡൽ നിരയിലാകെ ടാറ്റ മോട്ടോർസ് വില വർധനവ് പ്രഖ്യാപിച്ചിരുന്നു. ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ എത്തുന്ന XM, XZ Plus, XZ Plus Lux, XZ Plus Dark, XZ Plus Lux Dark എന്നിങ്ങനെ എല്ലാ വേരിയന്റുകളിലും 25,000 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 14.54 ലക്ഷം രൂപ മുതൽ 17.15 ലക്ഷം രൂപ വരെയാണ് ഇവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
കാറിന്റെ ഡിസൈനിലും പ്രകടനത്തിലും ഉപഭോക്താക്കൾ തൃപ്തരാണെന്ന് അരുൺകുമാർ പറഞ്ഞു. വണ്ടി വാങ്ങുന്നവർക്ക് വീട്ടിൽ നിന്ന് ചാർജ്ജ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഫ്രീ ചാർജ്ജറും, കാർ ഷെഡ്ഡിൽ ചാർജ്ജിങ് പോയിന്റും ടാറ്റ പവേഴ്സിന്റെ കീഴിൽ സൗകര്യമൊരുക്കുന്നു. ഫുൾ ചാർജ്ജിങ്ങിൽ 250 കിലോമീറ്റർ ഓടാം. കേരളത്തിൽ എല്ലാ ​ജില്ലകളിലും ടാറ്റയുടെ മൊബൈൽ അപ്ലിക്കേഷൻ ഉപയോ​ഗിച്ച് ചാർജ്ജിങ് പോയിന്റുകൾ കണ്ടെത്താം. ഒപ്പം കെഎസ്ഇബി വഴിയുള്ള പ്രീപെയ്ഡ് സൗകര്യവും പ്രയോജനപ്പെടുത്താം.
സാധാരണ കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മെയിന്റൻസ് ചെലവ്, സീറോ നോയ്സ്, കുറഞ്ഞ റണ്ണിങ് കോസ്റ്റ് ഇതൊക്കെയാണ് ജനങ്ങൾക്ക് പ്രിയപ്പെട്ടതായി മാറുന്നത്. ​ഗിയർ ഇല്ലെന്നുള്ളത് കൊണ്ടു തന്നെ സ്ത്രീകൾക്കും പ്രിയപ്പെട്ട മോ‍ഡലാണിത്. വിശാലമായ കാബിൻ സ്പെയ്സും, സ്റ്റോറേജ് സ്പെയ്സും കാറിനെ കൂടുതൽ ആകർഷകമാക്കുന്നു.
കോവി‍ഡ് പോലെ മറ്റു പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ ഇലക്ട്രിക്ക് കാർ വിപണിയിലെ 30% ടാറ്റ മോട്ടോഴ്സ് മൂന്ന് വർഷം കൊണ്ട് സ്വന്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലേയും, കേരളത്തിലേയും ഇവിയിലെ 90% വിപണനവും ടാറ്റയുടേതാണ്. എന്നാലും, MG യും ഹ്യുണ്ടായിയും സജീവമായി ഇലക്ട്രിക്ക് വിപണിയിലേക്കെത്തെയിട്ടുണ്ട്. വില നിർണ്ണയിക്കുന്നത് പോളിസി തീരുമാനത്തിന്റേയും, ഉത്പാദനത്തിന്റെയും ഭാ​ഗമായിട്ടാണെങ്കിലും ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് 10 ലക്ഷത്തിന് താഴെ, സാധാരണക്കാരേയും ഉൾപ്പെടുത്തുന്ന ഒരു മോഡൽ എത്തിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.