24 Oct 2022 11:59 PM GMT
Summary
ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്നു ചുമതലയേല്‍ക്കും. രാവിലെ ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സ്ഥാനമേല്‍ക്കുക. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനത്തിനുശേഷം അദ്ദേഹം പറഞ്ഞു. യുകെ മഹത്തായ രാജ്യമാണെന്നും താന്‍ സ്നേഹിക്കുന്ന പാര്‍ട്ടിയേയും രാജ്യത്തേയും സേവിക്കാന്‍ അവസരം കിട്ടുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ കൈ പിടിച്ചുയര്‍ത്തുക എന്നുള്ളതാവും […]
ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്നു ചുമതലയേല്‍ക്കും. രാവിലെ ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സ്ഥാനമേല്‍ക്കുക. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനത്തിനുശേഷം അദ്ദേഹം പറഞ്ഞു. യുകെ മഹത്തായ രാജ്യമാണെന്നും താന്‍ സ്നേഹിക്കുന്ന പാര്‍ട്ടിയേയും രാജ്യത്തേയും സേവിക്കാന്‍ അവസരം കിട്ടുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ കൈ പിടിച്ചുയര്‍ത്തുക എന്നുള്ളതാവും സുനകിന്റെ പ്രഥമ ദൗത്യം. രാജ്യം നാല് പതിറ്റാണ്ട് മുമ്പുള്ള വിലക്കയറ്റ നിലവാരത്തിലാണ്. ഇതിന് പരിഹാരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലകുറി പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നുവെങ്കിലും പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സമ്പദ് വ്യവസ്ഥ ആടിയുലയുന്നു. ഇതും പരിഹരിക്കേണ്ടതുണ്ട്. ഇതിനെല്ലാം ഉപരിയാണ് രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത. ഇത്തരം വിഷയങ്ങളെല്ലാം മെയ് വഴക്കത്തോടെ സുനകിന് പരിഹരിക്കേണ്ടി വരും. ഒരു വട്ടം ധനമന്ത്രിയായിരുന്ന പരിചയം അദേഹത്തിന് ഇക്കാര്യത്തിൽ മുതൽക്കൂട്ടാകുമെന്ന് കരുതാം.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വേളയില്‍ സുനക് വ്യക്തമാക്കിയിരുന്നു.മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു ശേഷം പുതിയ പ്രധാനമന്ത്രിക്കായി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സെപ്റ്റംബര്‍ 5 ന് നടന്ന വോട്ടെടുപ്പ് നടത്തിയിരുന്നു. അന്ന് ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ചുമതലയേറ്റു. പിന്നീട് 45 ാം ദിവസം ലിസ് ട്രസ് രാജിവച്ചതോടെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് സ്ഥാനാര്‍ഥിത്വത്തിന് ഋഷി സുനക്കിന് വീണ്ടും എത്തിയത്.
147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പിന്നാലെ ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെനി മോര്‍ഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിപദം ഉറപ്പിച്ചത്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് ഋഷി സുനക്.