image

20 Sep 2022 9:00 PM GMT

Economy

ഡോളർ വിനിമയം കുറക്കാൻ രൂപ-റിയാല്‍ അധിഷ്ഠിത വ്യാപാരം

MyFin Desk

ഡോളർ വിനിമയം കുറക്കാൻ രൂപ-റിയാല്‍ അധിഷ്ഠിത വ്യാപാരം
X

Summary

ഡെല്‍ഹി: ഡോളറിന്റെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ മിക്ക രാജ്യങ്ങളുടേയും വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന അവസരത്തിൽ രൂപയിലും റിയാലിലും വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചയുമായി ഇന്ത്യയും സൗദിയും. മാത്രമല്ല സൗദി അറേബ്യയില്‍ റുപേ കാര്‍ഡ്, യുപിഐ എന്നിവ അവതരിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റിയാദില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയിലുയര്‍ന്ന പ്രധാന വിഷയങ്ങളെ […]


ഡെല്‍ഹി: ഡോളറിന്റെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ മിക്ക രാജ്യങ്ങളുടേയും വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന അവസരത്തിൽ രൂപയിലും റിയാലിലും വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചയുമായി ഇന്ത്യയും സൗദിയും.

മാത്രമല്ല സൗദി അറേബ്യയില്‍ റുപേ കാര്‍ഡ്, യുപിഐ എന്നിവ അവതരിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റിയാദില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയിലുയര്‍ന്ന പ്രധാന വിഷയങ്ങളെ പറ്റി മന്ത്രി വ്യക്തമാക്കിയത്. പിയൂഷ് ഗോയലും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍-സൗദ് രാജകുമാരനും ചേര്‍ന്ന് കൗണ്‍സിലിന്റെ സാമ്പത്തിക, നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

'വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും വൈവിധ്യവല്‍ക്കരണവും വിപുലീകരണവും, വ്യാപാര തടസ്സങ്ങള്‍ നീക്കല്‍, സൗദി അറേബ്യയില്‍ ഇന്ത്യന്‍ ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ ഓട്ടോമാറ്റിക് രജിസ്‌ട്രേഷനും വിപണന അംഗീകാരവും, റുപേ-റിയാല്‍ വ്യാപാരം സ്ഥാപനവല്‍ക്കരിക്കാനുള്ള സാധ്യത, സൗദി അറേബ്യയില്‍ യുപിഐ, റുപേ കാര്‍ഡുകള്‍ അവതരിപ്പിക്കല്‍ എന്നിവയായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍,' മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാന സംവേദനക്ഷമതയുള്ള ഊര്‍ജ സുരക്ഷ എങ്ങനെ സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും നല്‍കുമെന്ന് ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകള്‍ക്ക് കീഴിലുള്ള സാങ്കേതിക സംഘങ്ങള്‍ കണ്ടെത്തിയ 41 മേഖലകള്‍കളിലെ സഹകരണത്തിനും യോഗം അംഗീകാരം നല്‍കി.

മുന്‍ഗണനയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനും വെസ്റ്റ് കോസ്റ്റ് റിഫൈനറി, എല്‍എന്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം, ഇന്ത്യയിലെ തന്ത്രപ്രധാനമായ പെട്രോളിയം സംഭരണ കേന്ദ്രങ്ങളുടെ വികസനം എന്നിവയുള്‍പ്പെടെയുള്ള സംയുക്ത പദ്ധതികളില്‍ തുടര്‍ച്ചയായ സഹകരണം പുനഃസ്ഥാപിക്കാനും ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളുടെയും എക്സിം ബാങ്കുകളുടെ സ്ഥാപനപരമായ ബന്ധം, മറ്റ് രാജ്യങ്ങളിലെ സംയുക്ത പദ്ധതികള്‍, മാനദണ്ഡങ്ങളുടെ പരസ്പര അംഗീകാരം, അടിസ്ഥാന സൗകര്യ വികസനത്തിലെ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളിലും പ്രത്യേക യോഗത്തില്‍ ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു.