3 Oct 2022 5:31 AM GMT
അറ്റ്‌ലസിന്റെ രണ്ടാം ജന്മം മുഴുമിപ്പിക്കാനാവാതെ 'വിശ്വസ്ത' വ്യവസായി രംഗമൊഴിഞ്ഞു
wilson Varghese
Summary
പ്രമുഖ വ്യവസായിയും അറ്റലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം. എം രാമചന്ദ്രന്‍ (അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രമുഖ വ്യവസായിയും അറ്റലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം. എം രാമചന്ദ്രന്‍ (അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയായ രാമചന്ദ്രന്റെ ജനനം 1942 ജൂലൈ 31 നായിരുന്നു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ രാമചന്ദ്രന്‍ ഡല്‍ഹിയിലെ കനറ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതോടൊപ്പം ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കനറ ബാങ്കില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് രാമചന്ദ്രന്റെ തൊഴിലിടം ഇതിനിടെ മാറി. 1947 ലാണ് രാമചന്ദ്രനെ തേടി കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായുള്ള ചുമതലയെത്തുന്നത്. ന്യൂയോര്‍ക്കായിരുന്നു പ്രവര്‍ത്തന കേന്ദ്രം.
ബാങ്കിംഗ് രംഗത്തു നിന്നും രാമചന്ദ്രന്‍ പിന്നീട് ജ്വല്ലറി, ഹെല്‍ത്ത്കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണം എന്നീ മേഖലകളിലെല്ലാം നിക്ഷേപം നടത്തി ബിസിനസിനെ വളര്‍ത്തി. 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന രാമചന്ദ്രന്റെ ഒറ്റ വാചകത്തിലൂടെ അറ്റ്ലസ് ജ്വല്ലറിയുടെ പെരുമ വളര്‍ന്നു. കുവൈറ്റിലെ സൂക്ക് അല്‍ വാത്യായില്‍ 1981 ആദ്യം ആരംഭിച്ച ഷോറൂമില്‍ നിന്നും പിന്നീട് അത് 12 ആയി വളര്‍ന്നു. അതിനൊപ്പം സൗദി അറേബ്യയിലും, കേരളത്തിലും അറ്റ്ലസ് ജ്വല്ലറിയുടെ ഷോറൂമുകളെത്തി. കുവൈറ്റിലെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡാണ് രാമചന്ദ്രനെ ജ്വല്ലറി ബിസിനസിലേക്ക് നയിച്ചത്. 1990 ലെ ഗള്‍ഫ് യുദ്ധം തിരിച്ചടിയായി. അതോടെ അദ്ദേഹം യുഎഇയെ ജ്വല്ലറി ബിസിനസിനുള്ള ഇടമായി കണ്ടെത്തി.
മൂന്ന് മില്യന്‍ ദിര്‍ഹമായിരുന്നു അദ്ദേഹത്തിന്റെ വ്യവസായ രംഗത്തെ വിറ്റുവരവ്. എന്നാല്‍, ആയിരം കോടി രൂപയോളം വരുന്ന ബാങ്ക് വായ്പകള്‍ തിരിച്ചടയക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിനെയും, പോലീസിനെയും സമീപിക്കുകയും അത് രാമചന്ദ്രന്റെ അറസ്റ്റിലേക്ക് വരെ നീങ്ങുകയും ചെയ്തു. സ്വത്തുക്കള്‍ വിറ്റഴിച്ച് കടം വീട്ടാമെന്ന് കോടതിയെ അറിയിച്ചെങ്കിലും അതില്‍ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നതോടെ അദ്ദേഹം ജയിലിലുമായി. 2015 ല്‍ തടവിലായ അദ്ദേഹം 2018 ലാണ് ജയില്‍ മോചിതനാകുന്നത്. സ്വര്‍ണമായും, വജ്രമായും കയ്യിലുണ്ടായിരുന്ന സ്വത്തുക്കള്‍ വിറ്റ് കടം വീട്ടി.
വ്യവസായി എന്നതിനൊപ്പം പ്രവാസികള്‍ക്കിടയിലെ മികച്ച സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. അതോടൊപ്പം സിനിമയെയും അഭിനയത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. വൈശാലി എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. പിന്നീട് വാസ്തുഹാര, സുകൃതം, ധനം എന്നിവയും നിര്‍മിച്ചു. അറബിക്കഥ, ആനന്ദഭൈരവി, മലബാര്‍വെഡ്ഡിംഗ്, ടു ഹരിഹര്‍നഗര്‍, തത്വമസി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ജയില്‍ മോചിതനായ അറ്റ്ലസ് രാമചന്ദ്രന്റെ സ്വപനം ചെറിയ തോതിലെങ്കിലും അറ്റ്ലസ് ജ്വല്ലറി പുനരാരംഭിക്കണമെന്നായിരുന്നു. കൂടാതെ, തന്റെ ജീവിതം ഒരു സിനിമയാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.