1 Sep 2022 3:20 AM GMT
Summary
ഡെല്‍ഹി: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 0.05 ശതമാനം വര്‍ധന വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്.
ഡെല്‍ഹി: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 0.05 ശതമാനം വര്‍ധന വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്. പുതുക്കിയ നിരക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. ഇതോടെ ഒരു വര്‍ഷം കാലാവധിയുള്ള വായ്പകള്‍ക്ക് 7.65 ശതമാനമായിരുന്ന പലിശ നിരക്ക് 7.70 ശതമാനമായി ഉയരും. മൂന്നു വര്‍ഷം കാലാവധിയുള്ള വായ്പകള്‍ക്ക് 8 ശതമാനം പലിശയാകും ഈടാക്കുക. നേരത്തെ ഇത് 7.95 ശതമാനമായിരുന്നു. മൂന്നു മാസകാലാവധിയുള്ള വായ്പകള്‍ക്ക് 7.20 ശതമാനവും ആറ് മാസം കാലാവധിയുള്ള വായ്പകള്‍ക്ക് 7.40 ശതമാനവുമായിരിക്കും പലിശ.
ഇക്കഴിഞ്ഞ മെയ് മുതല്‍ മൂന്ന് തവണയായി ആര്‍ബിഐ റിപ്പോ നിരക്ക് 1.40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. മേയില്‍ നിരക്ക് 0.4 ശതമാനമാണ് വര്‍ധിപ്പിച്ചത്. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ ഓഗസ്റ്റിലും റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന വരുത്തിയിരുന്നു. ഓഗസ്റ്റില്‍ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. അതായത് കൊവിഡിന് മുമ്പുള്ള അതേ നിലയിലേക്ക് റിപ്പോ നിരക്ക് എത്തി.
വായ്പാ നിരക്കില്‍ മാറ്റം വരുത്തി ഐസിഐസിഐയും
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. വായ്പാ നിരക്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ വായ്പാ നിരക്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധന വരുത്തിയിരുന്നു. ഐസിഐസിഐ ബാങ്കിന്റെ വിവിധ കാലാവധിയിലുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പയിലുണ്ടായ മാറ്റം: ഒരു മാസം-7.75 ശതമാനം (നേരത്തെ 7.65 ശതമാനം), ഒരു വര്‍ഷം- 8 ശതമാനം (നേരത്തെ 7.90 ശതമാനം).