image

4 March 2022 12:06 AM GMT

Banking

സ്വയം തൊഴിൽ ചെയ്യുന്നവരാണോ? നിങ്ങൾക്കും കിട്ടും ഭവനവായ്പ

MyFin Desk

സ്വയം തൊഴിൽ ചെയ്യുന്നവരാണോ? നിങ്ങൾക്കും കിട്ടും ഭവനവായ്പ
X

Summary

  വീടെന്ന സ്വപ്‌നം പൂവണിയണമെങ്കില്‍ ഭൂരിഭാഗം ആളുകള്‍ക്കും വായ്പയെ ആശ്രയിച്ചേ പറ്റൂ. സ്ഥിര വരുമാനമുള്ളവരാണെങ്കില്‍ കൂടി വായ്പ എടുത്താണ് വീടുപണി പൂര്‍ത്തിയാക്കുക. തിരിച്ചടവിനുള്ള മാര്‍ഗം അവര്‍ക്കുള്ളതുകൊണ്ട് വായ്പ ലഭിക്കുന്നതിന് തടസ്സമൊന്നും ഉണ്ടാകാറില്ല. എന്നാല്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതല്ല സ്ഥിതി. തുടര്‍ച്ചയായ വരുമാനം ഇല്ല എന്ന കാരണത്താല്‍ ഒട്ടേറെ നൂലമാലകള്‍ കടന്നു പോയാല്‍ മാത്രമേ ഇക്കൂട്ടര്‍ക്ക് വായ്പ ലഭിക്കൂ. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ മുതല്‍ സ്വയം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍, വക്കീല്‍, ചാര്‍ട്ടേഡ് […]


വീടെന്ന സ്വപ്‌നം പൂവണിയണമെങ്കില്‍ ഭൂരിഭാഗം ആളുകള്‍ക്കും വായ്പയെ ആശ്രയിച്ചേ പറ്റൂ. സ്ഥിര വരുമാനമുള്ളവരാണെങ്കില്‍ കൂടി വായ്പ എടുത്താണ് വീടുപണി പൂര്‍ത്തിയാക്കുക. തിരിച്ചടവിനുള്ള മാര്‍ഗം അവര്‍ക്കുള്ളതുകൊണ്ട് വായ്പ ലഭിക്കുന്നതിന് തടസ്സമൊന്നും ഉണ്ടാകാറില്ല. എന്നാല്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതല്ല സ്ഥിതി. തുടര്‍ച്ചയായ വരുമാനം ഇല്ല എന്ന കാരണത്താല്‍ ഒട്ടേറെ നൂലമാലകള്‍ കടന്നു പോയാല്‍ മാത്രമേ ഇക്കൂട്ടര്‍ക്ക് വായ്പ ലഭിക്കൂ. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ മുതല്‍ സ്വയം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍, വക്കീല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ എന്നിവര്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ വരുമാനം, ആദായ നികുതി റിട്ടേണ്‍ (ഉണ്ടെങ്കില്‍), ആകെയുള്ള ആസ്തി, രണ്ടു വര്‍ഷത്തില്‍ കുറയാത്ത പഴക്കമുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയുടെ കോപ്പി തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. മാത്രമല്ല സ്ഥിര വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരെടുക്കുന്ന വായ്പയ്ക്ക് മേല്‍ ചില ബാങ്കുകള്‍ അധിക പലിശ ഈടാക്കിയെന്നും വരാം. ഇത്തരത്തിലുള്ള നൂലാമാലകളില്ലാതെ വായ്പ ലഭിക്കുവാന്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇവയോര്‍ത്താല്‍ സംഗതി എളുപ്പം
1. നിങ്ങള്‍ക്ക് താങ്ങാനാവുന്ന വിധം ഡൗണ്‍ പേയ്‌മെന്റ് തുക വര്‍ധിപ്പിക്കുക. അങ്ങനെയെങ്കില്‍ വായ്പ തരുന്ന ബാങ്കിന് നിങ്ങളുടെ മേലുള്ള വിശ്വാസം വര്‍ധിക്കും.
2. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിലയിലാണെങ്കില്‍ വിശ്വാസ്യത കൂടുമെന്നോര്‍ക്കുക.
3. ബാങ്ക് അക്കൗണ്ടില്‍ ഒരുവിധം ബാലന്‍സ് ഉണ്ടെന്ന് കാണിക്കാന്‍ സാധിച്ചാല്‍ തന്നെ വായ്പ ലഭിക്കുന്നതില്‍ തടസ്സം ഉണ്ടാകില്ല.
4. നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുന്ന വിധം വരുമാനമുണ്ടെന്ന് രേഖാപൂര്‍വ്വം വ്യക്തമാക്കുന്നതും ഗുണം ചെയ്യും.
5. നിങ്ങള്‍ക്ക് വേണ്ടി ഒരാള്‍ ജാമ്യം നില്‍ക്കാനുണ്ടെങ്കില്‍ അതും വിശ്വാസ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. അത് നിങ്ങളുടെ കുടുംബാംഗമോ, സുഹൃത്തോ തന്നെ ആകണം എന്നില്ല. നിങ്ങള്‍ക്ക് ഒരു തൊഴില്‍ദാതാവുണ്ടെങ്കില്‍ അദ്ദേഹത്തിനും ജാമ്യം നില്‍ക്കാം.
6. നിങ്ങള്‍ക്കുള്ള കടങ്ങളുടെ അളവ് കുറയ്ക്കുക. ഇത്തരത്തില്‍ ബാധ്യത ഏറെയുണ്ടെങ്കില്‍ അത് വായ്പാ ലഭ്യതയെ ബാധിക്കും.
7. ഉയര്‍ന്ന തിരിച്ചടവ് കാലാവധി നിങ്ങളുടെ പ്രതിമാസ ബാധ്യത കുറയ്ക്കും.
8. ഇഎംഐ അടവുമായി ബന്ധപ്പെട്ട് അധിക തുക (അഡീഷണല്‍ ചാര്‍ജ്ജ്) നല്‍കേണ്ടി വരുമോ എന്ന് കൃത്യമായി പഠിക്കുക.