image

15 Feb 2022 5:23 AM GMT

മലയാളികളുടെ ഫിനാൻസ് ​ഗൈഡായി ഇനി മൈഫിൻ പോയിന്റ് 

Myfin Editor

മലയാളികളുടെ ഫിനാൻസ് ​ഗൈഡായി ഇനി മൈഫിൻ പോയിന്റ് 
X

Summary

മലയാളികളുടെ സാമ്പത്തിക ഇടപാടുകൾക്ക് അറിവ് പകരുകയെന്ന ലക്ഷ്യവുമായി മൈഫിൻ ​പോയിന്റ് ഫെബ്രുവരി 14ന് പ്രേക്ഷകരിലേക്കെത്തി. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീഡിയ ഫോർ ഫിനാൻസ് ആൻഡ് ബിസിനസായ മൈഫിൻ പോയിന്റിന്റെ ഉദ്ഘാടനം സംസ്ഥാന ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിർവഹിച്ചു. കൊവി‍ഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. വെബ് പോർട്ടലിനു പുറമെ ടെലിവിഷനും റേഡിയോയും മൈഫിന്റെ ഭാ​ഗമാണ്. ദിവസേനയുള്ള വിപണി-വ്യാപാരമുൾപ്പെടെ അറിയേണ്ടതെല്ലാം കൃത്യമായി റേ‍ഡിയോയിലൂടെ പോഡ്കാസ്റ്റ് ചെയ്യപ്പെടും. ഇല്ലാത്ത […]


മലയാളികളുടെ സാമ്പത്തിക ഇടപാടുകൾക്ക് അറിവ് പകരുകയെന്ന ലക്ഷ്യവുമായി മൈഫിൻ ​പോയിന്റ് ഫെബ്രുവരി 14ന് പ്രേക്ഷകരിലേക്കെത്തി. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീഡിയ ഫോർ ഫിനാൻസ് ആൻഡ് ബിസിനസായ മൈഫിൻ പോയിന്റിന്റെ ഉദ്ഘാടനം സംസ്ഥാന ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിർവഹിച്ചു.
കൊവി‍ഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. വെബ് പോർട്ടലിനു പുറമെ ടെലിവിഷനും റേഡിയോയും മൈഫിന്റെ ഭാ​ഗമാണ്. ദിവസേനയുള്ള വിപണി-വ്യാപാരമുൾപ്പെടെ അറിയേണ്ടതെല്ലാം കൃത്യമായി റേ‍ഡിയോയിലൂടെ പോഡ്കാസ്റ്റ് ചെയ്യപ്പെടും.
ഇല്ലാത്ത വാർത്തകൾ പെരുപ്പിച്ച് കാണിക്കുന്നതിനു പകരം കൃത്യമായ വാർത്തകളുടെ ഒരു സ്രോതസ്സായി മൈഫിൻ മാറട്ടെയെന്നും കേരളീയ സമൂഹത്തിന് സാമ്പത്തിക രം​ഗത്ത് ഉൾക്കാഴ്ച്ചയുണ്ടാക്കാൻ മൈഫിൻ പോയിന്റിന് സാധിക്കട്ടെയെന്നും മന്ത്രി കെ എൻ ബാല​ഗോപാൽ മൈഫിൻ പോയിന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മൈഫിന്റെ രക്ഷാധികാരിയും എൽ ഐ സിയുടെ മുൻ എം ഡിയുമായ സുശീൽ കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
"സാമ്പത്തിക മേഖലകളിൽ എന്തു സംഭവിക്കുന്നു എന്നത് സാധാരണക്കാർ അറിയേണ്ട കാലഘട്ടമാണിത്. എന്നാൽ ചുറ്റുപാടുമുള്ള സാമ്പത്തിക കാര്യങ്ങളിൽ അറിവു നേടാൻ ഇവർക്കു സാധിക്കുന്നില്ല. ഇതിനൊരു പരിഹാകമാകട്ടെ മൈഫിൻ പോയിന്റ്" എന്ന് മൈഫിൻ റേഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രതിപക്ഷ നേതാവായ വി ‍ഡി സതീശൻ അഭിപ്രായപ്പെട്ടു.
ബിസിനസ് വാർത്തകളും ചർച്ചകളും തത്സമയം പ്രേക്ഷകരിലേക്കെത്തിക്കുന്ന മൈഫിൻ ടിവി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്.
മുൻ ധനകാര്യമന്ത്രിയും സാമ്പത്തിക വിദ​ഗ്ധനുമായ തോമസ് ഐസക്കായിരുന്നു മുഖ്യ പ്രഭാഷകൻ. " പുതിയ ലോകം ഡിജിറ്റൽ മാധ്യമങ്ങളുടെ ലോകമാണ്. പരമ്പരാ​ഗത മാധ്യമങ്ങളെല്ലാം തന്നെ കുത്തക സ്വഭാവം കൈവരിച്ചിട്ടുണ്ട്. എന്നാൽ ബഹുസ്വരത ഉറപ്പാക്കാൻ ഡിജിറ്റൽ മീഡിയയുടെ ഇടപടൽ താരതമ്യേന കൂടുതലാണ് ". അദ്ദേഹം പറഞ്ഞു.
മൈഫിൻ പോയിന്റ് ഡയറക്ടർ ഷീബ ഷിബു, കേരള പ്ലാനിങ് ബോർഡ് അം​ഗം കെ. രവിരാമൻ, ഐ ടി വിദ​ഗ്ധനും ടെക്നോപാർക്ക് മുൻ സി ഇ ഒയുമായ വിജയ രാഘവൻ എന്നിവർ ഉ‍‍ദ്ഘാടന വേളയിൽ മൈഫിൻ പോയിന്റിന് ആശംസകൾ നേർന്നു.
മൈഫിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സാജൻ ജോസഫ് സ്വാ​ഗതം പറഞ്ഞു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. മൈഫിൻ പോയിന്റിന്റെ പ്രവർത്തനത്തെ കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ചീഫ് ഓപ്പറേറ്റിംങ് ഓഫീസറായ എൻ ഇ ഹരികുമാർ സംസാരിച്ചു. മൈഫിന്റെ ചീഫ് എഡിറ്റർ മോഹൻ കാക്കനാടൻ ചടങ്ങിന് നന്ദിയറിയിച്ചു.
മലയാളത്തിൽ ആദ്യമായാണ് ഒരേസമയം ഒന്നിലധികം പ്ലാറ്റ്ഫോമുകളെ സംയോജിപ്പിച്ച് ഒരു ഇന്റെ​ഗ്രേറ്റ‍ഡ് മീഡിയ പ്രേക്ഷകരിലേക്കെത്തുന്നത്.